ശ്രീരാമന് തുടര്‍ന്നു. യുദ്ധത്തില്‍ സഹായിച്ചു എന്നതിന് ഒരിക്കലും രാജമഹിഷിയ്ക്ക് വരദാനം നല്‍കുവാന്‍ മഹാരാജാവിന് അധികാരമില്ല. പതിയുടെ പ്രാണന്‍ രക്ഷിച്ചതിന് പത്നിയ്ക്കും വരം നല്‍കേണ്ടതില്ല. കാരണം രണ്ടും കര്‍ത്തവ്യമാകുന്നു. കര്‍ത്തവ്യനിര്‍വ്വഹണത്തിന് വരദാനം നല്‍കുവാന്‍ പാടില്ല. യഥാര്‍ത്ഥ ശ്രീരാമ പൂര്‍വ്വാവതാര ചരിതം കല്‍കി വെളിപ്പെടുത്തുന്നു.
ആദ്യമായി 2000ല്‍ കല്‍കി ഭഗവാന്‍ യുഗധര്‍മ്മ മാസികയിലും [R.N.E6 – 37523/98. (ഇപ്പോള്‍ പ്രസിദ്ധീകരിയ്ക്കുന്നില്ല)], 2008ല്‍ പുസ്തകമായും പ്രസിദ്ധീകരിച്ചു.
~~~~~~~~
Yadhartha Sree Rama Charitham: Pradhama Ghatta Supradhana Rangam (Malayalam)
(Real History of Sree Rama: Most Important Scene from First Part)
Author: Kalki
Publisher: Kalki
Address:
Kalkipuri, Edavannappara, Malappuram Dt. – 673645, Kerala, India. Ph: 0483 2724372. Whatsapp: 7907456154. Website: shop.kalkipuri.com
Copyright © Kalki.
(All rights reserved, including the right of reproduction in whole or in part in any form.)
DTP & Design: Kalkipuri
Digital First Edition: 05 Sep 2021
Digital Edition ISBN: 9789355263568
ISBN Format: Digital Download and Online
Price: Free
Paperback 1st Edition: 18 Nov 2008.
Paperback 1st Edition Printed at: S.T.Reddiar & Sons, Ernakulam.
~~~~~~~~
സപ്തമാവതാര ശ്രീരാമന്‍ ക്ഷേമരാഷ്ട്രം നടപ്പാക്കിയത് സംബന്ധിച്ച പ്രധാനപ്പെട്ട ഭരണപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം അപ്ഡേറ്റ് ചെയ്യുന്ന വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. – Kalki
Contents
ചരിത്രപരമായ തെളിവുകള്‍
കല്‍കി ശ്രീരാമനായി അവതരിച്ച് ക്ഷേമരാഷ്ട്രം നടപ്പാക്കിയിരുന്നു – സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ (അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം)
അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കിയുടെ മഹാശിവ നാഡി സൂക്ഷാല്‍ സൂക്ഷ്മ കാണ്ഡത്തില്‍ നിന്നും (ദേവരഹസ്യ കാണ്ഡം). ശിവദേവ – പാര്‍വതിദേവി ദിവ്യ സംഭാഷണം.
ആദി തമിഴ് ശ്ലോകങ്ങള്‍, മലയാള അര്‍ത്ഥം, പദാനുപദ വിവര്‍ത്തനം, വിവരണം
ഗണ്യമായ് അതന്‍മുന്നൈ മനിതനായ് (1):10:3.
കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി (1):10:4.
വേണ്ടിതാന്‍ ശ്രീരാമന്‍ അവതാരംകൊണ്ട് (1):11:1.
വെഹുംസിറപ്പായ് അരക്കര്‍കളൈ മായ്ത്തവന്‍നീ (1):11:2.
കാണപ്പിന്‍ തായ്തന്തൈ തുണൈകള്‍ക്കും (1):11:3.
ഗണ്യമായ് ഒട്രുമയായ് കടമൈമാറാ (1):11:4.
മാറാമല്‍ അവര്‍കളുടന്‍ അന്‍മ്പായ്‌നിന്‍ട്രായ് (1):12:1.
മക്കളെല്ലാം പുരുന്തിട്ടാര്‍ അമൈതിയോട് (1):12:2.
ഗണ്യമായ്=ആത്മാര്‍ത്ഥതയോടെ നീതിപൂര്‍വ്വവും ക്രമപ്രകാരവും, അതന്‍മുന്നൈ=അതിനുമുമ്പ്, മനിതനായ്=മനുഷ്യനായി, കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി=കടമകള്‍ സ്ഥിരമായി എങ്ങനെ ചെയ്യണമെന്ന്, വേണ്ടിതാന്‍=അറിയിക്കുന്നതിനുവേണ്ടി, ശ്രീരാമന്‍=ശ്രീരാമനായി, അവതാരംകൊണ്ട്=അവതരിച്ചു, വെഹുംസിറപ്പായ്=പ്രത്യേകമായി, അരക്കര്‍കളൈ=ദുഷ്ടശക്തികളെ, മായ്ത്തവന്‍നീ=നിഗ്രഹിച്ചവന്‍ നീ, കാണപ്പിന്‍=അതോടൊപ്പം, തായ്തന്തൈ= മാതാപിതാക്കള്‍ക്കും,തുണൈകള്‍ക്കും=സഹോദരീസ ഹോദരന്മാര്‍ക്കും, ഗണ്യമായ്=ആത്മാര്‍ത്ഥമായി നീതിപൂര്‍വ്വവും ക്രമപ്രകാരവും, ഒട്രുമയായ്=ഐക്യതയോടെ, കടമൈമാറാ=ആത്മാര്‍ത്ഥമായി കടമകള്‍ ചെയ്യുക, മാറാമല്‍=വ്യത്യാസങ്ങളില്ലാതെ, അവര്‍കളുടന്‍=അവരോടൊപ്പം തന്നെ, അന്‍മ്പായ് നിന്‍ട്രായ്=ഐക്യതയോടും സ്വീകാര്യതയോടേയും, മക്കളെല്ലാം=പ്രജകളെല്ലാം, പുരുന്തിട്ടാര്‍=അറിയിച്ചു, അമൈതിയോട്=ശാന്തിയോടും സമാധാനത്തോടും കഴിയുന്നതിന് വേണ്ടതെല്ലാം.
അതിന് മുമ്പ് (1):10:3:2. മനുഷ്യനായി (1):10:3:3. കടമകള്‍ സ്ഥിരമായി എങ്ങനെ ചെയ്യണമെന്ന് അറിയിക്കുന്നതിനുവേണ്ടി (1):10:4.-(1):11:1:1. ശ്രീരാമനായും അവതരിച്ച് (1):11:1:2,3. പ്രത്യേകമായി (1):11:2:1. ദുഷ്ടശക്തികളെ (1):11:2:2. നിഗ്രഹിച്ചവനും നീ! (കല്‍കി). (1):11:2:3. അതോടൊപ്പം (ശ്രീരാമാവതാരത്തില്‍) (1):11:3:1. മാതാപിതാക്കള്‍ക്കും (1):11:3:2. സഹോദരീ സഹോദരന്മാര്‍ക്കും (1):11:3:3. ആത്മാര്‍ത്ഥവും നീതിപൂര്‍വ്വകവും ക്രമപ്രകാരവും (1):11:4:1. ഒരുമയോടെ (1):11:4:2. ഉത്തരവാദിത്തങ്ങള്‍ ചെയ്യേണ്ടതും (1):11:4:3. അവരോടൊപ്പം തന്നെ (1):12:1:2. പ്രജകളെല്ലാം (1):12:2:1. ഒരുമയോടെ യോജിപ്പില്‍ (1):12:1:3. ശാന്തിയിലും സമാധാനത്തിലും ജീവിക്കുന്നതിനും ആവശ്യമായതെല്ലാം (1):12:2:3. അറിയിച്ചു (നടപ്പാക്കി). (1):12:2:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
അഷ്ടമാവതാര ശ്രീകൃഷ്ണ ഭഗവാന് മുമ്പ്, സപ്തമാവതാരമായ ഭഗവാന്‍ ശ്രീരാമനായി അവതരിച്ചിരുന്നതും വിഷ്ണുദേവന്‍ ആകുന്ന കല്‍കിയാണെന്ന് സര്‍വ്വജ്ഞനായ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
നീതിപൂര്‍വ്വം മനുഷ്യര്‍ കടമകളും ഉത്തരവാദിത്തങ്ങളും അതാത് സ്ഥാനപ്രകാരം നിര്‍വ്വഹിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് അറിയിച്ച് നടപ്പാക്കി, ദുഷ്ടശക്തികളെ നിഗ്രഹിച്ചത് സപ്തമാവതാരമായ ഭഗവാന്‍ ശ്രീരാമനായി അവതരിച്ച വിഷ്ണുദേവന്‍ ആകുന്ന കല്‍കിയാണെന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു. വിഷ്ണുദേവന്‍റെ ദശാവതാരങ്ങളില്‍ ഏഴാമത്തെ അവതാരമാണ് ഭഗവാന്‍ ശ്രീരാമന്‍. കല്‍കി തന്നെയാണ് ശ്രീരാമനായും അവതരിച്ചിരുന്നതെന്ന് അറിയിക്കുന്നതിലൂടെ കല്‍കി വിഷ്ണുദേവന്‍റെ പൂര്‍ണ്ണാവതാര സ്വരൂപമാണെന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വെളിപ്പെടുത്തുകയാണ്.
“ശ്രീരാമനായി അവതരിച്ച് പ്രത്യേകമായി ദുഷ്ടശക്തികളെ നിഗ്രഹിച്ചവന്‍ നീ” എന്നതിലൂടെ കല്‍കിയോട് നേരിട്ട് സംവദിയ്ക്കുകയാണ് ശിവദേവന്‍. ശിവദേവന്‍റെ സര്‍വ്വജ്ഞത്വത്തിന്റേയും എല്ലാമറിയുന്ന സമുന്നത സ്ഥാനാധികാരത്തിന്റേയും ഉത്തമോദാഹരണമാണിത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയിച്ച് ഋഷിപ്രോക്തമായി എഴുതിവെച്ചത് ഇക്കാലത്ത് അതേപ്രകാരം സംഭവിച്ചിരിക്കുന്നു. അക്കാലത്ത് ശിവദേവന്‍ കല്‍കിയോട് നേരിട്ട് അറിയിയ്ക്കുന്ന രീതിയില്‍ അരുള്‍ ചെയ്തത് ഇക്കാലത്ത് തല്‍സമയ സംപ്രേഷണം പോലെ യഥാവിധി താളിയോലയില്‍ എഴുതിവെച്ചപ്രകാരം അതേ വയസ്സില്‍ വന്ന് വായിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകുന്ന അസുലഭ അവസരമാണിത്.
അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും.
നിന്ദിക്കാതിരിക്കല്‍ യഥാര്‍ത്ഥ വന്ദിക്കല്‍
– കല്‍കി
DOWNLOAD PDF BOOK
ആമുഖം
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അറിയുക എന്ന മൗലികാവകാശത്തെ ഞാന്‍ ബഹുമാനിക്കുന്നു. ആ സദുദ്ദേശ്യം മാത്രമേയുള്ളൂ.
വസ്തുതകള്‍ – എല്ലാവരും അറിയേണ്ടത് | സങ്കല്‍പ്പമല്ല, സ്വയം വ്യക്തതയാണ് ആവശ്യം
വസ്തുതകള്‍
കോടാനുകോടി മനുഷ്യരില്‍ നിന്നും പ്രത്യേകമായി ഒരാളെമാത്രം വേര്‍തിരിച്ചറിയുവാന്‍ കഴിയുന്നതെങ്ങനെ?
വ്യത്യസ്ത ഭാവങ്ങളുണ്ടാകുമെങ്കിലും ഓരോ മനുഷ്യനും ഒരു രൂപം, മുഖം, ആകൃതി, ഘടന, വിരലടയാളം തുടങ്ങിയവയുണ്ടാകും. അതില്‍ വ്യത്യാസമുണ്ടായാല്‍ മറ്റൊരാളാകും. അതുകൊണ്ടാണ് ഓരോരുത്തരേയും തിരിച്ചറിയുവാന്‍ സാധിക്കുന്നത്. സാര്‍വ്വജനീനമായി അംഗീകരിക്കപ്പെടുന്ന വസ്തുതയാണിത്.
ഭഗവാന്‍ ശ്രീരാമനും ശ്രീകൃഷ്ണനും രാജാവായിരുന്നു. മനുഷ്യനും അവതാരവുമാകുന്നു. അക്കാലത്തും ധാരാളം മികവുറ്റ ചിത്രകാരന്മാരും ശില്പികളും ഉണ്ടായിരുന്നു.
അക്കാലത്ത് സൂക്ഷിച്ച സപ്തമാവതാര ശ്രീരാമന്‍റെയും അഷ്ടമാവതാര ശ്രീകൃഷ്ണന്റേയും യാഥാര്‍ത്ഥ വിഗ്രഹവും ചിത്രവും ഇപ്പോള്‍ ലഭ്യമായിരുന്നുവെങ്കില്‍, നിരവധി ശില്പികള്‍ കൊത്തിയെടുത്ത വ്യത്യസ്ത രൂപവും മുഖവും ദേഹഘടനയും ആകൃതിയുമായി ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയുമെന്ന പേരില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അനേകം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും ശില്പങ്ങളേയും അംഗീകരിക്കുമായിരുന്നോ?
ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാര്‍ത്ഥ ചിത്രവും വിഗ്രഹവുംപോലും സൂക്ഷിച്ചു നിലനിര്‍ത്താത്തതിനാല്‍ ലഭ്യമല്ലാതിരിക്കേ അവതാര ചരിതത്തില്‍ നിന്ദിതമായ കല്പിത കഥകള്‍ കൂട്ടിച്ചേര്‍ത്ത് വികലമാക്കുവാന്‍ പ്രയാസമെന്ത്?
ഗാന്ധിജിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമായതിനാല്‍ മറ്റേതെങ്കിലും രൂപം വരച്ച് അത് ഗാന്ധിജിയാണെന്ന് കരുതി നിന്ദിക്കേണ്ടതില്ല.
എപ്പോഴും എല്ലാവര്‍ക്കും എല്ലാ കാര്യങ്ങള്‍ക്കും ഈ നിയമം ബാധകമാകുന്നു.
സന്ദര്‍ഭം
അയോദ്ധ്യയുടെ രാജാവായ ദശരഥന്‍ സ്വപുത്രനായ ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാന്‍ തീരുമാനിച്ചു. യുവരാജാഭിഷേക ദിനവും വിളംബരം ചെയ്തു. പ്രജകള്‍ ആഘോഷത്തില്‍ മുഴുകി. അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ….
യഥാര്‍ത്ഥ ശ്രീരാമ പൂര്‍വ്വാവതാര ചരിത പ്രഥമഘട്ട സുപ്രധാന രംഗം കല്‍കി വെളിപ്പെടുത്തുന്നു
“യുവരാജാ രാമാ! മഹാരാജാവിനെ ശീഘ്രം മുഖം കാണിക്കുവാന്‍ ആവശ്യപ്പെടുന്നു!” സുമന്ത്രന്‍ രാജകല്‍പ്പന രാമനെ അറിയിച്ചു.
“നാമിതാ തയ്യാറായിക്കഴിഞ്ഞു!” ആഥിത്യമര്യാദയെ പാലിച്ചുകൊണ്ട് ശ്രീരാമന്‍ മറുപടി നല്‍കി.
യാത്രക്കൊരുങ്ങവേ-
“വേഗം വരണം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാകുന്നു. രാജാഭിഷേകത്തിന് ദിവസങ്ങളല്ലേയുള്ളൂ?” വസ്ത്രധാരണത്തിനിടെ സീതയുടെ പരിഭവം.
“ശരി!” രാമന്‍ മറുപടി പറഞ്ഞു.
“യാത്രയാവാം!” അന്തഃപുരത്തില്‍നിന്ന് പുറത്തുവന്ന് സുമന്ത്രനോടായി ശ്രീരാമന്‍ ചൊല്ലി.
“പ്രത്യേകിച്ച് വിശേഷം?” ശ്രീരാമന്‍ അന്വേഷിച്ചു.
മഹാരാജാവ് പതിവില്ലാത്തവിധം കഠിനമായ മനോവ്യഥ അനുഭവിക്കുന്നതായി തോന്നുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളും, ദുഃഖത്താല്‍ കുതിര്‍ന്ന ഭാവവും, പാറിപ്പറക്കുന്ന മുടിയും, തെന്നിമാറിയ വസ്ത്രങ്ങളും – എല്ലാംകൂടി രാജാവും കൊട്ടാര അന്തരീക്ഷവും എന്തോ കാര്യമായ വിഷമത്തില്‍ അകപ്പെട്ടപോലെ സൂചിപ്പിക്കുന്നു. പക്ഷെ, എന്തെന്ന് അറിയില്ല! എന്നാല്‍ രാജമഹിഷി കൈകേയി നീരസത്തിലാണെന്ന് മാത്രം കേള്‍ക്കുന്നുമുണ്ട്. കൂടുതലൊന്നും അറിഞ്ഞിട്ടില്ല.” സംശയകരമായ ചില സാഹചര്യങ്ങളെക്കുറിച്ച് തനിക്കറിയാവുന്നത് മാത്രം സുമന്ത്രന്‍ അറിയിച്ചു.
“ഉം!” ശ്രീരാമന്‍ കൂടുതലൊന്നും പറഞ്ഞില്ല.
കൊട്ടാരത്തിലെത്തവേ, ദശരഥനെ മുഖം കാണിക്കുവാനായി ശ്രീരാമന്‍ അന്തഃപുരത്തിലേക്ക് പ്രവേശിച്ചു.
“ഉണ്ണീ…. രാമാ……”
ദര്‍ശനമാത്രയില്‍ തന്നെ പതിവിന് വിപരീതമായി ദശരഥ മഹാരാജാവ് ദുഃഖാര്‍ത്തനായി കരഞ്ഞുകൊണ്ട് ശ്രീരാമനെ ആലിംഗനംചെയ്തു.
സുമന്ത്രന്‍ വിവരിച്ചതുപോലെ ദശരഥരാജന്‍ ആകെ മാറിയിരിക്കുന്നു. പക്ഷേ, രാമനില്‍ തെല്ലുപോലും ഭാവഭേദമില്ല.
വിലപിക്കുന്ന ചുണ്ടുകളാലും, വിറയ്ക്കുന്ന കൈകളാലും, പിഴക്കുന്ന ചുവടുവെയ്പ്പുകളാലും വൃദ്ധനായ ദശരഥന്‍ രാമനോടീവിധം ചൊല്ലി.
“രാമാ! നാം ഒരു വിഷമവൃത്തത്തില്‍പ്പെട്ടിരിക്കുന്നു. ഉപായമെന്തെന്ന് നീ തന്നെ ചൊല്ലിയാലും. ധര്‍മമായിരിക്കണം ചെയ്തികളോരോന്നിന്റേയും അടിസ്ഥാനമെന്നിരിക്കേ, നിയുക്ത യുവരാജാവും ധര്‍മപുരുഷനുമായ രാമന്‍ തന്നെ വിധിക്കുക. വസിഷ്ഠനൊഴികെ രാജനീതിപ്രകാരം നാമിത് മറ്റാരേയും അറിയിച്ചിട്ടില്ല.”
“അവിടുന്ന് വിഷയമെന്തെന്ന് അറിയിച്ചാലും!” സൗമ്യവും ശാന്തവും എന്നാല്‍ ഗാംഭീര്യം കലര്‍ന്നതുമായ ഭാവത്തില്‍ ശ്രീരാമന്‍ സ്വപിതാവ് എന്നതിലുപരി മഹാരാജാ ദശരഥനോട് അന്വേഷിച്ചു.
“രാമാ! വിഷയത്തെ വെളിപ്പെടുത്തുന്നതിനു മുമ്പേ നാമൊന്ന് ചോദിക്കട്ടെ! നാം രാമന്റെ പിതാവും അയോദ്ധ്യയുടെ രാജാവുമാകുന്നു. നിയുക്ത യുവരാജാവും നമ്മുടെ പുത്രനുമായ രാമന്‍ ആരുടെ വാക്കിനെയാണ് അനുസരിക്കുക, പിതാവിന്റേയൊ രാജാവിന്റേയൊ?” തെല്ലൊരു ഗൗരവമുണ്ടെങ്കിലും ദശരഥനില്‍ ആശങ്ക അലയടിക്കുന്നുണ്ട്.
“നിയുക്ത യുവരാജാവായ നാം പ്രജാക്ഷേമത്തിന് ഉപകരിക്കുന്നത് രാജനീതിപ്രകാരം ധാര്‍മ്മികവും പ്രായോഗികവും പൊതുനന്മയോടെ യുക്തിയുക്തം രാഷ്ട്ര ത്തിന് പ്രയോജനപ്പെടുന്നതുമെങ്കില്‍ മാത്രം രാജാവിന്റെ വാക്കുകള്‍ അനുസരിക്കും. ധാര്‍മ്മികമായി കുടുംബത്തിലെ ബന്ധവും സ്ഥാനവുംപ്രകാരം കുടുംബത്തിന്റെ ക്ഷേമത്തിന് പ്രായോഗികമായി നീതിപൂര്‍വ്വം ഉതകുന്നതാണെങ്കില്‍മാത്രം പിതാവിന്റേയും വാക്കുകള്‍ അനുസരിക്കും. വാക്കിന് രാജാവ്, പിതാവ് എന്നീ മമതാ ബന്ധനങ്ങളോ വകഭേദങ്ങളോ പാടില്ല. അതാത് സ്ഥാനാധികാരപ്രകാരം ധാര്‍മ്മികമെങ്കില്‍ മാത്രം രാജാവും പിതാവും പറയുന്നത് അനുസരിക്കും. വ്യക്തിക്കും ബന്ധത്തിനുമല്ല പ്രാധാന്യം. വ്യക്തി നിലകൊള്ളുന്ന സ്ഥാനത്തിനും ധര്‍മത്തിനും നീതിക്കുമാകുന്നു ഏറ്റവും പ്രാധാന്യം. അതാത് സ്ഥാനാധികാരപ്രകാരം അനുയോജ്യമാണോയെന്ന പരിശോധന യാതൊരുവിധ താല്‍പ്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും സ്വാധീനിയ്ക്കാത്ത രീതിയില്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായിരിയ്ക്കണം. ഒരേ വ്യക്തി തന്നെ രാജാവ് എന്നും പിതാവ് എന്നുമുള്ള സ്ഥാനങ്ങളില്‍ ഒരേ സമയം നിലകൊള്ളുമ്പോള്‍ പ്രസ്തുത സമയത്തെ സുപ്രധാന സ്ഥാനാധികാരം ഏതിനാകുന്നു എന്ന പരിശോധന നിര്‍ബന്ധമാകുന്നു. വ്യക്തി കുടുംബത്തേയും രാഷ്ട്രത്തേയും സ്ഥാനാധികാരപ്രകാരം ഒരേ സമയത്ത് പ്രതിനിധീകരിക്കുന്നുവെങ്കിലും ഭരണാധികാരി എന്ന രാഷ്ട്രവുമായി ബന്ധപ്പെട്ട സ്ഥാനാധികാരത്തിനാകുന്നു സുപ്രധാനത. ഭരണാധികാരി എന്ന സ്ഥാനത്തോളം പ്രാധാന്യം മറ്റൊന്നിനുമില്ല.” ശ്രീരാമന്‍ ശാന്തമായി അറിയിച്ചു.
“ഹായ്! നമുക്ക് സന്തോഷമായി!! രാമന്‍ തന്നെ ഉത്തമന്‍! രാജാവാകാന്‍ രാമന്‍ തന്നെ ഉത്തമന്‍!! അയോദ്ധ്യാവാസികളുടെ സൗഭാഗ്യം!!!” ആത്മഗതമെന്നോണം ആഹ്ളാദത്താല്‍ ദശരഥന്‍ ഉരുവിട്ടുകൊണ്ടിരുന്നു.
സ്വല്പംമുമ്പ് വിഷാദത്തിന്റെ കയ്പ്പുനീര് കുടിച്ച രാജാ ദശരഥന്‍ ഇപ്പോള്‍ പ്രസന്നനായി.
“രാജമഹിഷിമാരില്‍ ഒരാള്‍ക്ക് വളരെ മുമ്പ് രാജാവ് വാക്കാല്‍ വരദാനം നല്‍കിയിരുന്നു. പിന്നീടൊരിക്കല്‍ ആ രാജമഹിഷി രാജാവിനോട് വരദാനം നിറവേറ്റുവാന്‍ ആവശ്യപ്പെട്ടു. ഭരണത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതും രാജനീതിക്കും പ്രജാക്ഷേമത്തിനും വിരുദ്ധവുമായ കാര്യമാണ് രാജമഹിഷി ആവശ്യപ്പെട്ടതെങ്കില്‍ അത് നിറവേറ്റുവാന്‍ ധാര്‍മ്മികമായി രാജാവ് ബാധ്യസ്ഥനാണോ?” ചിതറിക്കിടന്നിരുന്ന വസ്ത്രം ശരിയാക്കുന്നതിനിടയില്‍ ദശരഥന്‍ വീണ്ടും ചോദിച്ചു. ദശരഥന്‍ ഉപയോഗിക്കുന്നത് വ്യംഗമായ ശൈലിയാണ്.
“രാജനീതിക്കും ധാര്‍മ്മികതക്കും പ്രജാക്ഷേമത്തിനും നിരക്കാത്തതൊന്നും രാജാവ് നിര്‍വ്വഹിക്കുവാന്‍ പാടില്ല. രാജ്യത്തിന്റെ സുരക്ഷക്കും പ്രജാക്ഷേമത്തിനും എതിരായ യാതൊരു കാര്യവും നിര്‍വ്വഹിക്കുവാന്‍ രാജാവിനും രാജമഹിഷിക്കും അധികാരമില്ല. കുടുംബസ്വത്തല്ല രാജ്യം. രാജ്യമുണ്ടെങ്കില്‍ മാത്രമേ കുടുംബവും നിലനില്‍ക്കുകയുള്ളൂ. സ്വാര്‍ത്ഥതക്കായി രാജാധികാരത്തെ ദുരുപയോഗപ്പെടുത്തുന്നത് അധാര്‍മ്മികവും രാജനീതിയ്ക്ക് വിരുദ്ധവും കുറ്റകൃത്യവുമാകുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജാവ്, രാജമഹിഷി എന്നിവ സ്ഥാനങ്ങളാകുന്നു. ഏതൊരു സ്ഥാനത്ത് ആരാണോ അവര്‍ക്ക് ആ സ്ഥാനത്തിന്റെ അധികാരങ്ങള്‍ ഉണ്ടായിരിക്കും. വ്യക്തിക്ക് അധികാരങ്ങളില്ല. സ്ഥാനത്തിനാകുന്നു അധികാരം. വ്യക്തിക്ക് മാനുഷിക അവകാശങ്ങള്‍ മാത്രമേയുള്ളൂ. ഏതൊരു സ്ഥാനത്താകുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ ഏതൊരാള്‍ക്കും അധികാരങ്ങള്‍ ഉണ്ടായിരിക്കുകയുള്ളൂ. സ്ഥാനാധികാരങ്ങളെ യാതൊരു കാരണവശാലും സ്വാര്‍ത്ഥതയ്ക്കായി ആ സ്ഥാനത്തുള്ള വ്യക്തി ദുരുപയോഗപ്പെടുത്തരുത്. വ്യക്തി സ്ഥാനാധികാരത്തെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കും കാര്യലാഭത്തിനും ദുരുപയോഗപ്പെടുത്തരുത്. തനിക്കര്‍ഹതപ്പെടാത്തതും അധികാരപ്പെടാത്തതുമായ യാതൊരു കാര്യങ്ങള്‍ക്കും സ്ഥാനത്തുള്ള വ്യക്തി ശ്രമിക്കരുത്.” ശ്രീരാമ വാണികള്‍ സ്ഥാനാധികാരത്തെക്കുറിച്ചുള്ള വ്യക്തതയ്ക്ക് സഹായകരമായി.
“വ്യക്തിക്ക് അവകാശങ്ങള്‍ മാത്രമേയുള്ളൂ, സ്വയം അധികാരങ്ങളില്ല. ഒരു വ്യക്തി ഏതൊരു സ്ഥാനത്താണോ, ആ സമയത്ത് പ്രസ്തുത സ്ഥാനാധികാരം വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കുമെന്ന് മാത്രം. സ്ഥാനത്തിനുവേണ്ടി മാത്രം വ്യക്തിക്ക് അധികാരമുണ്ടായിരിക്കും. വ്യക്തിക്കുവേണ്ടി അധികാരങ്ങളില്ല. വ്യക്തിക്ക് മാനുഷിക അവകാശങ്ങള്‍ മാത്രമേയുള്ളൂ. ഇതാകുന്നു ധാര്‍മ്മികമായ രാജനീതി. തുല്യത്തില്‍ നിലകൊള്ളുന്നത് അഥവാ സന്തുലിതത്തെ ആകുന്നു ധര്‍മം എന്ന പദത്താല്‍ ഉദ്ദേശിക്കുന്നത്. അതാത് സമയങ്ങളില്‍ വ്യക്തി നിലകൊള്ളുന്ന അതാത് സ്ഥാനപ്രകാരമുള്ള ഉത്തരവാദിത്തങ്ങള്‍, കടമകള്‍, കര്‍ത്തവ്യങ്ങള്‍, ദൗത്യങ്ങള്‍ എന്നിവ കൃത്യതയോടെ ദുരുദ്ദേശമില്ലാതെ സമയബന്ധിതമായും പ്രയോജനകരമായും പൂര്‍ത്തിയാക്കുന്നതിനെയാണ് രാജനീതിപ്രകാരമുള്ള ധാര്‍മ്മികമായ നിര്‍വ്വഹണം എന്നതിനാല്‍ ഉദ്ദേശിക്കുന്നത്. യഥാക്രമം വ്യക്തിയ്ക്ക് സ്വയം ചുമതലയും, കുടുംബത്തോട് ഉത്തരവാദിത്തവും, സമൂഹത്തോട് കടമയും, രാഷ്ട്രത്തോട് കര്‍ത്തവ്യവും, ലോകത്തോട് ദൗത്യവുമാകുന്നു. ഇതില്‍ സുപ്രധാനം രാഷ്ട്രത്തോടുള്ള കര്‍ത്തവ്യം പൂര്‍ത്തിയാക്കുന്നതിനാകുന്നു. സ്വാഭാവികമായും അത് ലോകത്തോടുള്ള ദൗത്യപൂര്‍ത്തീകരണമായിത്തീരുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജാവ്, രാജമഹിഷി, പ്രധാനമന്ത്രി, സൈന്യാധിപന്‍, മാതാവ്, പിതാവ്, വൈദ്യന്‍ മുതലായവയെല്ലാം സ്ഥാനങ്ങളാകുന്നു. ഓരോ സ്ഥാനത്തിനും അതിന്റെ ഘടനയും അധികാരങ്ങളുമുണ്ടായിരിക്കും. ഓരോ സ്ഥാനത്തുമുള്ള വ്യക്തിക്ക് – പുരുഷനായാലും സ്ത്രീയായാലും – ആ സ്ഥാനത്തിന്റെ അധികാരങ്ങളുണ്ടായിരിക്കും. വ്യക്തി ആ സ്ഥാനത്തിന് അനുയോജ്യമായും അതിന്റെ അധികാരപരിധിയില്‍ ഒതുങ്ങിയും മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും അധര്‍മവും വിളയാടും.” ശ്രീരാമന്‍ വിശദീകരിച്ചു.
“രാജാവ് എന്ന സ്ഥാനത്തുള്ള പുരുഷന്റെ പത്നി എന്ന സ്ഥാനത്തുള്ള സ്ത്രീയ്ക്കാകുന്നു രാജമഹിഷി എന്ന സ്ഥാനാധികാരം. പതി, പത്നി എന്നീ സ്ഥാനങ്ങള്‍ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. രാജാവ്, രാജമഹിഷി എന്നീ സ്ഥാനങ്ങള്‍ രാഷ്ട്രത്തിലും.” ശ്രീരാമന്‍ തുടര്‍ന്നു.
“എല്ലായ്‌പ്പോഴും രാഷ്ട്രത്തിനാകുന്നു ഏറ്റവും പ്രാധാന്യം. കൃത്യമായ ഭരണനിര്‍വ്വഹണ സംവിധാനങ്ങളോടെ രാഷ്ട്രം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ തനത് സംസ്ക്കാരവും കുടുംബ ബന്ധങ്ങളും മാഹാത്മ്യത്തോടെ സംരക്ഷിക്കപ്പെടുകയുള്ളൂ. അതുകൊണ്ടാണ് കുടുംബത്തേക്കാള്‍ രാഷ്ട്രത്തിന് പ്രാധാന്യം കൊടുക്കുന്നത്. ഏതൊരു രാജ്യവും സംസ്ക്കാരത്തില്‍ നിലകൊള്ളണം. സ്വന്തം സംസ്ക്കാരത്തില്‍ അഭിമാനത്തോടെ പടുത്തുയര്‍ത്താത്ത ഏതൊരു രാജ്യത്തിലെ പ്രജകള്‍ക്കും വൈദേശികാടിമത്തം സഹിക്കേണ്ടിവരും. നാല് വിധത്തില്‍ വൈദേശിക അടിമത്തം സംഭവിയ്ക്കാം. ഒന്ന്, വിദേശഭരണത്താലുള്ള അടിമത്തം. രണ്ട്, വിദേശ സംസ്ക്കാരമെന്ന പേരിലുള്ള അധാര്‍മ്മികതയാലുള്ള അടിമത്തം. മൂന്ന്, രാജ്യത്തെ വിഭവങ്ങളും സ്ഥലങ്ങളും സ്ഥാപനങ്ങളും വ്യാപാരത്തിനെന്ന പേരില്‍ കരാറുകള്‍ വഴി ഉടമസ്ഥതയിലാക്കി കൈവശപ്പെടുത്തി രാജ്യത്തെ വിപണി കീഴടക്കി വിദേശ നിര്‍മ്മിത അഥവാ വിദേശികളുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളെ ആശ്രയിപ്പിച്ചുകൊണ്ടും കേവല തൊഴിലാളികളായി രാജ്യത്തെ പ്രജകളെ ഉപയോഗപ്പെടുത്തി രാജ്യത്തെ സമ്പത്തും വരുമാനങ്ങളും ആര്‍ജ്ജിച്ച് ഭരണനിര്‍വഹണ സംവിധാനത്തെ ചൊല്‍പ്പടിയിലാക്കുന്ന വിദൂര നിയന്ത്രിത അടിമത്തം. നാല്, വന്‍തോതില്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കി രാജ്യത്തെ ഭരണനിര്‍വ്വഹണസംവിധാനങ്ങളെ സമ്മര്‍ദ്ധത്തിലാക്കി വിദേശരാജ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ വിദൂരനിയന്ത്രണരീതിയില്‍ നടപ്പാക്കുന്ന അടിമത്തം.” ശ്രീരാമന്‍ വിശദീകരിച്ചു.
“പ്രാഥമികമായി, എന്താണ് സംസ്ക്കാരമെന്നത് അറിഞ്ഞിരിയ്ക്കണം. സമാധാനത്തിനും, പ്രായോഗികതയ്ക്കും, വ്യക്തി സ്വാതന്ത്ര്യത്തിനും, കുടുംബബന്ധങ്ങളെ ക്രിയാത്മകമാക്കി ജീവിതത്തെ പ്രശോഭിതമായി നിലനിര്‍ത്തുവാനും, പരസ്പര സൗഹൃദത്തിനും, വിവേചനങ്ങളില്ലാതിരിക്കുന്നതിനും, യോജിപ്പോടെ നയിയ്ക്കുന്നതിനും, രാജ്യത്ത് സദ്‌ഭരണം നിലനിര്‍ത്തി പ്രജാക്ഷേമം പൂര്‍ത്തീകരിച്ച് ജീവിതാവശ്യങ്ങള്‍ പൊതു നന്മയോടെ നേടിയെടുക്കുന്നതിനും, വിശ്വാസ-അവിശ്വാസ വേര്‍തിരിവില്ലാതെ മനുഷ്യത്വത്തില്‍ നിലകൊള്ളുന്നതിനും, വരും തലമുറകള്‍ക്ക് സ്വസ്ഥമായ ജീവിതാന്തരീക്ഷം ഒരുക്കുന്നതിനും വേണ്ടിയുള്ള ജീവിതരീതിയാണ് സംസ്ക്കാരം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരം സംസ്ക്കാരത്തെ തനിമയോടെ നിലനിര്‍ത്തുവാന്‍ സാധിക്കുന്നതിലാണ് വിജയം. കെട്ടുറപ്പുള്ള രാജ്യത്തിനു മാത്രമേ ഇപ്രകാരം സംസ്ക്കാരം നിലനിര്‍ത്തുവാന്‍ സാധിക്കൂ. അധിനിവേശം വൈദേശികതയുടെ വേരുറപ്പിക്കും. രാജ്യം അന്തഃഛിദ്രമാകാതിരിക്കുവാന്‍ രാജാവും രാജമഹിഷിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സര്‍വ്വോപരി പ്രജകളും അത്യന്തം ശ്രദ്ധാലുക്കളായിരിക്കണം.” ശ്രീരാമന്‍ തുടര്‍ന്നു.
“കുടുംബത്തിലെ അംഗങ്ങള്‍ക്ക് കുടുംബ ബന്ധങ്ങളില്‍ മാത്രമേ അധികാരമുള്ളൂ. ഏതാനും വ്യക്തികളില്‍ മാത്രം ഒതുങ്ങുന്നു കുടുംബത്തിലെ ഗുണവും ദോഷവും. കുടുംബത്തില്‍ ഒരു വ്യക്തി കുടുംബാംഗവും അതേസമയം രാഷ്ട്രത്തില്‍ പ്രജയുമാകുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“രാഷ്ട്രത്തില്‍ പ്രജകളെല്ലാവരും ഉള്‍പ്പെടുന്നു. രാഷ്ട്രത്തിലെ പ്രശ്നങ്ങളും ഗതിവിഗതികളും പ്രജകളെയെല്ലാം ബാധിക്കും. കുടുംബത്തിന്റേത് കുടുംബാംഗങ്ങളെ മാത്രവും.” ശ്രീരാമന്‍ തുടര്‍ന്നു.
“കുടുംബാംഗം എന്ന ബന്ധവും സ്ഥാനാധികാരവും ഉപയോഗിച്ച് ആരും അതേ കുടുംബത്തില്‍ ഉള്‍പ്പെട്ട രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തിയെ നിയന്ത്രിക്കരുത്. രാജ്യത്തിന്റെ സുരക്ഷിതത്വവും ഭാവിയും അഭിമാനവും പുരോഗതിയും പ്രജാക്ഷേമവും രാജാവില്‍ നിക്ഷിപ്തമാണ്. കുടുംബാംഗങ്ങളുടെ അറിവില്ലായ്മക്കും ദുരാഗ്രഹങ്ങള്‍ക്കും അതിമോഹങ്ങള്‍ക്കും കുടിലതക്കും യാതൊരു കാരണവശാലും രാജാവ് വശംവദനായി കീഴ്‌പ്പെടരുത്.” ശ്രീരാമന്‍ തുടര്‍ന്നു.
“കുടുംബാംഗങ്ങളെ കുടുംബത്തില്‍ നിലയ്ക്ക് നിര്‍ത്തിയിരിക്കണം. രാജ്യകാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കുടുംബാംഗങ്ങള്‍ എത്തിയാല്‍ രാജാവ് നിഷ്ക്രിയനായെന്ന് സാരം. അതിനിട വരുത്തരുത്. അത് അനുവദിക്കരുത്. രാജാവിന്റെ നിഷ്ക്രിയത്വം രാജ്യത്തിന്റെ ഭാവിയും സുരക്ഷിതത്വവും പ്രജാക്ഷേമവും അപകടപ്പെടുത്തും. മമതാ ബന്ധനങ്ങളില്‍പ്പെട്ടുഴലാതെ രാജാവ് സദാ സ്വയം സംരക്ഷിക്കണം. എങ്കില്‍ മാത്രമേ പ്രജകള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. മാതാവും പിതാവും സ്വയം ശ്രദ്ധാപൂര്‍വ്വം ജീവിച്ചില്ലെങ്കില്‍ സന്താനങ്ങളുടെ സ്ഥിതി അപകടത്തിലാകുന്നതുപോലെ രാജ്യപുരോഗതിക്കും നിലനില്‍പ്പിനും വേണ്ടി രാജാവും രാജമഹിഷിയും പ്രത്യേകം സ്വയം ശ്രദ്ധിക്കണം. രാജനീതിപ്രകാരം രാഷ്ട്രഹിതത്തിന് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ.” ശ്രീരാമന്‍ തുടര്‍ന്നു.
“സാധാരണ ഒരു വ്യക്തിക്ക് വിവാഹിതനായാല്‍ പത്നിയുണ്ടായിരിക്കും. അത് കുടുംബത്തില്‍ ഒതുങ്ങുന്നു. എന്നാല്‍ രാജാധികാരമുള്ള ഒരു വ്യക്തിക്ക് പത്നി തന്നെ രാജമഹിഷിയുമാകുന്നു. അത് രാഷ്ട്രത്തില്‍ ഉള്‍പ്പെടുന്നു. രാജാവ് തന്നെയായ വ്യക്തി കുടുംബത്തില്‍ പതി, പിതാവ്, പുത്രന്‍, സഹോദരന്‍, മാതുലന്‍ എന്നിങ്ങനെ അതാത് സ്ഥാനപ്രകാരം നിലകൊള്ളുന്നുമുണ്ട്. അതേപ്രകാരം രാജമഹിഷി കുടുംബത്തില്‍ പത്നി, മാതാവ്, മകള്‍ എന്നിങ്ങനെ അതാത് സ്ഥാനപ്രകാരവുമായിരിക്കും.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജമഹിഷിയുടെ ചെയ്തികളിലെ പിഴവുകള്‍ സഹിക്കേണ്ടിവരിക പ്രജകളാണ്. പത്നിയുടെ അപാകതകള്‍ക്ക് പതിയും കുടുംബാംഗങ്ങളും മാത്രമേ സഹിക്കേണ്ടതുള്ളൂ. ഒരു സ്ത്രീയ്ക്കു തന്നെയാണ് രാജമഹിഷി എന്ന സ്ഥാനപ്രകാരം രാജാധികാരത്തിലും പത്നി എന്ന സ്ഥാനപ്രകാരം കുടുംബത്തിലും അധികാരമുണ്ടാകുന്നത്. അത്യധികം ജാഗ്രത ആവശ്യമായ കാര്യമാണിത്. പക്വത നിര്‍ബന്ധം. പ്രസ്തുത സ്ത്രീയിലെ അഭിനിവേശം, മോഹം, ആഗ്രഹം, അഹംഭാവം, അധികാര ഗര്‍വ്വ് എന്നിവ രാജ്യത്തെ അപകടപ്പെടുത്തുമെന്ന് രാജാവ് അറിഞ്ഞിരിക്കണം. യാതൊരു സ്വാധീനങ്ങള്‍ക്കും വിധേയമാകാതെ സമചിത്തത യോടെ രാജനീതിപ്രകാരം ധാര്‍മ്മികമായി പ്രജാക്ഷേമവും ഹിതവും കണക്കിലെടുത്തു മാത്രമേ രാജാവ് രാജമഹിഷിയുടെ ഏതൊരു ആവശ്യവും നിറവേറ്റുവാന്‍ പാടുള്ളൂ. ആദര്‍ശ ധീരത രാജാവിനുണ്ടായിരിക്കണം. സ്ത്രീയ്ക്കും വികാരങ്ങള്‍ക്കും ബന്ധനങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും പദവികള്‍ക്കും വിധേയനാകാതിരിക്കുവാന്‍ രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തി സര്‍വ്വദാ ശ്രദ്ധിക്കണം. സമ്മോഹിതാവസ്ഥയ്ക്ക് രാജാവ് കീഴ്‌പ്പെടരുത്. പ്രജകളുടെ നിരീക്ഷണവും അത്യന്താപേക്ഷിതം.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജാവെന്നതും രാജമഹിഷി എന്നതും സ്ഥാനങ്ങളാകുന്നു. രാജമഹിഷി എന്ന സ്ഥാനമുള്ള സ്ത്രീയ്ക്ക് രാജാവെന്ന സ്ഥാനമുള്ള പുരുഷന്‍ ഭര്‍ത്താവാകുമ്പോള്‍ പ്രജകള്‍ക്ക് പിതാവ്-സംരക്ഷകന്‍-മകന്‍-സുഹൃത്ത് തുടങ്ങിയവയെല്ലാം യഥാക്രമം രാജാവാകുന്നു. രാജാവെന്ന സ്ഥാനമുള്ള പുരുഷന് രാജമഹിഷി എന്ന സ്ഥാനമുള്ള സ്ത്രീ പത്നിയാകുമ്പോള്‍ പ്രജകള്‍ക്ക് മാതാവ്, സഹോദരി തുടങ്ങിയവയെല്ലാം യഥാക്രമം രാജമാഹിഷിയുമാകുന്നു. ധര്‍മത്തിന് അനുയോജ്യമായവിധത്തില്‍ പ്രജാപരിപാലനം രാജഭരണത്തിലൂടെ സാധ്യമാക്കുക എന്നതാണ് രാജാവിന്റേയും രാജ്ഞിയുടേയും പ്രഥമ കര്‍ത്തവ്യം.” ശ്രീരാമന്‍ തുടര്‍ന്നു.
“അതിനാല്‍, മുമ്പെന്നോ നല്‍കിയ വാക്ക് പാലിക്കുവാനെന്ന പേരില്‍ രാജനീതിക്കും പ്രജാപരിപാലനത്തിനും വിരുദ്ധമായൊരു കാര്യത്തെ രാജാവും രാജമഹിഷിയും നിര്‍വ്വഹിക്കുവാന്‍ പാടില്ല. ഒരുപക്ഷേ രാജമഹിഷി അപ്രകാരം ആവശ്യപ്പെട്ടുവെങ്കില്‍, ആരുടെയെങ്കിലും ചതിപ്രയോഗത്തിലോ ചാരവൃത്തിയിലോ ഉള്‍പ്പെട്ട് ഭരണത്തിന്റെ ശിഥിലീകരണത്തിനും അസ്ഥിരതക്കുമുള്ള കുതന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്ന് ധരിക്കണം. അപ്രകാരം രാജമഹിഷിയേയും, അതിന് കാരണക്കാരായ രാജ്യദ്രോഹകുറ്റത്തില്‍ ഉള്‍പ്പെട്ടവരേയും, രാജസഭ വിളിച്ച് മന്ത്രിമുഖ്യരുടേയും നീതിനിര്‍വ്വഹണാധികാരികളുടേയും മുമ്പാകെ വിസ്തരിച്ച് നിജസ്ഥിതി പ്രജകളോട് വെളിപ്പെടുത്തി കുറ്റക്കാരെ മാതൃകാപൂര്‍വ്വം ശിക്ഷിക്കണം. ഇപ്രകാരം ചെയ്തില്ലെങ്കില്‍ രാജാവ് രാജമഹിഷിയിലൂടെ ഒറ്റികൊടുക്കുന്നത് തന്റെ രാജ്യത്തെയാകുന്നു. പ്രത്യാഘാതം രാഷ്ട്രത്തിന്റെ ശിഥിലീകരണവും, പ്രതിഫലം പ്രജകളുടെ ശാപവുമാകുന്നു.” രാജ്യതന്ത്രജ്ഞനും വിധികര്‍ത്താവുമെന്ന് വ്യക്തമാക്കുന്നതായ രാമന്റെ മറുപടി ദശരഥരാജനില്‍ ഒട്ടേറെ ആശ്വാസമുളവാക്കി.
“ഉത്തരം ന്യായം!” രാമനെ രാജാവായി ലഭിച്ചതിനാല്‍ അയോദ്ധ്യാവാസികള്‍ ഭാഗ്യമുള്ളവര്‍!! സംശയമില്ല! തികച്ചും ഭാഗ്യമുള്ളവര്‍!!!” തെല്ലിടനിര്‍ത്തി ദശരഥന്‍ സുമന്ത്രനോട് മുഖംകാണിക്കുവാനായി ആജ്ഞാപിച്ചു.
ക്ഷണമാത്രേ സുമന്ത്രന്‍ സമീപമെത്തി.
“നാളെത്തന്നെ രാജസഭ കൂടുവാന്‍ ഏര്‍പ്പാട് ചെയ്യുക. പ്രജകള്‍ക്കും പ്രത്യേകമായി പങ്കെടുക്കുവാന്‍ സൗകര്യം ചെയ്യണം.” സുമന്ത്രനോട് ദശരഥന്‍ കല്‍പ്പിച്ചു.
അതിനിടെ –
“ധൃതിപ്പെട്ടിങ്ങനെ സഭ വിളിക്കുന്നത്…” ഭവ്യതയോടെ ശ്രീരാമന്‍ അന്വേഷിച്ചു.
“എല്ലാം സഭയില്‍വെച്ച് വെളിപ്പെടുത്താം.” പെട്ടെന്ന് മറുപടി നല്‍കിയ ദശരഥന്‍ തെല്ലിട നിര്‍ത്തി, കുമാരനെ സാകൂതം വീക്ഷിച്ചു. തുടര്‍ന്ന് സേനാനായകനോട് മുഖം കാണിക്കുവാന്‍ ആജ്ഞാപിച്ചു.
“രാജനൈതിക ഉപദേഷ്ടാവായ വസിഷ്ഠനെ ശീഘ്രം നമുക്ക് കാണണം. കൂടാതെ രാജമഹിഷിമാരേയും വിളിക്കണം.” ദീര്‍ഘനിശ്വാസത്തിനുശേഷം ദശരഥന്‍ സുമന്ത്രനോട് അറിയിച്ചു.
അതിനിടെ സൈന്യാധിപന്‍ വന്ന് മുഖം കാണിച്ചു.
“ആരും കൊട്ടാരം വിട്ടുപോകുവാന്‍ പാടില്ല. കനത്ത സുരക്ഷ വേണം. അതിര്‍ത്തിയില്‍ ഉടനീളം ജാഗ്രതയും.” സൈന്യാധിപനോടായി മഹാരാജാ ദശരഥന്‍ കല്‍പ്പന നല്‍കി.
“നിയുക്ത യുവരാജാവായ രാമന്‍ ഇവിടെ വസിക്കുക.” യാത്രപറയാനൊരുങ്ങിയ രാമനോട് ദശരഥന്‍ അറിയിച്ചു.
“അവിടുത്തെ ആജ്ഞപോലെ.” രാമന്‍ കൈകൂപ്പി വണങ്ങി രാജമുഖത്തുനിന്ന് പിന്‍വാങ്ങി.
****************** ****************** ******************
പിറ്റേന്ന് രാവിലെ രാജസഭയില്‍ –
മഹാരാജാവ് എഴുന്നെള്ളുന്നു എന്ന ഘോഷണം സഭയിലാകെ മുഴങ്ങി.
ദശരഥ മഹാരാജാവ് സഭയില്‍ പ്രവേശിച്ചു. സഭാംഗങ്ങള്‍ എഴുന്നേറ്റ് കൂപ്പുകൈകളോടെ പ്രണാമങ്ങളര്‍പ്പിച്ച് ജയഭേരി മുഴക്കി.
മഹാരാജാവ് സിംഹാസനാരൂഢനായി.
“എല്ലാവരും ഉപവിഷ്ടരായാലും.” സഭാധ്യക്ഷന്‍കൂടിയായ ദശരഥരാജന്റെ ആജ്ഞ സന്നിഹിതരായവരെല്ലാം ശിരസ്സാവഹിച്ചു.
“ഇരിയ്ക്കൂ രാമാ!” തൊട്ടടുത്തുള്ള ശ്രീരാമനെ വാത്സല്യപൂര്‍വ്വം വീക്ഷിച്ച് ദശരഥന്‍ മൊഴിഞ്ഞു.
സീതാസമേതനായ ശ്രീരാമന് സമീപം ലക്ഷ്മണനും രാജമഹിഷിമാരും സന്നിഹിതരായിട്ടുണ്ട്. വസിഷ്ഠന്‍ ഉള്‍പ്പെടെ പ്രഗല്‍ഭരും വിദഗ്ദ്ധരുമായ മന്ത്രിമാരും ഉപദേഷ്ടാക്കളും നീതിനിര്‍വ്വഹണാധികാരികളും മുതല്‍ സാധാരണ പ്രജകള്‍വരെ രാജസഭയില്‍ പ്രത്യേക അനുവാദത്തോടെ സന്നിഹിതരായിട്ടുണ്ട്.
“ഇന്ന് അയോദ്ധ്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും എന്നാല്‍ സവിശേഷവുമായ ദിനമാകുന്നു. പൗര്‍ണ്ണമിയും അമാവാസിയും ആവശ്യം തന്നെ!! കുറ്റവും ശിക്ഷയും അതിനായ്‌ക്കൊണ്ടുള്ള വിചാരണയും ആവശ്യം തന്നെ!!!” പ്രാരംഭ നടപടികള്‍ക്കുശേഷം സഭാംഗങ്ങളോടായി മഹാരാജാ ദശരഥന്‍ ആമുഖമായി അറിയിച്ചു.
ദശരഥന്‍ ഇടയ്ക്ക് ഒളികണ്ണിട്ട് കൈകേയിയെ നോക്കി. വിവര്‍ണ്ണമായ മുഖവും വിവരണാതീതമായ ഭയാശങ്കകളോടെയുള്ള ഭാവവും എന്നത്തേക്കാളുമുപരി കൈകേയിയെ പ്രത്യേകം ശ്രദ്ധിക്കുവാനിടയാക്കി.
“രണ്ടുനാള്‍ക്കകം യുവരാജാവായി അഭിഷേകം ചെയ്യപ്പെടുന്ന ശ്രീരാമന്റെ നയതന്ത്രജ്ഞതയും സത്യധര്‍മാദികളിലുള്ള പ്രാവീണ്യവും കര്‍ത്തവ്യബോധവും നിഷ്ഠയും, ഇവിടെ, ഈ ദിവസം, സഭയും പ്രജകളും അറിയാനായി അവസരമൊരുക്കുന്നതിനുവേണ്ടിയാണ് ഒരു പ്രത്യേക കാരണത്താല്‍ ശീഘ്രമെന്നോണം ഇന്നത്തെ സഭ വിളിച്ചത്.” അയോദ്ധ്യാരാജന്‍ തുടര്‍ന്നു.
“സഭയെ സാക്ഷിയാക്കി നാം ചോദിക്കുന്നവയ്ക്കെല്ലാം ധാര്‍മ്മികമായി രാമന്‍ ഉത്തരം നല്‍കുക. അതിനെക്കുറിച്ച് സഭാവാസികളെല്ലാം സ്വന്തം തീരുമാനവും അറിയിക്കണം.” അതിരറ്റ സന്തോഷത്തോടെയുള്ള ദശരഥന്റെ പ്രഖ്യാപനം ഉദ്വേഗത്തോടെ എല്ലാവരും ശ്രദ്ധിച്ചുകൊണ്ടിരുന്നു. എന്താണെന്ന് അറിയാത്തതിനാല്‍ എല്ലാവരിലും അമ്പരപ്പും പരിഭ്രമവും മാറി മാറി നിഴലിക്കപ്പെട്ടു.
“രാജ്യവും രാജാവും എന്താകുന്നു?” ദശരഥന്റെ ചോദ്യം.
“രാജ്യം പ്രജകളും രാജാവ് പ്രജകളുടെ ധര്‍മപരിപാലനത്തിനുള്ള പ്രതിനിധികളുമാകുന്നു. കൃത്യമായ അതിരളവുകളുള്ള ഒരു പ്രദേശത്തെ വ്യക്തമായ ഭരണസംവിധാനങ്ങളോടെ സ്വന്തം സംസ്ക്കാരത്തില്‍ അടിയുറച്ച് ജീവിക്കുന്നവരാണ് ആ രാജ്യത്തെ പ്രജകള്‍ എന്ന് ഭൂമിശാസ്ത്രപരമായി പറയാം. ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ ധാര്‍മ്മികമായി രാജനീതിയെ പ്രജാക്ഷേമത്തിനായി ഉപയോഗിക്കുന്നതിനുവേണ്ടി പ്രജകള്‍ അനുവദിച്ച ഒരു രാജ്യത്തെ സുപ്രധാന സ്ഥാനമാണ് രാജാവ് അഥവാ ഭരണാധികാരി. പ്രജാക്ഷേമത്തിനുവേണ്ടി മാത്രമേ രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തി രാജാധികാരങ്ങള്‍ ഉപയോഗിക്കുവാന്‍ പാടുള്ളൂ.” സങ്കോചമന്യേ രാമന്‍ മറുപടി നല്‍കി.
“പൈതൃകമായി ഈ രാജ്യത്ത് ജീവിച്ചവരുടെ സന്താനങ്ങള്‍ സ്വമേധയാ രാജ്യത്തെ പ്രജകളാകുന്നു. രാജ്യത്തു നടപ്പാക്കുന്ന പദ്ധതികളില്‍ സാങ്കേതിക പരിജ്ഞാനമുള്ള വിദേശികളെ ആവശ്യമായി വരുമ്പോള്‍ പ്രസ്തുത കാര്യനിര്‍വ്വഹണങ്ങള്‍ക്ക് വേണ്ടി മാത്രം രാജ്യത്ത് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിയ്ക്കുന്നതിനുള്ള അവസരങ്ങളും സൗകര്യങ്ങളും നിശ്ചിത കാലാവധിയ്ക്കുള്ളില്‍ മാത്രം എന്ന നിബന്ധനയോടെ പ്രതിഫലം നിശ്ചയിച്ചുകൊണ്ട് നല്‍കേണ്ടതുണ്ട്. പഠനാവശ്യങ്ങള്‍ക്കും കാഴ്ചകള്‍ കാണാനും ഉല്ലാസ യാത്രകള്‍ക്കായും വിദേശികള്‍ക്ക് രാജ്യത്തേയ്ക്ക് വരുന്നതിനും താല്‍ക്കാലിക രീതിയില്‍ നിശ്ചിത പരിധിവെച്ച് വസിയ്ക്കുന്നതിനും പ്രവേശനാനുമതി നല്‍കാമെങ്കിലും വിദേശികള്‍ക്ക് സ്ഥിരമായി രാജ്യത്ത് താമസിയ്ക്കുന്നതിനുള്ള അനുവാദം നല്‍കുവാന്‍ പാടില്ല.” ശ്രീരാമന്‍ തുടര്‍ന്നു.
“മറ്റൊരു രാജ്യത്ത് നിന്നും അഭയാര്‍ഥികളായി ആരേയും സ്വീകരിയ്ക്കുവാന്‍ പാടില്ല എന്നതായിരിയ്ക്കണം രാജനൈതിക നിയമപ്രകാരം നടപ്പാക്കേണ്ടത്. ഏതെങ്കിലും സന്ദര്‍ഭത്തില്‍ ആവശ്യമായി വരുന്നുവെങ്കില്‍, അത്യന്തം കൃത്യതയോടെ സൂക്ഷ്മപരിശോധന നടത്തി പൂര്‍ണ്ണമായും രാഷ്ട്ര സുരക്ഷയ്ക്ക് യാതൊരുവിധ പ്രയാസവും നേരിടേണ്ടിവരില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ അഭയാര്‍ത്ഥികളായി നിശ്ചിത കാലയളവ് എന്ന നിബന്ധനയില്‍ മാത്രം താല്‍ക്കാലിക സൗകര്യങ്ങള്‍ കൊടുത്തു സ്വീകരിയ്ക്കാന്‍ പാടുള്ളൂ. അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത് അനുയോജ്യ സമയത്ത് തിരിച്ചയക്കണം. അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്തെ പ്രജകള്‍ എന്ന സ്ഥാനം ഒരിയ്ക്കലും അനുവദിയ്ക്കരുത്. എല്ലാ അഭയാര്‍ത്ഥികളേയും പൂര്‍ണ്ണമായും അവസരം വരുമ്പോള്‍ അവരുടെ രാജ്യത്തേയ്ക്ക് തന്നെ സുരക്ഷിതരായി തിരിച്ചയയ്ക്കണം. അഭയാര്‍ത്ഥികളെന്ന വ്യാജേന ദുരുദ്ദേശത്തോടെയുള്ള അന്യരാജ്യക്കാരായ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതിനും രാജ്യത്ത് ഉടനീളം കലാപങ്ങളും അസ്ഥിരതയും സൃഷ്ടിയ്ക്കുന്നതിനും സാഹചര്യമുണ്ടാകാതിരിയ്ക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സൈനീകമായി സ്വീകരിച്ചിരിയ്ക്കണം. സ്വദേശത്തുള്ളവരുടെ സഹായത്തോടെ വിദേശികള്‍ കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ശ്രമിയ്ക്കുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ കര്‍ശനമായും സ്വീകരിയ്ക്കണം. ആത്മീയ മത വിശ്വാസങ്ങള്‍ തികച്ചും വ്യക്തിപരമായ കാര്യം മാത്രമാകുന്നു എന്നതിനാല്‍ അതിനെ അടിസ്ഥാനമാക്കി വിദേശികളേയും മറ്റാരേയും രാജ്യത്തെ പ്രജകളാക്കരുത്.” സങ്കോചമന്യേ ശ്രീരാമന്‍ അറിയിച്ചു.
നിശബ്ദമായി സഭ കാതോര്‍ത്തുകൊണ്ടിരുന്നു.
“രാജാവ് എപ്രകാരമായിരിക്കണം?” വീണ്ടും ദശരഥന്‍ ചോദ്യമുന്നയിച്ചു.
“ധാര്‍മികമായി രാജാവ് അഥവാ ഭരണാധികാരി പ്രജാക്ഷേമമെന്ന സ്വയം വ്യക്തതയില്‍ പൂര്‍ണ്ണയോജിപ്പോടെ കര്‍ത്തവ്യപൂര്‍ത്തീകരണത്തിനായി സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കണം. സദുദ്ദേശ്യത്തേയും നീതിനിര്‍വ്വഹണത്തേയും പ്രജാക്ഷേമത്തേയും രാജാവ് പ്രാണനായി കാണണം. രാജാവ് യാതൊരു കാരണവശാലും കുടുംബബന്ധങ്ങളില്‍ ബന്ധിതമാകരുത്. ആരോടും യാതൊന്നിനോടും മമതയുണ്ടാകരുത്, വിരോധവും പാടില്ല. സൗമ്യവും സല്‍സ്വഭാവവും നിലനിര്‍ത്തുന്നതോടൊപ്പം ഗാംഭീര്യതയും നിസ്വാര്‍ത്ഥതയും മികച്ച രീതിയില്‍ രാജാവില്‍ ഉണ്ടായിരിക്കണം. പ്രജകളുടെ അതാത് സമയത്തെ പ്രധാന ആവശ്യകതകള്‍ പൊതുവായി രാജാവ് അറിഞ്ഞിരിക്കണം. കൃത്യതയോടെ രാജാധികാരം പ്രജാക്ഷേമത്തിനുവേണ്ടി വിനിയോഗിക്കണം.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജാവ് എന്ന സ്ഥാനം സ്വന്തമല്ല, അതിനാല്‍ എല്ലായ്‌പ്പോഴും രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തി ആ സ്ഥാനത്തെ സ്വയം അനുസരിക്കണം. രാജാവെന്ന സ്ഥാനത്താല്‍ പ്രയോജനം ലഭിക്കേണ്ടവര്‍ പ്രജകളാണെന്ന് എല്ലായ്‌പ്പോഴും സ്വയം അറിഞ്ഞിരിക്കണം. സ്ഥാനാവബോധമാണ് ശരിയായ അറിവ്. ”
“രാജനീതിയെ ധാര്‍മ്മികമായി നടപ്പാക്കണം. പ്രജാപരിപാലനം കച്ചവടമല്ല, സേവനമാകുന്നു. ഭരണം വ്യക്തിപരമായ വരുമാനസ്രോതസ്സല്ല. രാജാവ് ഒരിക്കലും പ്രജകളെവെച്ച് കച്ചവടം ചെയ്യുന്ന വ്യാപാരിയാകരുത്. വിദേശരാജ്യങ്ങളുമായോ അവിടുത്തെ സ്ഥാപനങ്ങളുമായോ വിദേശ രാജ്യങ്ങളിലെ പ്രജകളുമായോ ഭരണാധികാരിയോ മറ്റാരുമോ രാഷ്ട്ര സുരക്ഷയ്ക്കും സ്വതന്ത്രമായുള്ള നിലനില്‍പ്പിനും വികസനത്തിനും രാജ്യതാല്‍പ്പര്യങ്ങള്‍ക്കും രാജനൈതിക നിയമത്തിനും ലിഖിത ഭരണ ഘടനയ്ക്കും വിരുദ്ധമായി യാതൊരു വിധത്തിലുള്ള കരാറുകളും വാക്കാലോ രേഖാമൂലമോ അല്ലാതേയോ ഉണ്ടാക്കുവാന്‍ പാടില്ല. യാതൊരു കാരണവശാലും യാതൊരു കാലത്തും യാതൊരു സന്ദര്‍ഭത്തിലും വിദേശികള്‍ക്ക് രാജ്യത്തെ സ്ഥാപനങ്ങളോ സംരഭങ്ങളോ സ്ഥലങ്ങളോ ഉള്‍പ്പെടെ യാതൊന്നും ഭരണാധികാരി അഥവാ രാജാവ് വില്‍ക്കുവാനോ കൈമാറുവാനോ പണയപ്പെടുത്തുവാനോ പാടില്ലാത്തതാകുന്നു” രാജനൈതിക നിയമത്തിലെ പ്രസക്തമായ ഭാഗം ശ്രീരാമന്‍ അറിയിച്ചു.
“പ്രജകളില്‍നിന്നും തിരിച്ചു ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കച്ചവട താല്‍പ്പര്യത്തോടെ യാതൊന്നും രാജാവ് ചെയ്യരുത്. നികുതി വരുമാനത്തിനു വേണ്ടി യാതൊന്നും രാജാവ് രാജഭരണത്തിലൂടെ ചെയ്യരുത്. പ്രജാക്ഷേമത്തിനുവേണ്ടി മാത്രമായിരിക്കണം ഭരണം. രാജാവ് അഥവാ ഭരണാധികാരി പ്രജകളുടെ ആശ്രയവും അഭയവുമാകുന്നു.” രാമന്‍ പ്രതിവചിച്ചു.
“എങ്കില്‍ പ്രജകളോ?” ദശരഥന്റെ മറുചോദ്യം.
“പ്രജകള്‍ ധര്‍മത്തിന്റെ പരിപാലകരായിരിക്കണം. രാജാവ് ധര്‍മമാകുന്ന സൂര്യനും, പ്രജകള്‍ ആ സൂര്യന്റെ കിരണങ്ങളുമാകുന്നു. പ്രജകളുടെ നിതാന്ത ജാഗ്രതയും സ്വകര്‍മ്മ പൂര്‍ത്തീകരണത്തിലുള്ള ദത്തശ്രദ്ധയും രാജനീതിപ്രകാരമുള്ള ജീവിത നിയമങ്ങളുടെ അനുസരണയും ആദര്‍ശ ധീരതയും കഠിനാദ്ധ്വാനവും ഭയരഹിതാവസ്ഥയുമാകുന്നു രാഷ്ട്രം സമൃദ്ധിയോടേയും സുരക്ഷിതത്തോടേയും നിലനില്‍ക്കുന്നതിനുള്ള അടിസ്ഥാനം. സ്വകര്‍മ്മ പൂര്‍ത്തീകരണമാകുന്ന സ്വപ്രയത്നങ്ങള്‍ ജീവിതാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള കൂട്ടായ സംരംഭങ്ങളായി ഭരണാധികാരി നിലനിര്‍ത്തുമ്പോള്‍ അതിനെ രാഷ്ട്ര സേവനമായി പ്രജകള്‍ ഉള്‍ക്കൊള്ളണം. തങ്ങള്‍ തന്നെയാകുന്നു രാഷ്ട്രമെന്ന വ്യക്തത പ്രജകള്‍ക്ക് ഉണ്ടായിരിയ്ക്കണം. രാഷ്ട്രത്തെ നിലനിര്‍ത്തുന്നതും നശിപ്പിയ്ക്കുന്നതും തങ്ങള്‍ തന്നെയാണെന്ന് പ്രജകള്‍ തിരിച്ചറിഞ്ഞിരിയ്ക്കണം. അനുസരിയ്ക്കാന്‍ മാത്രം വിധിയ്ക്കപ്പെട്ടവരാണ് തങ്ങളെന്ന അറിവില്ലായ്മയില്‍ കാലം കഴിയ്ക്കുന്നവരായി പ്രജകള്‍ മാറിയാല്‍ ആ രാഷ്ട്രത്തെ നശിപ്പിയ്ക്കുന്നവരും അവര്‍ തന്നെയായിരിയ്ക്കും. വിനയത്തോടെ അനുസരിയ്ക്കാനും വിവേകത്തോടെ ചോദ്യം ചെയ്യാനും തയ്യാറാകുന്ന പ്രജകള്‍ക്ക് മാത്രമേ രാഷ്ട്രത്തെ കര്‍മ്മശേഷിയോടെ നിലനിര്‍ത്തുവാന്‍ സാധിയ്ക്കൂ.” ഔചിത്യത്തോടെ ശ്രീരാമന്‍ മറുപടി നല്‍കി.
“ഭരണം എപ്രകാരമായിരിക്കണം?” ദശരഥന്‍ ചോദ്യം തുടര്‍ന്നു.
“ഭരണം പ്രജകളുടെ ക്ഷേമത്തിനായിരിക്കണം. നീതിപൂര്‍വ്വം ധാര്‍മ്മികമായ ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ പ്രജാക്ഷേമം നടപ്പിലാക്കുന്നതിനായിരിക്കണം ഭരണം. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ജീവിതവിജയത്തിന് ആവശ്യമായതെല്ലാം രാജനൈതിക നിയമങ്ങള്‍പ്രകാരം നടപ്പാക്കണം. സാങ്കേതിക പുരോഗതിയും സായുധസേനയും അത്യന്താപേക്ഷിതം.” ശ്രീരാമന്‍ തുടര്‍ന്നു.
“പ്രജകളുടെ ജീവിതാവശ്യങ്ങള്‍ക്ക് നിര്‍ബന്ധമായ കൃഷി, വ്യവസായം മുതലായ എല്ലാത്തിന്റേയും ഉല്‍പാദനം, സംഭരണം, വിതരണം തുടങ്ങിയവ ഭരണാധികാരിയുടെ സ്ഥാനാധികാരത്തിലും തീരുമാനത്തിലും നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും മാത്രമായിരിയ്ക്കണം. എങ്കില്‍ മാത്രമേ, തൊഴിലാളികള്‍ക്കുള്ള കൂലി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന ചെലവ് കിഴിച്ച് വളരെ ചെറിയ സംഖ്യ മാത്രം മിച്ചം വെച്ചുള്ള വിലയില്‍ ലാഭേച്ഛയില്ലാതെ, ഇടനിലക്കാരുടെ ചൂഷണമില്ലാതെ, പ്രജകള്‍ക്ക് തന്നെ നല്‍കുവാന്‍ കഴിയുകയുള്ളൂ. അമിത വിലയില്ലാതെ സാധനങ്ങളുടെ വിലനിയന്ത്രണം നടപ്പാക്കുന്നതോടൊപ്പം, രാജ്യത്തെ മൊത്തം പ്രജകളുടെയും എണ്ണത്തിന് അനുസരിച്ച് ഉല്‍പ്പാദന തോതില്‍ വരുന്ന വന്‍വര്‍ദ്ധനവിലൂടെ കൂലിയും പ്രവര്‍ത്തന ചെലവും കിഴിച്ചുള്ള മൊത്തം മിച്ചസംഖ്യ വളരെയധികം വര്‍ദ്ധിച്ച് രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിയ്കുവാന്‍ സഹായകരമാകുന്നു ഇത്തരം സ്ഥാപനങ്ങളും സംരംഭങ്ങളും. പ്രസ്തുത സ്ഥാപനങ്ങളുടെ മിച്ചസംഖ്യ നേരിട്ട് രാജ്യത്തിന്റെ സ്വന്തമായതിനാലും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായി ഇത്തരം സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതിനാലും വരുമാനത്തിനായി വീണ്ടും നികുതിപിരിവ് നടത്തേണ്ട ആവശ്യമില്ല. ഇടനിലക്കാരായ വ്യാപാരികളുടെ ചൂഷണത്തില്‍ നിന്നും പ്രജകളെ രക്ഷിയ്ക്കുന്നതിന് ഇത് അനിവാര്യമാകുന്നു. പ്രജകളെ ചൂഷണം ചെയ്ത് ചിലര്‍ക്ക് ലാഭമുണ്ടാക്കുന്നതിനല്ല രാജ്യത്തെ വിഭവങ്ങളും ഭരണസംവിധാനവുമെന്ന് തെളിയിച്ചിരിയ്ക്കണം. അപ്പോള്‍ മാത്രമേ പ്രജകള്‍ക്ക് സ്വകര്‍മം രാഷ്ട്രസേവനമായി നിര്‍വ്വഹിയ്ക്കുവാന്‍ കഴിയൂ.” ദീര്‍ഘവീക്ഷണത്തോടെയുള്ള ശ്രീരാമന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറി.
“സാധന സാമഗ്രികളുടെ, പ്രത്യേകിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് നിയന്ത്രിയ്ക്കുവാനും രാഷ്ട്രത്തിന്റെ പ്രവര്‍ത്തന ചെലവിനും കരുതല്‍ ധനത്തിനും സൈനീക സുരക്ഷാ ചെലവുകള്‍ക്കും വിദേശനാണ്യ കരുതല്‍ ധനത്തിനും വേണ്ടി ഇത്തരം സ്ഥാപനങ്ങളും സംരംഭങ്ങളും ഭരണാധികാരിയുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും മാത്രം എന്ന നിബന്ധനയോടെ ഉണ്ടായിരിയ്ക്കണം. പ്രജകളില്‍ നിന്നും നികുതി പിരിയ്ക്കാതെ രാഷ്ട്ര കാര്യങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കുവാനും പ്രജകള്‍ക്ക് സുരക്ഷാബോധം നല്‍കുന്നതിനും പ്രജകളുടെ വരുമാനം അവരുടെ കാര്യങ്ങള്‍ക്ക് തികയുന്നതിനും ഇത് നിര്‍ബന്ധമാണ്. പ്രജകള്‍ക്ക് അവരുടെ യോഗ്യതയും വൈഭവവും കാര്യക്ഷമതയും സ്വഭാവവും അനുസരിച്ച് യഥാവിധി തൊഴിലെടുക്കുന്നതിന് മതിയായ ഒഴിവുകളും അവസരങ്ങളും ഉണ്ടാകുന്നതിന് ഭരണാധികാരിയുടെ ഇത്തരം സംരംഭങ്ങള്‍ സാഹചര്യമൊരുക്കും. നൂതനാശയങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ സാഹചര്യം ഭരണാധികാരി ഒരുക്കികൊടുക്കണം.” ശ്രീരാമന്‍ തുടര്‍ന്നു.
“പ്രയത്നത്തിന്റെ അഥവാ അദ്ധ്വാനത്തിന്റെ മഹത്വം അറിഞ്ഞുകൊണ്ട് ജീവിയ്ക്കുക എന്നതിന് വളരെ പ്രാധാന്യമുണ്ട്. രാജ്യത്തിന്റേയും പ്രജകളുടേയും ആവശ്യകതകള്‍ നിറവേറ്റുന്ന സംരംഭങ്ങളുടേയും സ്ഥാപനങ്ങളുടേയും വിജയകരമായ നടത്തിപ്പിലൂടെ അദ്ധ്വാനത്തിന്റേയും പ്രയത്നത്തിന്റേയും മാഹാത്മ്യം അറിഞ്ഞുകൊണ്ട്, അതുവഴിയുള്ള സമ്പാദ്യത്തിലൂടെ രാഷ്ട്ര പുരോഗതി കൈവരിയ്ക്കുന്ന ക്ഷേമരാഷ്ട്ര നിയമങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്കെല്ലാം സ്വീകരിയ്ക്കാവുന്ന മാതൃകയാകുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“ആരൊക്കെയോ ക്ലേശങ്ങള്‍ സഹിച്ച് നടത്തിക്കൊണ്ടിരിയ്ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും യാതൊരു പ്രയത്നവുമില്ലാതെ നിശ്ചിത രീതിയില്‍ നിര്‍ബന്ധിത വിഹിതം പറ്റുന്ന നികുതി പിരിവ് അക്ഷരാര്‍ത്ഥത്തില്‍ കൊള്ള തന്നെയാകുന്നു. പ്രജകള്‍ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്നും നികുതിയെന്ന പേരില്‍ നിശ്ചിത വിഹിതം വേണമെന്ന നിയമമെന്ന പേരിലുള്ള ദുരുദ്ദേശ്യം യാതൊരു കാരണവശാലും യഥാര്‍ത്ഥ ഭരണാധികാരി നടപ്പാക്കുകയില്ല. പ്രജകളില്‍ നിന്നും വ്യാപാരികളില്‍ നിന്നും ഭീഷണിപ്പെടുത്തി കൊള്ളസംഘങ്ങള്‍ നടത്തുന്ന പിരിവിനും നിയമവിധേയമെന്ന പേരില്‍ ഭരണാധികാരി നടത്തുന്ന നികുതി പിരിവിനും യഥാര്‍ത്ഥത്തില്‍ വ്യത്യാസമില്ല. ക്ഷേമരാഷ്ട്രത്തില്‍ യാതൊരുവിധത്തിലുള്ള നികുതി സമ്പ്രദായവും ഉണ്ടായിരിയ്ക്കുകയില്ല. ” ശ്രീരാമന്‍ തുടര്‍ന്നു.
“കൃഷി, വ്യവസായം, സംരംഭങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, പ്രജകള്‍ക്കുള്ള വാസസ്ഥലങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, വിദ്യാദ്ധ്യയന കേന്ദ്രങ്ങള്‍, ചികിത്സാ കേന്ദ്രങ്ങള്‍, കായികപരിശീലന കേന്ദ്രങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഭരണ നിര്‍വ്വഹണത്തിനുള്ള ഔദ്യോഗിക കേന്ദ്രങ്ങള്‍, സൈനീക കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍, ജലസ്രോതസ്സുകള്‍, വനങ്ങള്‍, പര്‍വ്വതങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാമുള്ള പ്രദേശങ്ങള്‍ അതാത് ആവശ്യങ്ങള്‍ക്ക് അനുസരിച്ച് രാഷ്ട്രത്തില്‍ പ്രത്യേകമായി വേര്‍തിരിച്ചിരിയ്ക്കണം. ഭവന നിര്‍മ്മാണ മേഖലയില്‍ മാത്രം പ്രജകള്‍ക്കുള്ള ഭവനങ്ങള്‍ അതാത് കാലത്ത് ലഭ്യമായ എല്ലാ സൗകര്യങ്ങളോടെയും ഭരണാധികാരി സൗജന്യമായി അനുവദിയ്ക്കണം. പ്രജകള്‍ സ്വയം അതിസമ്പന്നത പ്രദര്‍ശിപ്പിയ്ക്കാതിരിയ്ക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കിയിരിയ്ക്കണം. ഭരണാധികാരിയും രാഷ്ട്രവും ഭരണനിര്‍വ്വഹണവും പ്രജകള്‍ക്ക് അവരുടെ ദൈനംദിന ജീവിത കാര്യങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്ന് ജീവിതാനുഭവങ്ങളാല്‍ വ്യക്തമാകണം.” ദശരഥന്‍ ശ്രീരാമ വാണികളെ ശ്രദ്ധയോടെ കേട്ടു.
“രാഷ്ട്രത്തിന്റെ ചെലവുകള്‍ കിഴിച്ചുള്ള മിച്ച സംഖ്യയില്‍ നിന്നും എല്ലാത്തിന്റേയും ഉടമസ്ഥരായ പ്രജകള്‍ക്കും വിഹിതം ലഭിച്ചുകൊണ്ടിരിയ്ക്കണം. പ്രസ്തുത വിഹിതത്തില്‍നിന്നും പ്രജകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടതെല്ലാം സൗജന്യമായി നല്‍കുവാന്‍ കഴിയും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഭരണ നിര്‍വ്വഹണത്തിന്റെ അടിസ്ഥാന നിയമമാകുന്നു. രാഷ്ട്ര സുരക്ഷയോടൊപ്പം, രാജ്യത്തിന്റെ നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ജീവിതാവശ്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍ സമാഹരിച്ച് പ്രജകള്‍ക്ക് തുല്യമായി അഭിരുചികള്‍ക്ക് അനുസരിച്ച് വിതരണം ചെയ്യുക എന്ന സുപ്രധാന കാര്യനിര്‍വ്വഹണമാകുന്നു ഭാരണാധികാരി അഥവാ രാജാവ് എന്ന സ്ഥാനത്താല്‍ ഉദ്ദേശിക്കുന്നത്. അവശ്യഘട്ടത്തില്‍ പ്രജകള്‍ക്ക് ദീര്‍ഘ കാലാവധിയില്‍ പലിശരഹിത വായ്പകള്‍ അനുവദിയ്ക്കണം. വര്‍ഷംതോറും പ്രജകള്‍ക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്ന വിഹിതത്തില്‍ നിന്നും പ്രസ്തുത വായ്പയുടെ തവണ സംഖ്യ തിരിച്ചടവായി സ്വീകരിയ്ക്കണം. പ്രജകള്‍ക്ക് സാമ്പത്തിക ബാധ്യത വന്ന് ചേരാതിരിക്കുക എന്നത് രാജനീതിപ്രകാരം സുപ്രധാനമാകുന്നു. വിദേശ നാണ്യശേഖരം വര്‍ദ്ധിപ്പിയ്ക്കുന്നതിന് വിദേശ രാജ്യങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളും അസംസ്കൃത വസ്തുക്കളും ഭരണാധികാരിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമുള്ള സ്ഥാപനങ്ങള്‍ വഴി നിര്‍മ്മിച്ച് കയറ്റുമതി ചെയ്യണം.” ശ്രീരാമന്‍ തുടര്‍ന്നു.
“മുഖ്യ നഗരപാലകന്റെ നേതൃത്വത്തില്‍ പ്രജകളുടെ സുരക്ഷയ്ക്കായി നൂറ് കുടുംബങ്ങള്‍ക്ക് അമ്പത് അഥവാ ആവശ്യാനുസൃതം എന്ന തോതില്‍ നിശ്ചിത എണ്ണം സുരക്ഷാ കാര്യനിര്‍വ്വഹണ സംഘത്തെ നിയോഗിയ്ക്കണം. എല്ലാ ഭവനങ്ങളിലേയും നിത്യജീവിത കാര്യങ്ങളില്‍ പ്രസ്തുത സുരക്ഷാ കാര്യനിര്‍വ്വഹണ സംഘത്തിന്റെ സേവനങ്ങള്‍ നിയന്ത്രിത രീതിയില്‍ സ്വകാര്യതയ്ക്ക് ഭംഗം വരാത്തവിധം ലഭിച്ചിരിയ്ക്കണം. വൃദ്ധരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കണം.” ക്ഷേമരാഷ്ട്രം കേവല സങ്കല്‍പ്പമല്ലെന്നും, പ്രായോഗികമായി നടപ്പാക്കി യാഥാര്‍ത്ഥ്യമാക്കാന്‍ അറിയുന്നവര്‍ ഉണ്ടെങ്കില്‍ സാധിയ്ക്കുമെന്നും ശ്രീരാമന്‍ തെളിയിക്കുന്നു.
“പ്രജകളുടെ അഭിരുചിയ്ക്ക് അനുസരിച്ച് തൊഴില്‍ അഥവാ കര്‍മം ചെയ്യുന്നതിനും മതിയായ പ്രതിഫലം ലഭിയ്ക്കുന്നതിനും ആവശ്യമായ വിദ്യാദ്ധ്യയനമാണ് പൂര്‍ണ്ണമായും സൗജന്യമായി ഭരണാധികാരി അനുവദിയ്ക്കേണ്ടത്. അഭ്യാസം, പരിശീലനം, പരിചയം, പ്രാപ്തി, പക്വത എന്നിവയ്ക്കാകുന്നു വിദ്യാദ്ധ്യയനം. ഏതൊരു തൊഴില്‍ മേഖലയിലും അഭ്യാസത്തിലൂടെ അഥവാ പഠനത്തിലൂടെ നേടിയ അറിവ് പ്രായോഗിക പരിശീലനത്തിലൂടെ പരിചയിച്ചും നൈരന്തര്യപ്രക്രിയയിലൂടെ പ്രാപ്തി നേടിയും വൈദഗ്ദ്ധ്യത്തിലൂടെ പക്വതയില്‍ നിലകൊള്ളുമ്പോള്‍ ഒരു വ്യക്തി സ്വയം പ്രയോജനപ്പെടുന്നതോടൊപ്പം രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാവുന്നു. കാര്യനിര്‍വ്വഹണങ്ങള്‍ക്ക് ഉപകാരപ്പെടുന്നു. എല്ലാവര്‍ക്കും സൗജന്യ ചികിത്സ നിര്‍ബന്ധമായും നടപ്പാക്കിയിരിയ്ക്കണം. പ്രജകളുടെ ആളോ ഹരി വരുമാനം വര്‍ദ്ധിയ്ക്കുന്നതോടൊപ്പം സമ്പാദ്യവും വര്‍ദ്ധിയ്ക്കണം. പ്രജകള്‍ സമ്പന്നരാവണം, സ്വകര്‍മം നിര്‍വ്വഹിച്ചുകൊണ്ട്.” ഭരണ നിര്‍വ്വഹണത്തോടൊപ്പം സ്വകര്‍മ പൂര്‍ത്തീകരണത്തിന്റെ പ്രാധാന്യവും പ്രായോഗികമായി ജീവിതത്തില്‍ എങ്ങനെ അത് നടപ്പാക്കാമെന്നും ശ്രീരാമന്‍ വിവരിച്ചു.
“ധനവിനിമയ ഉപാധിയായ നാണയ നിര്‍മ്മാണവും സൈന്യവും സൈനീക സേവനവും ഭരണനിര്‍വ്വഹണവും രാഷ്ട്രത്തിന്റെ ഭരണാധികാരിയുടെ നിയന്ത്രണത്തില്‍ മാത്രം നിലനിര്‍ത്തുന്നത് പോലെ തന്നെ സുപ്രധാനമാണ് ദൈനംദിന ജീവിതകാര്യങ്ങള്‍ക്കും പുരോഗതിയ്ക്കും അത്യാവശ്യമായ എല്ലാത്തിന്റേയും അഥവാ എല്ലാ വിഭവങ്ങളുടേയും അസംസ്കൃത വസ്തുക്കളുടേയും നിര്‍മ്മാണവും സംഭരണവും വിതരണവുമെല്ലാം ഭരണാധികാരിയുടെ സ്ഥാനാധികാരത്തിലും മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും നടത്തിപ്പിലും തീരുമാനത്തിലും മാത്രമായിരിയ്ക്കണം എന്നത്. രാജ്യത്തിലെ വിഭവങ്ങളും അവയുടെ നിര്‍മ്മാണ സംഭരണ വിതരണങ്ങള്‍ തുടങ്ങിയവയും ഏതാനും പേരുടെ സ്വകാര്യ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാകരുത്. ഇത് രാജനൈതിക നിയമത്തിന്റെ സുപ്രധാന ഭാഗമാകുന്നു. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പ് വരുത്തണം. പ്രജകള്‍ എന്ന സ്ഥാനത്തുള്ള വ്യക്തികള്‍ക്കാണ് ഭരണാധികാരി സംരക്ഷണം അനുവദിയ്ക്കുന്നത്.” ഭരണം എങ്ങനെയായിരിയ്ക്കണമെന്ന അറിവ് ആദ്യമേ ഭരണാധികാരിയ്ക്കുണ്ടായിരിയ്ക്കണമെന്ന് ശ്രീരാമന്‍ തെളിയിയ്ക്കുന്നു.
“രാജാവ് കടം വാങ്ങി പ്രജകളെ കടക്കെണിയിലാക്കരുത് എന്നതും പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാകുന്നു. ക്ഷേമാധിഷ്ഠിത ഭരണം പ്രാവര്‍ത്തികമല്ലെങ്കില്‍ പ്രജകള്‍ പ്രത്യക്ഷത്തില്‍ ഉടമസ്ഥരും ഫലത്തില്‍ വാടകക്കാരും യഥാര്‍ത്ഥത്തില്‍ അന്യരുമായിരിക്കും.” രാജനൈതിക നിയമപ്രകാരം ഭരണത്തെക്കുറിച്ചുള്ള ശ്രീരാമന്റെ വിശദീകരണത്തില്‍ എല്ലാവര്‍ക്കും സംതൃപ്തിയുണ്ടായി.
“ഒരു രാജ്യത്തെ ജനങ്ങളുടെ സുപ്രധാനമായ അവകാശമാണ് ഭരണാധികാരി എന്ന സ്ഥാനത്താല്‍ അനുവദിയ്ക്കുന്ന ക്ഷേമാധിഷ്ഠിത ഭരണം.” രാമന്‍ തുടര്‍ന്നു.
“ശുദ്ധമായ വായു, വെള്ളം, ആഹാരം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വിദ്യാദ്ധ്യയനം, വിളക്കുകള്‍, ഊര്‍ജ്ജസ്രോതസ്സുകള്‍, വാഹനം, സാങ്കേതിക സൗകര്യങ്ങള്‍, തൊഴില്‍ മുതലായവയെല്ലാം അവകാശമായി അതിനാല്‍ സൗജന്യമായി നികുതിരഹിത ഘടനയോടെ സ്വതന്ത്രമായി ജീവിയ്ക്കുവാനുള്ള സുരക്ഷിതത്തോടും സംരക്ഷണത്തോടുമൊപ്പം ഒരു രാജ്യത്തെ ഭരണാധികാരി അനുവദിയ്ക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ക്ഷേമാധിഷ്ഠിത ഭരണം പ്രാവര്‍ത്തികമാകൂ; ക്ഷേമരാഷ്ട്രം സ്ഥാപിതമാകൂ.” പൂര്‍ണ്ണമായും ഔദ്യോഗികമായിരുന്നു ശ്രീരാമന്റെ ഉത്തരം.
ദശരഥന്‍ ശ്രീരാമ വചനങ്ങളില്‍ സംതൃപ്തനായി.
“ഭരണം പ്രതിസന്ധിയിലാകുമ്പോള്‍ രാജാവ് എപ്രകാരമായിരിക്കണം?” മഹാരാജാ ദശരഥന്‍ നിയുക്ത യുവരാജാവായ രാമനോട് ചോദിച്ചു.
“രാജാവ് പക്വതയോടെ ധാര്‍മ്മികമായി പ്രജാക്ഷേമത്തിന് പ്രാധാന്യം കൊടുത്ത് നേരിട്ട് ഭരണകാര്യങ്ങള്‍ നിയന്ത്രിക്കണം. രാജനീതി പ്രജകള്‍ക്ക് ലഭ്യമായിരിക്കണം. ഭരണകാര്യങ്ങള്‍ സുഗമമായി നടത്തുന്നതിനുവേണ്ട സംവിധാനങ്ങളും സജ്ജീകരണങ്ങളും പ്രബലതയോടെ നടപ്പാക്കണം. രാജാവ് ആത്മബലത്തോടെ പ്രജകളെ അഭിസംബോധന ചെയ്യണം. പ്രതിസന്ധിയുടെ കാര്യകാരണങ്ങളെ മന്ത്രിപ്രമുഖര്‍ മുതല്‍ ആവശ്യമായ എല്ലാവരുമായും ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനത്തിലെത്തണം. പ്രജകളുടെ അഭിപ്രായങ്ങളെ യഥാ അറിയണം. പരിഹാരങ്ങള്‍ക്കായി വിദഗ്ദ്ധരെ രാജാവ് നേരിട്ട് ചുമതലപ്പെടുത്തണം. വിശദമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ശീഘ്രം വ്യക്തമായ തീരുമാനത്തിലെത്തണം. അവയെല്ലാം യഥാ പ്രജകളെ അറിയിച്ച് അവരുടെ തീരുമാനങ്ങളും അറിയണം. സൈന്യത്തെ ശക്തമാക്കണം. ചാരപ്രവര്‍ത്തനം വ്യാപിപ്പിച്ച് വിവരങ്ങള്‍ ശേഖരിക്കണം. തുടര്‍ന്ന് പ്രായോഗികവും പ്രതിസന്ധി പരിഹരിക്കുവാന്‍ ഉതകുന്നതുമായ ക്രിയാത്മക നടപടികള്‍ യുക്തിപൂര്‍വ്വം കൈക്കൊണ്ട് വിഷമാവസ്ഥകള്‍ പരിഹരിക്കണം. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രതിസന്ധി ഭരണത്തിനു മാത്രമേ പാടുള്ളൂ; രാജാവിന്റെ ധര്‍മബോധത്തിനാവരുത്.”
ശ്രീരാമന്റെ മറുപടി സഭാവാസികളെയെല്ലാം ആവേശഭരിതരാക്കി. ദശരഥനും ഉത്സാഹമേറി. എന്നാല്‍ കൈകേയിമാത്രം അസ്വസ്ഥയായി കാണപ്പെട്ടു.
“രാജാവു തന്നെ പതിയും പിതാവും മുതല്‍ മറ്റെല്ലാമാകുമ്പോള്‍, എങ്ങനെയായിരിക്കണം ഓരോ സ്ഥാനപ്രകാരവും വാക്ക് പാലിക്കേണ്ടതും കര്‍ത്തവ്യം പൂര്‍ത്തീകരിക്കേണ്ടതും?” ദശരഥന്‍ രാമനോട് ചോദിച്ചു.
“വാഗ്ദാനപാലനവും കര്‍ത്തവ്യപൂര്‍ത്തീകരണവും അതാത് സ്ഥാനപ്രകാരം സദുദ്ദേശ്യത്തോടെ നീതിപൂര്‍വ്വം ധാര്‍മ്മികമായിരിക്കണം. വാക്ക് പാലിക്കുന്നതിന് രാജാവെന്നും പിതാവെന്നും വകഭേദമില്ല. വ്യക്തി തന്നെയാണ് രാജാവ്, പിതാവ് മുതലായ എല്ലാ സ്ഥാനങ്ങളിലും നിലകൊള്ളുന്നത്. അതാത് സ്ഥാനപ്രകാരം വാക്ക് പാലിയ്ക്കണമെങ്കിലും രാജാവെന്ന സ്ഥാനാധികാരത്തിനാകുന്നു സുപ്രധാനമെന്നത് സ്വയം അനുസരിക്കുക എന്നതാകുന്നു വാക്ക് പാലിക്കുന്നതിന് അടിസ്ഥാനം. രാഷ്ട്രത്തിന് പ്രാധാന്യം നല്‍കി അതാത് സ്ഥാനപ്രകാരം സ്വയം അര്‍ഹതയോടെയുള്ള വാക്ക് പാലിക്കുക എന്നത് കര്‍ത്തവ്യപൂര്‍ത്തീകരണമാകുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജാവിന് രാജ്യവും അഥവാ പ്രജകളും വിവിധ സ്ഥാനങ്ങള്‍പ്രകാരമുള്ള കര്‍ത്തവ്യപൂര്‍ത്തീകരണവും, പിതാവിന് പത്നിയും സന്താനങ്ങളും അഥവാ കുടുംബവും വിവിധ സ്ഥാനങ്ങള്‍പ്രകാരമുള്ള ഉത്തരവാദിത്ത പൂര്‍ത്തീകരണവുമാകുന്നു. രാജാവ് രാജ്യത്തിലോ പ്രജകളിലോ, പിതാവ് പത്നിയിലോ സന്താനങ്ങളിലോ മമതാഭാവത്തില്‍ ബന്ധിതനാകരുത്. മമതാ ബന്ധങ്ങളില്‍ കീഴ്‌പ്പെടാതെ രാജനീതിപ്രകാരം ധാര്‍മ്മികമായി സദുദ്ദേശ്യമുണ്ടെങ്കില്‍ മാത്രമേ കര്‍ത്തവ്യപൂര്‍ത്തീകരണമാകുന്ന വാക്ക് പാലിക്കുവാന്‍ കഴിയൂ. മമതയ്ക്ക് കീഴ്‌പ്പെട്ടാല്‍ വിധേയത്വം സംഭവിച്ച് വിനാശത്തിന് ഇടയാകുന്നു. തന്മൂലം ആത്മബോധം പ്രകാശിക്കുകയില്ല അഥവാ വിവേകത്തോടെയുള്ള തീരുമാനം നടപ്പാക്കുവാന്‍ കഴിയില്ല.” സ്വതസിദ്ധമായ മധുരഭാഷണത്തോടെ രാമന്‍ തുടര്‍ന്നു.
“വാക്ക്പാലിയ്ക്കുമ്പോള്‍ രാജാവ് രാജനീതിപ്രകാരം രാജധര്‍മവും പിതാവ് പിതൃധര്‍മവും പാലിയ്ക്കണം.” ഗാംഭീര്യം കലര്‍ന്നതും എന്നാല്‍ മൃദുലവുമായ രാമന്റെ ഭാഷണം സഭാംഗങ്ങള്‍ക്ക് അത്യുത്സാഹമേകി.
“രാജമഹിഷി എപ്രകാരമായിരിയ്ക്കണം?” അയോദ്ധ്യയുടെ രാജാവായ ദശരഥന്റെ അടുത്ത ചോദ്യം.
“രാജമഹിഷി രാജ്യത്തിന്റേതാകുന്നു. പത്നി കുടുംബത്തിന്റേയും. രാജനീതിപ്രകാരമുള്ള രാഷ്ട്രസുരക്ഷയും പ്രജാക്ഷേമവുമാകുന്നു രാജമഹിഷിയുടെ ഏറ്റവും പ്രധാന ഉദ്ദേശ്യം. രാജ്യസുരക്ഷക്കും പ്രജാപരിപാലനത്തിനും ആവശ്യമായതെല്ലാം നടപ്പിലാക്കുന്നതിന് രാജാവിനെ സഹായിക്കേണ്ടത് രാജമഹിഷിയാണ്. കുടുംബത്തിന്റെ വലയില്‍ കുടുങ്ങാതെ രാജ്യകാര്യങ്ങളില്‍ വ്യാപൃതനാകുവാന്‍ രാജാവിന് സാധിക്കുന്നതിന് ആവശ്യമായ വൈകാരിക മേഖലകളിലെ പിന്തുണയും വിവേകപൂര്‍വ്വം നല്‍കേണ്ടത് രാജമഹിഷിയാണ്. സധൈര്യം ഏതൊരു പ്രതിസന്ധിയിലും രാജാവിന് തുണയായിരിക്കേണ്ടതും രാജമഹിഷിയാണ്. രാജനീതിക്കും രാജഹിതത്തിനും പ്രജാക്ഷേമത്തിനും എതിരായ യാതൊന്നും രാജമഹിഷിയില്‍നിന്നും ഉണ്ടാകരുത്.” രാമന്‍ തുടര്‍ന്നു.
“ഏവരുടേയും പത്നി ധാര്‍മ്മികതയില്‍ മാത്രമായിരിക്കണം. സ്ത്രീ സഹചാരിണിയാകുന്നു. ധര്‍മത്തില്‍ നിലകൊള്ളുന്നതിനുള്ള സഹചാരിണി. അതിനാല്‍ രാജമഹിഷിയും ധാര്‍മ്മികതയില്‍ മാത്രമായിരിക്കണം.” രാമന്റെ ഉത്തരം വസിഷ്ഠനെ കൂടുതല്‍ സന്തോഷവാനാക്കി.
“ഏതാനും രാജമഹിഷിമാരും അവരില്‍ ഒട്ടേറെ പുത്രന്മാരുമുണ്ടെങ്കില്‍, അതില്‍ ആരേയായിരിക്കണം യുവരാജാവായി രാജാവ് തിരഞ്ഞെടുക്കേണ്ടത്?” അത്യന്തം സൂക്ഷ്മതയോടെ സഭയെ വീക്ഷിച്ചശേഷം ദശരഥന്‍ ചോദ്യം തുടര്‍ന്നു.
സഭാവാസികളെല്ലാം പരിഭ്രമത്തോടെ പരസ്പരം നോക്കി. കൗസല്യയും സുമിത്രയും കാര്യമറിയാതെ ഏറെ ഉല്‍ക്കണ്ഠാകുലരാകുമ്പോള്‍ കൈകേയിയില്‍ മാത്രം ഭയവും പരിഭ്രമവും മാറിമാറി നിഴലിച്ചു.
“കര്‍ത്തവ്യപൂര്‍ത്തീകരണത്തിനായി പ്രജകള്‍ക്കെന്നും മാതൃകയാകേണ്ടതായ രാജാവിന്റെ ചെയ്തികളോരോന്നും രാജനീതിപ്രകാരം ധര്‍മത്തില്‍ അധിഷ്ഠിതമായിരിക്കണം. പ്രജകളെ നയിക്കേണ്ട രാജാവിന് തന്നെ അനവധി പത്നിമാരുണ്ടെങ്കില്‍, അവരില്‍ ഒട്ടനവധി സന്താനങ്ങളുണ്ടെങ്കില്‍, തീര്‍ച്ചയായും അവയൊന്നും ധാര്‍മ്മികതയ്ക്കും സദാചാരത്തിനും രാജനീതിക്കും നിരക്കുന്നതല്ല. കാരണം, ഒരേ സമയം പുരുഷന് ഒരു പത്നിയും സ്ത്രീയ്ക്ക് ഒരു പതിയും മാത്രമേ പാടുള്ളൂ എന്നത് സന്താനങ്ങളുടെ സുരക്ഷയ്ക്കും പ്രകൃതിദത്തമായ കരുതലിനും നിര്‍ബന്ധമാകുന്നു. മരണമോ യുക്തമായ കാരണങ്ങളോടെ നിയമാനുസൃതം വേര്‍പിരിയലോ സംഭവിയ്ക്കുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുനര്‍വിവാഹം അനുവദനീയമാകുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“ജീവിതത്തിന് കരുതലും സുരക്ഷയും ലഭിയ്ക്കുന്നതിന് ജീവിത പങ്കാളി അനിവാര്യമാണെന്നുള്ളവര്‍ക്ക് വിവാഹിതരായി ജീവിയ്ക്കുന്നതിനും ഏതെങ്കിലും സന്ദര്‍ഭത്തില്‍ വേര്‍പിരിയണമെന്ന് എകപക്ഷീയമായോ ഉഭയസമ്മതപ്രകാരമോ ദമ്പതികളില്‍ തീരുമാനമുണ്ടായാല്‍, സന്താനങ്ങളുണ്ടെങ്കില്‍ അവരുടെ സുരക്ഷയ്ക്കും ജീവിതത്തിനും ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കി കാലതാമസം കൂടാതെ വിവാഹ മോചനം അനുവദിക്കേണ്ടതാകുന്നു. പുരുഷന്റെ അപാകതയാല്‍ സംഭവിയ്ക്കുന്ന വിവാഹ മോചനത്തിന് പ്രസ്തുത പുരുഷന്‍ സ്ത്രീയ്ക്ക് ആവശ്യമായ നഷ്ടപരിഹാരവും പുനര്‍വിവാഹിതയാകുന്ന സമയംവരേയ്ക്കും അല്ലെങ്കില്‍ ആജീവനാന്തംവരേയ്ക്കും മതിയായ നിശ്ചിത സംഖ്യ മാസംതോറും നല്‍കുകയും വേണം. വിവാഹ മോചനം തീര്‍ത്തും ആവശ്യമായ സന്ദര്‍ഭത്തില്‍ മാത്രം അഥവാ യാതൊരു കാരണവശാലും തുടര്‍ന്ന് ഒരുമിച്ച് ജീവിയ്ക്കുവാന്‍ സാധ്യമല്ലെന്ന് ജീവിത സാഹചര്യങ്ങളാല്‍ സ്വയം വ്യക്തമായാല്‍ മാത്രമേ ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹ മോചനം അനുവദിയ്ക്കുവാന്‍ പാടുള്ളൂ. വിവാഹമോചനം എളുപ്പത്തില്‍ പിന്തുടരാവുന്ന ഒരു പ്രവണതയായി കണക്കാക്കുന്ന സാഹചര്യം ഉണ്ടാവരുത്. കുടുംബബന്ധങ്ങളെ അത് ബാധിയ്ക്കും. എന്നാല്‍, പുരുഷനില്‍ നിന്നും മറ്റും പീഡനവും ഉപദ്രവവുമേല്‍ക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടന്ന് സ്ത്രീയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കി വിവാഹ മോചനം നല്‍കേണ്ടതും പ്രസ്തുത പുരുഷനെ കഠിനമായി ശിക്ഷിയ്ക്കേണ്ടതുമാകുന്നു. വിവാഹത്തിനും വിവാഹ വേര്‍പിരിയലിനും പുനര്‍വിവാഹത്തിനും എന്നതുപോലെ തന്നെ ജനനത്തിനും മരണത്തിനും കൃത്യമായ രേഖകള്‍ രാജ്യത്ത് സൂക്ഷിയ്ക്കണം. എങ്കില്‍ മാത്രമേ രാജ്യത്തെ പ്രജകളുടെ ആകെ എണ്ണം കണക്കാക്കാന്‍ സാധിയ്ക്കുകയുള്ളൂ.” ശ്രീരാമന്‍ തുടര്‍ന്നു.
“ഒരു വ്യക്തിക്ക് ഒരു പിതാവും ഒരു മാതാവും മാത്രമേയുള്ളൂ. പ്രകൃതിയുടെ അലംഘനീയമായ നിയമമാണത്. എങ്കില്‍ മാത്രമേ സദാചാരത്തില്‍ അധിഷ്ഠിതമായ സാന്മാര്‍ഗ്ഗിക ജീവിതമുണ്ടാവുകയുള്ളൂ. ഒരു രാജ്യത്ത് നിര്‍ബന്ധമായും പാലിക്കേണ്ട നിയമമാണിത്. തെറ്റായ പ്രവണതകള്‍ മുന്‍ഗാമികള്‍ ചെയ്തേക്കാം. പക്ഷേ അറിവുള്ളവര്‍ അത് പിന്തുടര്‍ന്ന് അനാചാരങ്ങള്‍ക്ക് ഇടവരുത്തരുത്. പ്രജകള്‍ സംസ്ക്കാരത്തില്‍ നിലകൊണ്ടില്ലെങ്കില്‍ രാജ്യം അധര്‍മ്മികളുടെ കൂത്തരങ്ങാകും. അത്തൊരമൊരു സ്ഥിതി സംജാതമാകാതിരിക്കുവാന്‍ രാജാവ് സ്വയം ധാര്‍മ്മികമൂല്യങ്ങളെ സ്വന്തം ജീവിതത്തില്‍ അനുസരിച്ച് പ്രജകള്‍ക്ക് മാതൃകയാവണം. അതാണ് ആര്‍ഷഭാരത സംസ്ക്കാരം എന്ന സനാതനധര്‍മ ജീവിതരീതി. മഹാരാജാവ് ക്ഷമിച്ചാലും!” ശ്രീരാമന്റെ മറുപടി എല്ലാവരിലും ഭാവഭേദമുളവാക്കി. ഒപ്പം സംഭ്രമവും ഭയവും. തെല്ലിട നിര്‍ത്തിയ രാമന്‍ ദശരഥനെ ഒന്നുനോക്കി.
“ധൈര്യമായി തുടര്‍ന്നോളൂ. ധര്‍മസംസ്ഥാപനാര്‍ത്ഥമുള്ള ഉണ്ണിയുടെ വാണികള്‍ നമ്മെ ബോധാനന്ദത്തിലേക്ക് നയിക്കുന്നു. വേഗം തുടരുക. ഒട്ടും ഭയക്കേണ്ടതില്ല. ധര്‍മമല്ലാത്തതായ നമ്മുടെ ചെയ്തികളേയും കുമാരന് വിമര്‍ശിക്കാം! വിചാരണ ചെയ്യാം!! ശിക്ഷ വിധിക്കാം!!!” രാമനിലെ ധര്‍മനിഷ്ഠയെ വ്യക്തമായി അറിഞ്ഞ ദശരഥന്‍ തന്റെ വത്സലപുത്രനെ പ്രോത്സാഹിപ്പിച്ചു.
വസിഷ്ഠന്റെ കണ്ണുകള്‍ സംതൃപ്തിയാല്‍ നിറഞ്ഞൊഴുകി. ധര്‍മത്തില്‍ നിലകൊള്ളൂന്നതിനുള്ള മഹാരാജാ ദശരഥന്റേയും ശ്രീരാമന്റേയും നിഷ്ഠയെ സഭയ്ക്കും ഏറെ സ്വീകാര്യമായി, ഒപ്പം മാതൃകയും.
ശ്രീരാമന്‍ തുടര്‍ന്നു –
“ക്ഷേമരാഷ്ട്രം നടപ്പാക്കേണ്ടത് ഏപ്രകാരമെന്ന സ്വയം വ്യക്തതയില്‍ നിലകൊണ്ട്, രാജനീതിയെ നിയമമായും, പ്രജാക്ഷേമത്തെ സദുദ്ദേശ്യമായും, കര്‍ത്തവ്യത്തെ പിതാവായും, സംരക്ഷണത്തെ മാതാവായും, ചുമതലയേയും ഉത്തരവാദിത്തത്തേയും സന്താനങ്ങളായും, ധര്‍മത്തെ ധനമായും, സദുദ്ദേശ്യത്തെ പരമാര്‍ത്ഥമായും, പരിണാമത്തെ സൃഷ്ടിയുടെ സ്വഭാവമായും, പ്രജകളെ രാഷ്ട്രമായും, ആദര്‍ശത്തെ പന്ഥാവായും, നീതിയിലും സംശുദ്ധതയിലും അധിഷ്ഠിതമായ വിവേകത്തെ വഴികാട്ടിയായും, അഹിംസയെ കൂടെപിറപ്പായും, അധര്‍മത്തേയും അഴിമതിയേയും പ്രതിയോഗിയായും, പ്രായോഗികതയെ അടിസ്ഥാനമായും, സദാചാരത്തേയും വിനയത്തേയും നിസ്വാര്‍ത്ഥതയേയും സ്വഭാവമായും, മമതയ്ക്ക് കീഴ്‌പ്പെടാതെ സദാ സ്വയം നിരീക്ഷണത്തില്‍ നിലകൊണ്ടും, സംതൃപ്തിയേയും ദിവ്യപ്രേമത്തേയും പ്രതിഫലമായും, സര്‍വ്വോപരി സ്വയംഭൂചൈതന്യവും (പഞ്ചഭൂതാത്മക ദേഹഘടനയല്ലാത്തതും) പ്രകാശസ്വരൂപവും ദേവാധിദേവ ന്മാരും യഥാക്രമം ജ്യോതിര്‍മണ്ഡലമായ ബ്രഹ്മലോക-ശിവലോക-വിഷ്ണുലോ ക വാസികളുമായ ജനിതകാധികാരിയും സരസ്വതീസമേതനുമായ ബ്രഹ്മദേവനോടും പാര്‍വ്വതിസമേതനും സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവനോടും ലക്ഷ്മീസമേതനും സംരക്ഷണാധികാരിയുമായ വിഷ്ണുദേവനോടും സംശുദ്ധ ഭക്തി സ്വയം നിലനിര്‍ത്തുന്നവരായോ, സ്വന്തം ധാര്‍മ്മിക ഭക്തിയിലും വിശ്വാസത്തിലും സ്വയം നിലകൊള്ളുന്നവരായോ, സത്യസന്ധതയും ധാര്‍മ്മികമൂല്യങ്ങളും യുക്തിയും അടിസ്ഥാനമാക്കിയുള്ള ജീവിതക്രമത്തില്‍ സ്വയം നിലകൊള്ളുന്നവരായോ, പ്രകൃതിയെ ശക്തിയായി സ്വയം ഉള്‍ക്കൊള്ളുന്നവരായോ, പ്രാപഞ്ചികതയെ ജ്ഞാനമായി അംഗീകരിക്കുന്നവരായോ, സ്വയം വിദ്യാര്‍ത്ഥിയായി സ്വയം അറിയലും സാക്ഷാത്ക്കരിക്കലുമാകുന്നു ജ്ഞാനമാര്‍ഗ്ഗമെന്ന് വിശേഷിപ്പിക്കുന്നവരായോ, സംശുദ്ധ നീതിനിര്‍വ്വഹണത്തെ ആത്യന്തിക പരമാര്‍ത്ഥമെന്ന് സ്വയം അനുസരിക്കുന്നവരായോ രാജാവിന്റെ സന്താനങ്ങളില്‍ ആരെങ്കിലുമുണ്ടെങ്കില്‍ പ്രസ്തുത വ്യക്തിയെ മാത്രം യുവരാജാവായി തെരഞ്ഞെടുക്കാം.”
“രാജാവെന്നത് പിന്തുടര്‍ച്ചയായി ലഭിക്കേണ്ടതല്ല. യഥാര്‍ത്ഥത്തില്‍, പ്രജകള്‍ യോഗ്യതയുള്ള വ്യക്തിയെ ഭരണാധികാരിയായി തെരഞ്ഞെടുക്കുകയാണ് അനുയോജ്യം. അതിനുള്ള അവകാശം പ്രജകള്‍ക്ക് ലഭിയ്ക്കുന്നുവെങ്കില്‍ മാത്രമേ അവര്‍ സ്വതന്ത്രരാകുന്നുള്ളൂ.” ശ്രീരാമന്‍ തുടര്‍ന്നു.
“കൃത്യതയോടെ ക്ഷേമരാഷ്ട്രം നടപ്പാക്കേണ്ടത് എപ്രകാരമെന്ന സ്വയം വ്യക്തതയും, പക്വതയും, വിട്ടുവീഴ്ച്ചയില്ലാത്ത നീതിനിര്‍വ്വഹണവും, നിസ്വാര്‍ത്ഥതയും, കാര്യപ്രാപ്തിയും, യുക്തിയും, സദാചാര ജീവിതവും, പ്രായോഗികമായ ഉള്‍ക്കാഴ്ചയും, ധൈര്യവും, സല്‍സ്വഭാവവും, അദ്ധ്വാനശേഷിയും, സദുദ്ദേശ്യവും സംശുദ്ധ ഭക്തിയും, സദാ വിദ്യാര്‍ത്ഥിയായിരിക്കുവാനുള്ള ശ്രദ്ധയും, കാര്യനിര്‍വ്വഹണത്തില്‍ സൂക്ഷ്മതയോടെ പെട്ടെന്ന് പ്രജാക്ഷേമത്തിന് അനുയോജ്യമായ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലുള്ള പ്രാവീണ്യതയും, അറിവ് ആര്‍ജ്ജിക്കുവാനുള്ള ജിജ്ഞാസയും, നൂതനാശയങ്ങളിലുള്ള ഗവേഷണ തല്‍പ്പരതയും, സാങ്കേതിക പരിജ്ഞാനവും, പ്രജാക്ഷേമം സ്വന്തം കാര്യമാകുന്നുവെന്ന ദൃഢനിശ്ചയവും, അഹംഭാവമില്ലായ്മയും, നിതാന്ത ജാഗ്രതയും, ധര്‍മനിഷ്ഠയുമാകുന്നു സാമാന്യേന ഭരണാധികാരി അഥവാ രാജാവാകുന്നതിനുള്ള യോഗ്യത.” ശ്രീരാമന്‍ തുടര്‍ന്നു.
“സ്വതന്ത്രവും നിഷ്പക്ഷവും സന്തുലിതവുമായ നീതിനിഷ്ഠയാകുന്നു രാഷ്ട്രത്തിന്റെ നിയന്താവ്. രാജനീതിപ്രകാരം പ്രജാക്ഷേമത്തിനായുള്ള ധാര്‍മ്മികമായ നിയമസംവിധാനമാണ് രാഷ്ട്രത്തെ നിയന്ത്രിക്കേണ്ടത്. യാതൊരു വിശ്വാസ സംഹിതകളും രാഷ്ട്രത്തെ നിയന്ത്രിക്കരുത്. ഭക്തി-വിശ്വാസ കാര്യങ്ങള്‍ വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും മാത്രം ഉള്‍പ്പെടുന്നു. രാഷ്ട്രം വ്യക്തിയുടെ നിയമാനുസൃതവും ധാര്‍മ്മികവും സദുദ്ദേശ്യപരവുമായ ഭക്തി-വിശ്വാസങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മാത്രം. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവ ലോകത്തിലെ സുപ്രധാന ഘടനയാകുന്നു.”
നിഷ്പക്ഷതയോടെ ശ്രീരാമന്‍ തുടര്‍ന്നു.
സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍ നീതിനിര്‍വ്വഹണ ചരിത്രത്തിലെ സുപ്രധാന അദ്ധ്യായം രചിക്കുകയാണ്.
മഹാരാജാവിലും കൈകേയി ഒഴികെയുള്ള രാജമഹിഷിമാരിലും, രാജനൈതിക ഉപദേഷ്ടാവായ വസിഷ്ഠനിലും മന്ത്രിമുഖ്യരിലും, മറ്റ് പ്രമുഖരിലും, സഭാവാസികളിലും, പ്രജകളിലും, സര്‍വ്വോപരി ലക്ഷ്മണനിലും സീതയിലും ഒരുപോലെ ജിജ്ഞാസയും പരിഭ്രാന്തിയും വളര്‍ത്തി. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും കൃത്യമായി ഉള്‍ക്കൊള്ളാനാവാതെ എല്ലാവരും ആകാംക്ഷയോടെ വീക്ഷിച്ചുകൊണ്ടിരുന്നു.
“ഉത്തരം ശ്രേഷ്ഠം!!” സംപ്രീതനായ ദശരഥന്‍ ശ്രീരാമന്റെ വാക്കുകളെ സര്‍വ്വാത്മനാ സ്വീകരിച്ചു.
“കുമാരാ! നമ്മുടെ അടുത്ത ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കുക.” ദശരഥന്‍ തുടര്‍ന്നു.
“അല്പംമുമ്പ് കുമാരന്‍ വ്യക്തമാക്കിയ ഗുണങ്ങളെല്ലാം തികഞ്ഞ പുത്രനെ മഹാരാജാവ് യുവരാജാവാക്കുന്നതിനായി തീരുമാനിച്ചുവെന്ന് കരുതുക. അഭിഷേകദിനവും സമയവും പ്രജകളോട് പ്രഖ്യാപിച്ചു. അതിനിടെ, മുമ്പൊരിക്കല്‍ നടന്ന യുദ്ധത്തില്‍ സഹായിച്ചതിനുള്ള പ്രത്യുപകാരമായി അനുയോജ്യമായ അഭീഷ്ടം നിറവേറ്റാമെന്ന് രാജാവ് നല്‍കിയ വാക്കാകുന്ന രണ്ട് വരദാനങ്ങളെ ലഭിക്കുവാനായി യുവരാജാഭിഷേകം പ്രഖ്യാപിച്ചതായ ഈ അവസരത്തില്‍ രാജമഹിഷി ഒരു പ്രത്യേക ആവശ്യത്തെ, സ്വാര്‍ത്ഥതയാല്‍ അസാധാരണമായ ആവശ്യത്തെ ഉന്നയിച്ചുവെന്നും കരുതുക!!” സഭയുടെ ജിജ്ഞാസയെ വര്‍ദ്ധിപ്പിക്കുവാനെന്നപോല്‍ ദശരഥന്‍ തെല്ലിട നിര്‍ത്തി തുടര്‍ന്നു.
“ശ്രേഷ്ഠനും സര്‍വ്വഗുണസമ്പന്നനുമായ പ്രഖ്യാപിത യുവരാജാവിനെ നിശ്ചിത കാലത്തേക്ക് വനവാസത്തിനയച്ച് പകരം തന്റെ മകനെ രാജാവാക്കുക!!! അതാകുന്നു രാജമഹിഷിയുടെ അസാധാരണമായ ആവശ്യം!!!” ദശരഥന്റെ വാണികള്‍ സഭയെ നിശബ്ദമാക്കി.
അപ്രതീക്ഷിതമായ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്ന അവസ്ഥ. അയോദ്ധ്യ ഇതുവരേയും അഭിമുഖീകരിച്ചിട്ടില്ല ഇത്തരമൊരു രംഗം.
അതിനിടയില്‍ ദശരഥന്റെ വാക്കുകള്‍ സഭയാകെ പ്രകമ്പനംകൊണ്ടു.
“അല്ലയോ രാമാ! രാജനൈതിക ധര്‍മാചരണങ്ങള്‍ അനുസരിച്ച് തത്സമയങ്ങളില്‍ എന്തായിരിക്കണം രാജാവിന്റെ തീരുമാനം?”
എല്ലാവരുടേയും ശ്രദ്ധ പൊടുന്നനെ കൈകേയിയിലേക്ക് തിരിഞ്ഞു. അവരുടെ അസ്വസ്ഥതയും ഭയവും നിറഞ്ഞ മുഖവും പരിഭ്രമത്താലുള്ള അംഗചലനങ്ങളും ഗൗരവമായ പ്രശ്നങ്ങള്‍ ഉള്ളതായി എല്ലാവരേയും സംശയിപ്പിക്കുവാന്‍ കാരണമാക്കി.
വളരെ അര്‍ത്ഥവത്തും എന്നാല്‍ ഗുപ്തമായും വിഷയാവതരണം നടത്തുന്ന രാജാവിന്റെ രീതിയെ വസിഷ്ഠന് ഏറെ ഇഷ്ടമായി. അദ്ദേഹം മാത്രം എല്ലാം അറിഞ്ഞിട്ടുണ്ടായിരുന്നു. വസിഷ്ഠന്‍ രാജനൈതിക നിയമങ്ങളില്‍ രാജാവിന്റെ ധാര്‍മ്മിക ഉപദേഷ്ടാവാണ്. അതുകൊണ്ട് ധര്‍മപരിപാലനത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനും പ്രാധാന്യമുണ്ട്.
ലക്ഷ്മണനും ചിന്താകുലനായി കാണപ്പെട്ടു. സീത രാമനെ ഉറ്റുനോക്കി. പ്രജകള്‍ ആകാംക്ഷയോടെ ഓരോ വാക്കുകളും ശ്രദ്ധിച്ചുകൊണ്ടിരുന്നു. സന്തോഷവും എന്നാല്‍ ഭയാശങ്കയും മുറ്റിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ രാമന്‍ തുടര്‍ന്നു.
“അഭിപ്രായം മാറ്റാവുന്നതും എന്നാല്‍ തീരുമാനം നടപ്പാക്കി സ്വയം അനുസരിക്കേണ്ടതുമാകുന്നു. ഇവിടെ യോഗ്യനായ പുത്രനെ യുവരാജാവായി തീരുമാനിച്ച് രാജാഭിഷേകദിനംപോലും പ്രഖ്യാപിച്ചുവെങ്കില്‍, നിശ്ചയം, കാലവിളംബംകൂടാതെ പ്രജകളോടുള്ള വാക്ക് പൂര്‍ത്തീകരിക്കുവാനായി രാജാവ് യുവരാജാഭിഷേകം നടത്തണം. പ്രാപ്തനായ ഭരണാധികാരിയെയായിരിക്കണം തന്റെ പിന്‍ഗാമിയായി രാജാവ് നിശ്ചയിക്കേണ്ടത്. പ്രജകളുടെ അവകാശമാണത്. പ്രജകളുടെ അവകാശത്തെ നിലനിര്‍ത്തുകയും സംരക്ഷിക്കുകയും രാജാവിന്റെ മുഖ്യകര്‍ത്തവ്യമാകുന്നു.”
അക്ഷോഭ്യനായി സഭയെ നിരീക്ഷിച്ചുകൊണ്ട് ശ്രീരാമന്‍ തുടര്‍ന്നു.
“പ്രജനനത്തിനും, ധര്‍മാചരണത്തില്‍ സഹചാരിണിയാകുന്നതിനുമാണ് പുരുഷന്‍ സ്ത്രീയെ വധുവായി വേള്‍ക്കുന്നതും പത്നിയായി സ്വീകരിച്ച് സംരക്ഷിക്കുന്നതും. അതിനാല്‍ ധര്‍മാചരണത്തിന് വിരുദ്ധമായ യാതൊന്നും പത്നിയും പതിയും പരസ്പരം ആവശ്യപ്പെടുവാനും നിര്‍വ്വഹിക്കുവാനും പാടില്ല.” ശ്രീരാമന്റെ വിധിപ്രസ്താവം ഭാരത ചരിത്രത്തില്‍ സുന്ദരമുഹൂര്‍ത്തമായി മാറി.
അതുവരേയും വെച്ചുപുലര്‍ത്തിയിരുന്ന അറിവില്ലായ്മയെ തിരിച്ചറിഞ്ഞ് വിവേകത്തോടെ ജീവിതവിജയം നേടുന്നതിനുള്ള ഉത്തമമാര്‍ഗ്ഗദര്‍ശിയായി സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍ സഭയാകെ, ഭാരതമാകെ നിറഞ്ഞുനിന്നു.
നിഷ്പക്ഷവും ഭയരഹിതവുമായ ശ്രീരാമന്റെ നീതിനിര്‍വ്വഹണം സഭയിലുള്ളവര്‍ക്കെല്ലാം അഭിമാനവും മാതൃകയുമായി.
ശ്രീരാമന്‍ തുടര്‍ന്നു –
“യഥാര്‍ത്ഥത്തില്‍ രാജാവും രാജമഹിഷിയും പ്രജ തന്നെയാകുന്നു. പ്രജകള്‍ തങ്ങളുടെ പ്രതിനിധിയായി രാജാവിനേയും രാജമഹിഷിയേയും അവരോധിക്കുന്നുവെന്ന് മാത്രം. രാജമഹിഷിയുടെ അവസരോചിതമായ സഹായം രാജാവിന്റെ പ്രാണരക്ഷക്കും തന്മൂലമുള്ള യുദ്ധവിജയത്തിനും കാരണമായെങ്കിലും, അതിന്റെപേരില്‍ രാജാവ് ഒരിക്കലും രാജമഹിഷിക്ക് അഭീഷ്ടം നിറവേറ്റാമെന്ന വരദാനം നല്‍കാന്‍ പാടില്ല. കാരണം രാജാവിനെ രക്ഷിച്ച് യുദ്ധത്തില്‍ വിജയിക്കുവാന്‍ അവസരമൊരുക്കിയെന്നത്, ഫലത്തില്‍, പ്രതിയോഗിയില്‍നിന്നും സ്വന്തം രാജ്യത്തെ രക്ഷിക്കല്‍കൂടിയാകുന്നു. അവ ഏതൊരു പ്രജയുടേയും കര്‍ത്തവ്യമാകുന്നു. അതിനായി രാജാവൊരിക്കലും വരദാനം നല്‍കേണ്ടതില്ല. പകരം രാജമഹിഷിയുടെ അവസരോചിതമായ പ്രവൃത്തിയെ അംഗീകരിക്കണം. കൂടാതെ ധീരതയ്ക്കായി അര്‍ഹമായ സ്ഥാനാധികാരങ്ങള്‍ നല്‍കുകയും വേണം.”
“കാരണം അപ്രകാരമുള്ള പ്രോത്സാഹനം രാജ്യത്തിന്റെ സുരക്ഷയില്‍ ഏതൊ രു പ്രജയ്ക്കും തുല്യമായ സ്ഥാനമാണുള്ളതെന്ന് വ്യക്തമാകുവാന്‍ സന്ദര്‍ഭമൊരുക്കുന്നു. മാത്രമല്ല പതിയുടെ പ്രാണരക്ഷയ്ക്കായുള്ള ഏതൊരു ശ്രമവും പത്നിയുടെ ഉത്തരവാദിത്തവും ധര്‍മവുമാകുന്നു. ധര്‍മത്തെ അനുഷ്ഠിക്കുമ്പോള്‍ വരദാനം നല്‍കേണ്ടതില്ല. ഏതൊരു അഭീഷ്ടവും നിറവേറ്റാമെന്ന വരദാനം നല്‍കുവാന്‍ സാധാരണ മനുഷ്യര്‍ക്ക് അധികാരമില്ല എന്ന പരമപ്രാധാന്യമര്‍ഹിക്കുന്ന കാര്യം രാജാവ് വിസ്മരിച്ചു. അല്‍പജ്ഞാനവും പരിമിത സ്ഥാനാധികാരങ്ങളുമുള്ള മനുഷ്യന്‍ ഏതൊരു അഭീഷ്ടവും നിറവേറ്റാമെന്ന വരദാനം നല്‍കുവാന്‍ പാടില്ല. സാധാരണ പ്രജകള്‍ക്ക് മാതൃകയാകേണ്ടതായ രാജാവില്‍നിന്നും യാതൊരുപ്രകാരത്തിലും സ്വജനപക്ഷപാതത്തിനും അഹംഭാവത്തിനും അജ്ഞതയ്ക്കും വിധേയമായി രാജനീതിയ്ക്ക് വിരുദ്ധമായി യാതൊന്നും സംഭവിച്ചുകൂടാ.”
തെല്ലുനേരം സഭയെ – പ്രത്യേകിച്ച് ദശരഥനേയും രാജമഹിഷി കൈകേയിയേയും – ശ്രദ്ധിച്ചുകൊണ്ട് ശ്രീരാമന്‍ തുടര്‍ന്നു.
“സ്വന്തം ജീവന്‍ രക്ഷിച്ചു എന്ന കാരണത്താല്‍ വ്യക്തിപരമായി രാജാവ് തന്നെ ഏതൊരു അഭീഷ്ടവും നിരവേറ്റാമെന്ന രണ്ട് വരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും വ്യക്തി എന്ന നിലയ്ക്ക് മാത്രം രാജാവ് അത് നിര്‍വ്വഹിക്കേണ്ടതാകുന്നു. പക്ഷേ വ്യക്തിക്ക് രാജാധികാരങ്ങളില്ല. രാജാവ് എന്ന സ്ഥാനത്തിനുമാത്രമേ അധികാരങ്ങള്‍ ഉണ്ടായിരിക്കുകയുള്ളൂ.” ശ്രീരാമന്‍ തുടര്‍ന്നു.
“തെരുവിലെ യാജകനായ ഭിക്ഷക്കാരനും ധാര്‍മ്മികമായ അവകാശങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും, ആ ഭിക്ഷുതന്നെ രാജാവാകുമ്പോള്‍ അധികാരാവകാശങ്ങള്‍ക്ക് വ്യത്യാസമുണ്ടാകുന്നു. അതിനാല്‍ സ്ഥാനങ്ങള്‍ക്കാകുന്നു അധികാരങ്ങളുള്ളത്. തല്‍സ്ഥാനത്ത് അവരോധിയ്ക്കപ്പെട്ട വ്യക്തിയ്ക്ക് പ്രസ്തുത അധികാരാവകാശങ്ങളുണ്ടെങ്കിലും അത് ആ വ്യക്തിയ്ക്കുവേണ്ടിയാണെന്നോ വ്യക്തിയുടേതാണെന്നോ സങ്കല്‍പ്പിക്കുവാനോ സ്വന്തമാക്കുവാനോ പാടില്ല. അതുപോലെ വ്യക്തിപരമായി തികച്ചും പരിമിതമായ അധികാരാവകാശങ്ങള്‍ മാത്രമേ രാജാവിനും ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ രാജാവെന്ന സ്ഥാനപ്രകാരം ആ രാജ്യത്തെ സര്‍വ്വാധികാരിയുമാകുന്നു.” രാജനീതിയെ അവലംബമാക്കി സ്ഥാനാധികാരത്തിന്റെ കൃത്യതയെക്കുറിച്ച് ദശരഥനന്ദനായ ശ്രീരാമന്‍ വിശദീകരിച്ചു.
“സര്‍വ്വഗുണസമ്പന്നനായ യുവരാജാവിനെ വനത്തിലേക്കയച്ച് പകരം തന്റെ മകനെ രാജാവാക്കണമെന്ന് വ്യക്തിപരമായി രാജാവ് നല്‍കിയ വരദാനത്തിന്റെ പേരില്‍ രാജമഹിഷി ആവശ്യപ്പെടുന്നതിനെ നടപ്പാക്കുവാന്‍ രാജധര്‍മമനുസരിച്ച് രാജാവിന് അധികാരമില്ല. വ്യക്തിയ്ക്ക് ഭാര്യയുണ്ടാകാം, സന്താനങ്ങളുണ്ടാകാം. രാജാവ് എന്ന സ്ഥാനത്തിന് പ്രജകള്‍ മാത്രമേയുള്ളൂ. പത്നിയും സന്താനങ്ങളുമില്ല. പ്രജാപരിപാലനം ക്ഷേമാധിഷ്ഠിത ഭരണത്താല്‍ മാത്രമേ സാധ്യമാകൂ. യുവരാജാവാകുന്നു ഭാവിരാജാവ്. സര്‍വ്വഗുണസമ്പന്നനായ യുവരാജാവിനെ ലഭിക്കേണ്ടത് പ്രജകളുടെ അവകാശവുമാകുന്നു. അതിനാല്‍ രാജമഹിഷിയുടെ ആവശ്യപ്രകാരം പ്രസ്തുത യുവരാജാവിനെ വനവാസത്തിനയച്ച് അയോഗ്യനായ വ്യക്തിയെ കുത്സിത മാര്‍ഗ്ഗത്തിലൂടെ തല്‍സ്ഥാനത്ത് അവരോധിക്കുന്നത്, യഥാര്‍ത്ഥത്തില്‍, പ്രജകളുടെ അവകാശത്തെ നിഷേധിക്കലായിത്തീരുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജമഹിഷി നിയുക്ത യുവരാജാവിനെ ദീര്‍ഘകാലം വനവാസത്തിന് അയയ്ക്കണമെന്ന് ആവശ്യപ്പെടുന്നുവെങ്കില്‍, സുനിശ്ചിതം, അവര്‍ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുകയാണ് വേണ്ടത്. കാരണം തന്റെ മകനെ രാജാവാക്കണമെന്ന് രാജനീതിയ്ക്ക് വിരുദ്ധമായി ആവശ്യപ്പെടുമ്പോള്‍, തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടുവാനിടയായി സുശക്തനായ ഒരു ഭരണാധികാരിയെ നഷ്ടപ്പെടുന്നതിനാല്‍ രാജ്യത്ത് അന്തഃച്ഛിദ്രവും അരക്ഷിതാവസ്ഥയും രൂപംകൊള്ളും; പ്രജാക്ഷേമം നിലയ്ക്കപ്പെടും; പ്രതിയോഗികള്‍ രാജ്യം കീഴടക്കും. അങ്ങനെ ഫലത്തില്‍ രാജമഹിഷിയുടെ ആവശ്യം ആ രാജ്യത്തെ നശിപ്പിയ്ക്കുവാനിടയാക്കും. അതിനാല്‍ അവയ്ക്ക് കൂട്ടുനില്‍ക്കാതെ രാജമഹിഷി മുതല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയെല്ലാം മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. അപ്പോള്‍ അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്! രാജമഹിഷിയോടുള്ള വാക്ക് എങ്ങനെ പാലിയ്ക്കാമെന്ന്?” സ്വല്പനേരം നിര്‍ത്തി രാമന്‍ കൈകേയിയെ ശ്രദ്ധിച്ചു. ഏറെ ഭയവിഹ്വലയായിരിക്കുന്നു അവര്‍.
“പിതാവിന് പുത്രനോട് ഒരിക്കലും വനവാസിയാകുന്നതിന് ആവശ്യപ്പെടുവാനുള്ള അധികാരമില്ല. പിതാവും മാതാവും പുത്രനെ സൃഷ്ടിക്കുന്നില്ല. സൃഷ്ടിയ്ക്കപ്പെടുന്നതിന് അവസരം ഒരുക്കുന്നുവെന്ന് മാത്രം. കൂടാതെ ജീവിയ്ക്കുവാനുള്ള സ്വാതന്ത്ര്യം മാനുഷികമായ അവകാശവുമാകുന്നു. പിതാവിന് പുത്രന്റേയും പുത്രന് പിതാവിന്റേയും ജീവിക്കുക എന്ന ധാര്‍മ്മികമായ സ്വാതന്ത്ര്യത്തെ ഹനിക്കുവാന്‍ അധികാരമില്ല. പകരം ജീവിക്കുന്നതിനുള്ള അവസരം ഒരുക്കുവാന്‍ മാത്രമേ അനുവാദമുള്ളൂ. അപ്പോഴേ അവ ധര്‍മമാവുകയുള്ളൂ.”
ശ്രീരാമന്റെ മറുപടി ഏറെപ്പേരെ ചിന്തിപ്പിച്ചു. മറ്റുള്ളവര്‍ രാമന്റെ ജ്ഞാനത്തില്‍ തൃപ്തി രേഖപ്പെടുത്തി. വേറെ ചിലര്‍ക്ക് ജിജ്ഞാസയും കൗതുകവും. ലക്ഷ്മണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏതോ ദുഃസ്സൂചനയുടെ ലക്ഷണമായി തോന്നി.
“വാക്കുപാലിക്കുകയെന്നാല്‍ ധര്‍മമായിരിക്കുന്നു എന്ന് സാരം. പക്ഷേ ധര്‍മത്തിന് അനുയോജ്യമായി മാത്രമേ വാക്ക് ലഭിയ്ക്കപ്പെട്ടവര്‍ ആവശ്യപ്പെടുവാനും, വാക്ക് നല്‍കിയവര്‍ പാലിയ്ക്കുവാനും പാടുള്ളൂ. ഇവ രണ്ടും ഫലത്തില്‍, തീര്‍ച്ചയായും അതാത് സ്ഥാനപ്രകാരം നീതിപൂര്‍വ്വം ധാര്‍മികമെങ്കില്‍മാത്രമേ പാലിക്കേണ്ടതുള്ളൂ. സ്വയം അര്‍ഹതയില്ലെങ്കിലും രണ്ട് വരങ്ങള്‍ ലഭിച്ചുവെന്ന കാരണം പറഞ്ഞ് ആവശ്യപ്പെട്ടത് ധര്‍മവിരുദ്ധമായിട്ടാകുന്നു എന്നതിനാലും വ്യക്തിപരമായും, പതി-പിതാവ്-രാജാവ് എന്നീ സ്ഥാനങ്ങള്‍പ്രകാരവും നിറവേറ്റേണ്ടതില്ല. ധര്‍മവിരുദ്ധമായി നല്‍കിയ സ്വന്തം വാക്ക് പാലിയ്ക്കുവാനായി പിതാവ് പുത്രനോട് വനവാസത്തിന് ആവശ്യപ്പെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടുന്നതിനോടൊപ്പം, യഥാര്‍ത്ഥത്തില്‍, പുത്രന്റെ ജീവിയ്ക്കുവാനുള്ള അവകാശത്തെ നിഷേധിയ്ക്കലുമായിത്തീരുന്നു. രാജാവും പിതാവും ഒരു വ്യക്തി തന്നെയാകുമ്പോള്‍ പിതാവ് എന്ന സ്ഥാനപ്രകാരം രാജാവിന് അതിനും അര്‍ഹതയില്ല.” ശ്രീരാമന്‍ വ്യക്തമാക്കി.
“ഉത്തമം! അത്യുത്തമം!! കുമാരന്റെ മറുപടി.” രാജാ ദശരഥന്‍ അതീവ സംതൃപ്തനായി ഉച്ചത്തില്‍ ഘോഷിച്ചു.
“ശ്രേഷ്ഠം!” വസിഷ്ഠനും ആശിര്‍വദിച്ചു.
“സഭയുടെ തീരുമാനം അറിയുവാന്‍ നാം താല്‍പ്പര്യപ്പെടുന്നു.” ദശരഥന്‍ സന്നിഹിതരായവര്‍ക്കെല്ലാം അവസരമൊരുക്കി.
“ഞങ്ങളെല്ലാം കുമാരന്റെ വിധിന്യായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.” എല്ലാവരും ഏകസ്വരത്തില്‍ മറുപടി നല്‍കി.
“എങ്കില്‍ നാം ഇതാ സുപ്രധാനമായൊരു തീരുമാനത്തെ അറിയിക്കുന്നു!!” ദശരഥന്‍ തുടര്‍ന്നു.
“രാജമഹിഷി കൈകേയിയേയും വിദുഷി മന്ഥരയേയും ഈ നിമിഷം മുതല്‍ കല്‍ത്തുറുങ്കില്‍ അടയ്ക്കുക. സേനാപതേ നമ്മുടെ ആജ്ഞയെ ക്ഷണത്തില്‍ നിറവേറ്റുക.”
മഹാരാജാ ദശരഥന്റെ ആജ്ഞ എല്ലാവരേയും സ്തബ്ധരാക്കി.
ഒരുനിമിഷംകൊണ്ട് സഭയാകെ ശോകത്താല്‍ മൂകമായി. ആര്‍ക്കും ഒന്നും ഉള്‍ക്കൊള്ളാനാവാതെ എല്ലാവരും പരസ്പരം മിഴിച്ചുനോക്കി. വസിഷ്ഠന്‍ മാത്രം നിസ്സംഗനായി.
രാമന്‍ തികഞ്ഞ ജാഗ്രതയോടെ വീക്ഷിച്ചു. കൗസല്യയും സുമിത്രയും ഭയചകിതരായി. കൈകേയി നിശബ്ദയായി താഴോട്ടു നോക്കിയിരുന്നു.
സേനാപതി ഭടന്മാരോടൊത്ത് രാജാജ്ഞയെ നിറവേറ്റുവാനായി തല്‍ക്ഷണം ചങ്ങലകളുമായി കൈകേയിയുടെ സമീപമെത്തിയപ്പോള്‍ –
“മഹാരാജാ! അവിടുന്ന് ദയവായി വെളിപ്പെടുത്തിയാലും! എന്താകുന്നു മാതാ കൈകെയിയ്ക്ക് ഇപ്രകാരമൊരു ശിക്ഷ വിധിക്കുവാനുള്ള കാരണം?” ശ്രീരാമന്‍ ഭവ്യതയോടെ മഹാരാജാ ദശരഥനോട് അപേക്ഷിച്ചു.
“പ്രിയ രാമാ! സത്യമായൊരു കാര്യത്തെ വ്യംഗ്യമായി അവതരിപ്പിയ്ക്കുകയായിരുന്നു നാം ഇതുവരെ. രാജമഹിഷി വരദാനപൂര്‍ത്തീകരണത്തിന് ആവശ്യപ്പെട്ടതായ കാര്യം, യഥാര്‍ത്ഥത്തില്‍ കൈകേയി നമ്മോട് നേരിട്ട് ആവശ്യപ്പെട്ടതാകുന്നു. രാജധര്‍മ്മമനുസരിച്ച് വസിഷ്ഠന്‍ ഒഴികെ മറ്റാരോടും നാമത് വെളിപ്പെടുത്തിയിട്ടില്ല. കൈകേയിയേയും മന്ഥരയേയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.” മഹാരാജാ ദശരഥന്‍ വ്യക്തമായി വിശദീകരിച്ചു.
“എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന യുദ്ധത്തില്‍ സഹായിച്ചതിന്റെ പേരില്‍ ഏതൊരു അഭീഷ്ടവും നിറവേറ്റാനായി വാക്കാല്‍ രണ്ട് വരങ്ങള്‍ നാം കൈകേയിയ്ക്ക് നല്‍കിയിരുന്നു. അതനുസരിച്ച് ഇത്തരുണത്തില്‍ ആ രണ്ട് വരദാനങ്ങളേയും അവര്‍ നമ്മോട് ആവശ്യപ്പെട്ടു. ഒന്ന്, ഭരതനെ രാജാവാക്കുക. രണ്ട്, രാമന്‍ പതിന്നാല് വര്‍ഷം വനവാസം നയിയ്ക്കുക.”
അസ്ത്രമേറ്റ് പിടയുന്ന പക്ഷിയ്ക്ക് തുല്യം കൗസല്യയും സീതയും ലക്ഷ്മണനും ഉള്‍പ്പെടെ എല്ലാവരും ദശരഥ വചനങ്ങള്‍കേട്ട് ദുഃഖാര്‍ത്തരായി.
ജസഭയായതിനാല്‍ എല്ലാവരും സംയമനം പാലിച്ചു. ദശരഥന്‍ തുടര്‍ന്നു.
“നമുക്കും പ്രജകള്‍ക്കും പ്രിയപ്പെട്ട ഗുണസമ്പന്നനും ഉത്തമനുമായ രാമനെ വനവാസത്തിനയയ്ക്കണമെന്ന ദുര്‍ബുദ്ധി രാജമഹിഷിയായിട്ടും കൈകേയിയ്ക്കുണ്ടായെങ്കില്‍, തീര്‍ച്ചയായും അവരെ മാതൃകാപൂര്‍വ്വം ശിക്ഷിക്കേണ്ടത് നിര്‍ബന്ധമാകുന്നു. മാത്രമല്ല, അമ്മയ്ക്ക് തുല്യം സ്ഥാനം നല്‍കി സ്നേഹിച്ച, യാതൊരു തെറ്റുംചെയ്യാത്ത രാമനെ നിഷ്ഠൂരമായി പതിന്നാല് വര്‍ഷം വനവാസത്തിന് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട കൈകേയി മാതൃസ്നേഹത്തിന് തീരാകളങ്കമാണ്. സംസ്ക്കാരത്താല്‍ സമ്പന്നമായ സനാതന ധര്‍മമെന്ന ഈ ജീവിതരീതിയെ തെറ്റിദ്ധരിക്കുന്നതിന് ഇടയാകുന്നവിധത്തില്‍ അപരാധം ചെയ്തുവെന്ന കുറ്റം എല്ലാത്തിലുമുപരി ശിക്ഷയര്‍ഹിയ്ക്കുവാന്‍ കാരണമാകുന്നു.” വിധികര്‍ത്താവായ മഹാരാജാ ദശരഥന്‍ പ്രഖ്യാപിച്ചു.
സഭാവാസികളെല്ലാം നിശബ്ദരാണെങ്കിലും, കൈകേയിയെ ശിക്ഷിയ്ക്കുവാന്‍ വിധിച്ചതിലൂടെ നീതിനിഷ്ഠയിലും ധര്‍മാചരണത്തിലുമുള്ള ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ മാഹാത്മ്യത്തില്‍ അവരെല്ലാം ആവേശഭരിതരായി.
അതിനിടെ –
“മഹാരാജന്‍! അവിടുത്തെ കൃപയാല്‍ ചിലത് ഉണര്‍ത്തിയ്ക്കുവാന്‍ ദയവായി അനുവാദമേകണം.” ശ്രീരാമന്‍ വിനീതനായി ആവശ്യപ്പെട്ടു.
“പറയൂ!” ദശരഥന്‍ അനുവദിച്ചു.
“ഇപ്പോള്‍ ഈ സാഹചര്യത്തില്‍ മാതാ കൈകേയിയെ ശിക്ഷിയ്ക്കുവാന്‍ പാടില്ല. പുത്രന്‍ ഭരതന്‍ ഈ സമയത്ത് ഇവിടെ ഇല്ലാത്തതിനാല്‍, നിര്‍ബന്ധമായും ഭരതനെ വിളിച്ചുവരുത്തി കാര്യങ്ങളെല്ലാം യഥാ ധരിപ്പിച്ചതിനുശേഷം മാത്രമേ യാതൊന്നും നിര്‍വ്വഹിയ്ക്കാവൂ. അല്ലെങ്കില്‍ രാജഭരണം തട്ടിയെടുക്കുവാനായി ചമച്ചുണ്ടാക്കിയ കഥയാണിതെന്ന് ഒരുപക്ഷേ, ഭരതന് തോന്നിയാലും തെറ്റുപറയാനാവില്ല. കാരണം ഇത്രയും ഗൗരവമേറിയ വിഷയങ്ങളുണ്ടായിട്ടും എന്തുകൊണ്ട് തന്നെയൊന്ന് വിവരമറിയിച്ചില്ല എന്ന ഭരതന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കുവാന്‍ അയോദ്ധ്യാവാസികളില്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് ക്ഷണമാത്രേണ ഭരതനെ വരുത്തുകയാണ് രാജനീതിയും ധര്‍മവും. അതുവരെ മാതാ കൈകേയിയേയും വിദുഷി മന്ഥരയേയും കല്‍ത്തുറുങ്കില്‍ അടയ്ക്കുന്നതിനു പകരം അന്തഃപുരത്തില്‍ തന്നെ കരുതല്‍ തടങ്കലിലാക്കാം. മാത്രമല്ല, അവരെ മാത്രം ശിക്ഷിയ്ക്കുന്നതും അനീതിയാണ്.” ശ്രീരാമന്‍ തുടര്‍ന്നു.
“ശരിയാണ്! കുമാരന്‍ പറയുന്നതാണ് ധര്‍മം.” വസിഷ്ഠന്‍ രാമന്റെ നീതിവാക്യത്തെ പിന്താങ്ങി. മന്ത്രിമുഖ്യരും സഭാവാസികളും രാമന്റെ തീരുമാനത്തോട് യോജിച്ചു.
രാജമഹിഷിമാരും സീത ഉള്‍പ്പെടെയുള്ളവരും ലക്ഷ്മണനും രാമവചനങ്ങളെ ശരിവെച്ചു.
“കുമാരന്‍ ഭരതനെ ഉടന്‍ തന്നെ വരുത്തുവാന്‍ ഏര്‍പ്പാട് ചെയ്യുക.” ദശരഥന്‍ മന്ത്രിമുഖ്യരില്‍ പ്രമുഖനായ സുമന്ത്രനോടായി ആജ്ഞാപിച്ചു.
“മഹാരാജന്‍! ഈ വിഷയത്തില്‍ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒരു കാര്യമുണ്ട്. അവിടുന്ന് ദയവായി അനുവദിച്ചാലും.” ശ്രീരാമന്‍ വീണ്ടും രാജാവിനോട് അപേക്ഷിച്ചു.
“വിധിനിര്‍ണ്ണയത്തിലും രാമന്‍ ധര്‍മപുരുഷന്‍ ! വേഗം തുടര്‍ന്നാലും!” ദശരഥന്‍ അനുമതി നല്‍കി.
“വിധിയ്ക്കുന്നത് വ്യക്തിയെയല്ല, പകരം ചെയ്തികളെയാകുന്നു. അവ നിര്‍വ്വഹിയ്ക്കപ്പെട്ട ശരീരം ശിക്ഷ അനുഭവിയ്ക്കുവാന്‍ ബാധ്യസ്ഥമാകുന്നുവെന്നുമാത്രം.” രാമന്‍ തുടര്‍ന്നു.
“ശിക്ഷ വിധിയ്ക്കുമ്പോള്‍ കുറ്റക്കാരെ മാത്രമല്ല, കുറ്റം നിര്‍വ്വഹിയ്ക്കുന്നതിന് കാരണവും പ്രചോദനവും അവസരവും നല്‍കിയവരേയുംകൂടി ഉള്‍പ്പെടുത്തണം.”
“ഒരുപക്ഷേ കുറ്റം നിര്‍വ്വഹിയ്ക്കപ്പെട്ടവരല്ല, പകരം അവസരമൊരുക്കിയവരായിരിയ്ക്കാം യഥാര്‍ത്ഥ കുറ്റവാളികള്‍. അങ്ങനെയെങ്കില്‍ കുറ്റം ചെയ്യുന്നതിന് അവസരമൊരുക്കിയവര്‍ക്കാണ് ശിക്ഷ അനുഭവിയ്ക്കേണ്ടതില്‍ പ്രാമുഖ്യം നല്‍കേണ്ടത്.” ശ്രീരാമന്‍ വ്യക്തമാക്കി.
“ധര്‍മത്തെമാത്രം അവലംബമാക്കി, രാജനീതിയെമാത്രം അടിസ്ഥാനമാക്കി, അയോദ്ധ്യാരാജന്‍ ദശരഥന്റെ പുത്രനും, ആര്‍ഷഭാരതത്തിന്റെ പ്രതിനിധിയും, സംരക്ഷണാധികാരി വിഷ്ണുദേവന്റെ സപ്തമാവതാരവുമായ നാമിതാ വെളിപ്പെടുത്തുന്നു: യഥാര്‍ത്ഥ കുറ്റക്കാരന്‍ മഹാരാജ ദശരഥനാകുന്നു. അതിനാല്‍ ശിക്ഷ വിധിയ്ക്കുവാന്‍ രാജാവ് എന്ന സ്ഥാനത്ത് നിലകൊണ്ട് നമ്മുടെ പിതാവുകൂടിയായ ദശരഥന് ഒരിയ്ക്കലും അര്‍ഹതയും അധികാരവുമില്ല. കാരണം കുറ്റക്കാരനും ഒന്നാംപ്രതിയുമായ രാജാവ് തന്നെ താനുള്‍പ്പെട്ട വ്യവഹാരത്തിന്റെ വിധി നിശ്ചയിയ്ക്കുമ്പോള്‍, രാജനീതിപ്രകാരം ധാര്‍മ്മികമായിരിയ്ക്കുമെന്ന് പ്രജകള്‍ക്ക് എങ്ങനെ വിശ്വസിയ്ക്കുവാന്‍ കഴിയും? കര്‍ത്തവ്യനിര്‍വ്വഹണത്തിന് വരദാനം നല്‍കുവാന്‍ പാടില്ല. യുദ്ധത്തില്‍ സഹായിച്ചു എന്നതിന് ഒരിക്കലും രാജമഹിഷിയ്ക്ക് വരദാനം നല്‍കുവാന്‍ മഹാരാജാവിന് അധികാരമില്ല. പതിയുടെ പ്രാണന്‍ രക്ഷിച്ചതിന് പത്നിയ്ക്കും വരം നല്‍കേണ്ടതില്ല. കാരണം രണ്ടും കര്‍ത്തവ്യമാകുന്നു. കൈകേയി പ്രജയും പത്നിയുമാകുന്നു. എന്നാല്‍ അംഗീകാരവും അധികാരസ്ഥാനങ്ങളും നല്‍കി ആദരിയ്ക്കാം, ബഹുമാനിയ്ക്കാം. പക്ഷേ ഒരിയ്ക്കലും അത്തരം സഹായത്തിന് ഏതൊരു അഭീഷ്ടവും നിറവേറ്റാമെന്ന കരാറില്‍, വാക്കാകുന്ന വരദാനം നല്‍കുവാന്‍ രാജാവിനും പതിയ്ക്കും അധികാരമില്ല. അങ്ങനെ ചെയ്യുന്നത് അധികാര ദുര്‍വ്വിനിയോഗവും ധര്‍മത്തിന് വിരുദ്ധവുമാകുന്നു. സ്ഥാനാധികാരപ്രകാരം അനുവാദമുണ്ടെങ്കില്‍ മാത്രമേ അര്‍ഹതയുള്ളവര്‍ക്ക് രാജനീതിപ്രകാരം ധാര്‍മ്മികമായി അനുയോജ്യവും തികച്ചും ആവശ്യവുമായത് നല്‍കുവാന്‍ പാടുള്ളൂ. പക്ഷേ ഒരിയ്ക്കലും വരദാനം പാടില്ല. അല്ലെങ്കില്‍ വാക്കിന്റെ മാഹാത്മ്യം തന്നെ നഷ്ടപ്പെടും. തന്മൂലം പ്രജകള്‍ അപഥസഞ്ചാരത്തിന് ഉടമസ്ഥരാകും. ഏതൊരു അഭീഷ്ടവും നിറവേറ്റുവാനുള്ള വരം നല്‍കുന്നതിന് ഈ ഭൂമിയിലെ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങള്‍ക്ക് അധികാരമില്ല.”
കുടുംബ ബന്ധങ്ങള്‍ക്കും രാജാവ് അഥവാ ഭരണാധികാരി എന്ന സ്ഥാനത്തിനും പ്രാധാന്യം കൈവരുന്നത് രാജനീതിപ്രകാരം ധാര്‍മ്മികമായി ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ പ്രജാക്ഷേമം നടപ്പാക്കുമ്പോള്‍ മാത്രമാണ്. ശ്രീരാമന്‍ പ്രായോഗികമായി തെളിയിയ്ക്കുന്നതും അതുതന്നെ.
അമ്പരപ്പും ഭയവും ആശങ്കയും മുറ്റിനില്‍ക്കുന്ന അന്തരീക്ഷത്തിന് തികഞ്ഞ നിശബ്ദത മാറ്റുകൂട്ടി. സഭാവാസികള്‍ ഒന്നടങ്കം അത്ഭുതത്തോടെ ശ്രീരാമനെ വീക്ഷിച്ചു. സ്വയം വിശ്വസിയ്ക്കുവാനാകാതെ അവര്‍ വീര്‍പ്പുമുട്ടി.
നീതിപൂര്‍വ്വവും ധാര്‍മ്മികവുമായ വിധിപ്രസ്താവം ശ്രീരാമന്‍ തുടര്‍ന്നു.
“ഇവിടെ തനിക്കര്‍ഹതയില്ലാത്ത വരദാനം കൊടുത്ത ദശരഥനാണ് ഒന്നാംപ്രതി. രാജഭരണം ശിഥിലമാകുവാനും പ്രജകള്‍ അനാഥാവസ്ഥയെ പ്രാപിക്കുവാനും ധര്‍മം എപ്രകാരമെന്ന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്ത തരത്തില്‍ ധാരണയില്‍ അപാകതയുണ്ടാകുന്നതിനും കാരണമാംവിധം തനിക്ക് ലഭിച്ച വരദാനത്തെ ദുരുപയോഗം ചെയ്ത മാതാ കൈകേയിയാണ് രണ്ടാംപ്രതി. അതിനെല്ലാം പ്രോത്സാഹനം നല്‍കി ചെയ്യിച്ചതിന് കാരണക്കാരിയായ മന്ഥരയാണ് യഥാക്രമം മൂന്നാം പ്രതി. രാജനീതിയില്‍ ധര്‍മം ഇപ്രകാരമാകുന്നു. മഹാരാജാവ് ക്ഷമിച്ചാലും.” ശ്രീരാമന്റെ നീതിപൂര്‍വ്വവും യുക്തിഭദ്രവുമായ വിധി സഭയെ അമ്പരപ്പിച്ചു.
“ബലേ ഭേഷ്! രാമന്‍! നീ തന്നെ യഥാര്‍ത്ഥ രാജാവ്! നീ തന്നെ ഉത്തമന്‍!!” ഓടിവന്ന് ശ്രീരാമനെ മാറോടണച്ചു, ധര്‍മത്തില്‍ നിലകൊള്ളുവാന്‍ വെമ്പുന്ന വൃദ്ധനായ ദശരഥന്‍.
“നമുക്ക് സന്തോഷമായി! അയോദ്ധ്യാവാസികള്‍ ഭാഗ്യശാലികള്‍ തന്നെ!! ധര്‍മപുരുഷനായ രാമനെ ലഭിച്ചതില്‍ ഭാഗ്യശാലികള്‍ തന്നെ!!!” ദശരഥന്‍ ആഹ്ലാദചിത്തനായി ഉച്ചൈസ്തരം ഘോഷിച്ചുകൊണ്ടിരുന്നു.
“ശ്ലാഘനീയം! കുമാരന്റെ വിധി തികച്ചും ധര്‍മാനുസൃതം!! രാജനൈതിക ഉപദേഷ്ടാവായ നാം പരിപൂര്‍ണ്ണമായും അംഗീകരിക്കുന്നു.” വസിഷ്ഠന്‍ അനുമോദിച്ചുകൊണ്ട് മഹാരാജാവിനോട് ഉണര്‍ത്തിച്ചു.
“അയോദ്ധ്യാരാജന്‍ ദശരഥന്‍ ധര്‍മത്തെ സാക്ഷിയാക്കി പ്രഖ്യാപിക്കുന്നു: കുറ്റവാളിയായ, അയോദ്ധ്യാരാജനുമായ നാം മഹാരാജാവ് എന്ന നമ്മുടെ സ്ഥാനം ഈ നിമിഷം തന്നെ സര്‍വ്വഗുണസമ്പന്നനും ധര്‍മോത്തമനുമായ ശ്രീരാമനെ, പ്രജകളെ സാക്ഷിയാക്കി ഇതാ ഏല്‍പ്പിക്കുന്നു. രാജ്യാഭിഷേകദിനത്തില്‍ വിധികളനുസരിച്ച് എല്ലാം നടത്താം. ജയഭേരി മുഴക്കുക! അയോദ്ധ്യാ രാജന്‍ ശ്രീരാമന് ജയഭേരി മുഴക്കുക!!”
ആദര്‍ശത്താല്‍ ആവേശഭരിതനായ ദശരഥന്‍ തുടര്‍ന്നു.
“മഹാരാജാ രാമന്‍ വിധിക്കുക. കുറ്റവാളിയായ നമുക്ക് ശിക്ഷ വിധിക്കുക. അങ്ങനെ ഈ സംസ്‌ക്കാരം ധര്‍മത്തിന്റേയും നീതിയുടേയും വിളനിലമാകട്ടെ. ധര്‍മസംസ്ഥാപനമെന്ന അങ്ങയുടെ സപ്തമാവതാരോദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെടട്ടെ.” യുദ്ധത്തില്‍ വിജയശ്രീലാളിതനായ രാജാവിനെപ്പോലെ ദശരഥന്‍ ആവേശഭരിതനായി പ്രഖ്യാപിച്ചു.
“മഹാരാജാ രാമന്‍ വിജയിക്കട്ടെ! അയോദ്ധ്യാപതി രാമന്‍ വിജയിക്കട്ടെ!” സഭയാകെ ജയഭേരി മുഴക്കിക്കൊണ്ടിരുന്നു.
“നിര്‍ത്തൂ…” പൊടുന്നനെയുള്ള രാമന്റെ ആജ്ഞ സഭയെ നിശ്ചലമാക്കി.
“അധികാരത്തിനുവേണ്ടിയല്ല, ധര്‍മത്തെ പുന:സ്ഥാപിക്കുകയെന്ന നമ്മുടെ അവതാരദൗത്യം നിറവേറ്റിയെന്നുമാത്രം. സ്വതന്ത്രമായി രാജനീതിപ്രകാരം ധാര്‍മ്മികമായി എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചുവെന്നുമാത്രം.”
ശ്രീരാമന്‍ തുടര്‍ന്നു –
“ധാരണയിലെ അപാകതയാല്‍ ധര്‍മം എപ്രകാരമെന്ന് വെളിപ്പെടാതിരിക്കുമ്പോള്‍ ധര്‍മത്തെക്കുറിച്ച് വ്യക്തമാക്കി പുന:സ്ഥാപിക്കുകയാകുന്നു ധര്‍മസംസ്ഥാപനം. അതിനാകുന്നു അവതരിക്കുന്നത്. ശത്രുക്കളായ ഏതെങ്കിലും പ്രത്യേക വ്യക്തികളെ വധിക്കുവാനല്ല അവതരിക്കുന്നത്.”
“ഭരിക്കുവാന്‍ നാമാര്? ഭരിക്കുന്നത് സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന്‍ മാത്രം. അതില്‍ നാമാര്? കര്‍തൃത്ത്വം ഏറ്റെടുക്കുവാന്‍ ഈ ശരീരത്തിനും ജീവനും എന്തധികാരം? സകലതും പാര്‍വ്വതി സമേതനായ സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ ഇച്ഛ. നാം കേവലം ഉപാധി മാത്രം. സകലതും സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ അന്തിമതീരുമാനമാകുന്നു. ഓരോ വ്യക്തിയുടേയും ശരീരത്തിന്റെ പോരായ്മയും സ്വാര്‍ത്ഥതയും അഹങ്കാരവും അവയില്‍ കലരാതിരിക്കുവാനായി സദാ പ്രാര്‍ത്ഥിക്കുക; സംശുദ്ധ ഭക്തിയ്ക്കും സദുദ്ദേശ്യത്തിനും.”
“സ്തുതിക്കേണ്ടത് നമ്മെയല്ല. മനുഷ്യരെ അതാത് സ്ഥാനപ്രകാരം അനുസരിയ്ക്കാം, ആദരിയ്ക്കാം ബഹുമാനിയ്ക്കാം; പക്ഷെ, ആരാധിയ്ക്കരുത്, സ്തുതിച്ച് അഹങ്കാ രികളാക്കി വഴിതെറ്റിക്കരുത്. എപ്പോഴും പ്രാര്‍ത്ഥിയ്ക്കേണ്ടത് സ്വയംഭൂ ചൈതന്യവും പ്രകാശസ്വരൂപവും ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക-ശിവലോക- വിഷ്ണുലോക വാസികളുമായ ബ്രഹ്മദേവനോടും സര്‍വ്വാധികാരി പരമഗുരു ശിവദേവനോടും സംരക്ഷണാധികാരി വിഷ്ണുദേവനോടുമാകുന്നു. ജയഭേരി മുഴക്കേണ്ടത് നമുക്കല്ല!! നേരിട്ട് സ്വയം പ്രാര്‍ത്ഥന എന്ന യഥാര്‍ത്ഥമായ ആരാധന ദേവവര്‍ഗ്ഗത്തോട് മാത്രമേ പാടുള്ളൂ; പ്രകാശ സ്വരൂപ ജ്യോതിര്‍മണ്ഡല സമുന്നത സ്ഥാനധികാര ബ്രഹ്മദേവ-ശിവദേവ-വിഷ്ണുദേവ ദേവവര്‍ഗ്ഗത്തോട് മാ ത്രം.” അമാനുഷിക ഭാവത്തോടെ ശ്രീരാമന്‍ അവതാര പ്രഖ്യാപനം തുടര്‍ന്നു.
“പിതാവ്, പുത്രന്‍, സഹോദരന്‍, രാജാവ് മുതലായ സ്ഥാനങ്ങള്‍പ്രകാരം സര്‍വ്വദാ സ്വയം നിര്‍വ്വഹിക്കേണ്ടതായ ചുമതലകളും ഉത്തരവാദിത്തങ്ങളും കടമകളും കര്‍ത്തവ്യങ്ങളും ദൗത്യങ്ങളും സ്വന്തം തീരുമാനപ്രകാരം പരപ്രേരണയില്ലാതെ ധാര്‍മ്മികമായി നീതിപൂര്‍വ്വം ചെയ്തു പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നവരേയും അതിനായി സദാ പരിശ്രമിക്കുന്നവരേയും മാത്രമേ ബ്രഹ്മദേവ-ശിവദേവ-വിഷ്ണുദേവ ദേവവര്‍ഗ്ഗത്തിന് സ്വീകാര്യമാകൂ. നിര്‍മ്മലവും നിഷ്‌ക്കളങ്കവുമായ ഭക്തി സ്വജീവിതത്തില്‍ നിലനിര്‍ത്തേണ്ടത് ഇപ്രകാരമാണ്. ചിരിയ്ക്കുവാനും കരയുവാനും പഠിപ്പിയ്ക്കേണ്ടതില്ല. സ്വാഭാവിക പ്രക്രിയയാണത്. ആത്മാര്‍ത്ഥമായി ഭജിയ്ക്കുക, പ്രാര്‍ത്ഥിയ്ക്കുക എന്നതെല്ലാം നിരന്തര സ്മരണയാല്‍ സംഭവിയ്ക്കുന്നതാണ്; ഏതൊന്നും ദേവങ്കല്‍നിന്നും അനുവദിയ്ക്കുന്നതിനാല്‍ മാത്രമാകുന്നു എന്ന നിരന്തര സ്മരണയാല്‍. അനുവാദിതം എങ്കില്‍ മാത്രം എന്ന സ്വയം വ്യക്തതയില്‍ നിലകൊള്ളുന്നതിനും യഥാര്‍ത്ഥ ദേവവര്‍ഗ്ഗ ദേവസ്മരണയ്ക്കും ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ: എന്ന മന്ത്ര ജപം പ്രയോജനപ്പെടുന്നു. ഉദ്ദേശിയ്ക്കുന്ന പദത്തിന്റെ ക്രമപ്രകാരം ആവര്‍ത്തിച്ചുള്ള ഉച്ചാരണം നിത്യേനയും നിരന്തരമായും തുടരുമ്പോള്‍ സ്മരണയില്‍ സുപ്രധാനതയോടെ നിലനില്‍ക്കുന്നതിന് സഹായമാകുന്നു എന്നത് മസ്തിഷ്കത്തിന്റെ അടിസ്ഥാനപ്രവര്‍ത്തന രീതിയാകുന്നു. അതുകൊണ്ടാണ് ദേവസ്മരണയ്ക്കായി നിരന്തരം ജപിയ്ക്കണമെന്ന് അറിയിയ്ക്കുന്നത്. പക്ഷെ, അറിയുക, ഈ ഭൂമിയും ജീവിവര്‍ഗ്ഗങ്ങളെയുംക്കുറിച്ച് വ്യക്തമായി അറിയുന്ന ദേവവര്‍ഗ്ഗത്തെ ഒരിയ്ക്കലും തൃപ്തിപ്പെടുത്തുവാനും പ്രീതിപ്പെടുത്തുവാനും സാധ്യമല്ലെന്ന്. ഔദ്യോഗിക നിര്‍വ്വഹണം കൃത്യതയോടെ പൂര്‍ത്തിയാക്കുന്ന ദേവവര്‍ഗ്ഗത്തിന് ഈ ഭൂമിയില്‍ നിന്നും മറ്റാരില്‍ നിന്നും യാതൊന്നും ആവശ്യമില്ല എന്ന പരമപ്രാധാന്യ നിയമത്തേയും വസ്തുതയേയും വിസ്മരിച്ച് വന്ദിയ്ക്കുന്നതിനായി പ്രകടനപരമായി യാതൊന്നും ചെയ്യാതിരിയ്ക്കുക. യഥാര്‍ത്ഥത്തില്‍ നിന്ദിയ്ക്കാതിരിയ്ക്കുവാനുള്ള ദത്തശ്രദ്ധയാകുന്നു വന്ദിയ്ക്കലായിത്തീരുന്നത്.” ശ്രീരാമന്‍ തുടര്‍ന്നു.
“അന്ത:പുരത്തിനുള്ളിലെ അസ്വസ്ഥതകളും ഉപജാപങ്ങളും ഗൂഢാലോചനകളും ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും പ്രജകള്‍ക്കിടയില്‍ ഏറെ ഭയാശങ്കകളും ഉല്‍ക്കണ്ഠയുമുളവാക്കും. തന്നിമിത്തം സമ്പദ്‌രംഗവും പ്രതിരോധശേഷിയും ഭരണനിര്‍വ്വഹണവും ക്രമസമാധാനപാലനവും തകര്‍ച്ചയിലേയ്ക്ക് നീങ്ങുവാന്‍ സാഹചര്യമായേക്കും. അതിനാല്‍ അയോദ്ധ്യയുടെ ചരിത്രത്തിനും ആര്‍ഷസംസ്‌ക്കാരത്തിന്റെ ശുദ്ധതയ്ക്കും കളങ്കമേല്‍ക്കാതിരിക്കുവാന്‍ ഇപ്പോള്‍ മഹാരാജാ ദശരഥന്‍ അനുവദിച്ച അധികാരാവകാശപ്രകാരം അയോദ്ധ്യാരാജനായ ശ്രീരാമന്‍ ഇതാ വിധിക്കുന്നു. അറിവില്ലായ്മയാലും അശ്രദ്ധയാലും നല്‍കിയ വാക്കിനാല്‍ വന്ന അബദ്ധമാകുന്നു, ഇവിടെ, ഇത്രയും അഹിതങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ യാതൊന്നും അപ്രിയമായി സംഭവിച്ചിട്ടില്ല. പ്രേരണകളും പരിശ്രമങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ. എല്ലാം നമ്മോട് ബന്ധപ്പെട്ടതായതിനാല്‍ വിധി പറയുവാനുള്ള അര്‍ഹതയിലും നമുക്കു തന്നെയാകുന്നു പ്രാമുഖ്യം. ഇത്രയും വിശദീകരിച്ചതിനെ അടിസ്ഥാനമാക്കി അയോദ്ധ്യാവാസികളും രാജമുഖ്യരും നിയമജ്ഞരും അറിയുന്നതിനായി ധാര്‍മ്മികമായി രാജനീതിപ്രകാരം നാം വിധിക്കുന്നു. രാജാ ദശരഥനും രാജമഹിഷി കൈകേയിയും കുറ്റം നിര്‍വ്വഹിച്ചുവെങ്കിലും ശിക്ഷ അനുഭവിക്കുന്നതില്‍നിന്നും വിമുക്തരാണ്. എന്നാല്‍ മന്ഥരയെ ശിക്ഷിക്കണം.” ശ്രീരാമന്‍ തുടര്‍ന്നു.
“ശിക്ഷക്കര്‍ഹമായ കുറ്റം സംഭവിച്ചതിനുശേഷം നിയമപ്രകാരം കുറ്റക്കാരെ തിരിച്ചറിഞ്ഞ് ശിക്ഷ വിധിക്കുമ്പോള്‍ കുറ്റം ചെയ്തവരുടെ മാനസികാവസ്ഥ, തത്സമയത്തെ അവബോധം, സാഹചര്യം, സന്ദര്‍ഭം, ഉദ്ദേശ്യലക്ഷ്യങ്ങള്‍, കാര്യകാരണങ്ങള്‍, തെളിവുകള്‍, സാക്ഷികള്‍, രേഖകള്‍, ഉള്‍പ്പെട്ടവര്‍, പ്രേരണ, നിര്‍ബന്ധിതാവസ്ഥ, സാന്ദര്‍ഭികമായ നിസ്സഹായത, രാജ്യത്തിന്റെ സ്ഥിതി, പൊതുസാമൂഹിക സ്ഥിതി തുടങ്ങിയവയെല്ലാം യുക്തിപൂര്‍വ്വം വിശദമായി അപഗ്രഥിച്ച് കുറ്റമാകാവുന്ന കൃത്യം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കില്‍പോലും അതാത് സ്ഥാനപ്രകാരം ധര്‍മത്തിനും നീതിക്കും അനുയോജ്യമായി അര്‍ഹരെങ്കില്‍ മാത്രമേ ശിക്ഷിക്കുവാന്‍ പാടുള്ളൂ.” ശ്രീരാമന്‍ തുടര്‍ന്നു.
“കുറ്റവാളികളായി എക്കാലവും നിലനിര്‍ത്തുവാനല്ല രാജനീതിപ്രകാരമുള്ള നീതിനിര്‍വ്വഹണ സംവിധാനം. കുറ്റവാസനകളില്‍നിന്നും കരകയറ്റി രക്ഷപ്പെടുത്തി കുടുംബമെന്ന ജീവിത പന്ഥാവിലേയ്ക്ക് ആനയിക്കുകയാണ് നീതിപീഠത്തിന്റെ കര്‍ത്തവ്യം. അലംഘനീയമായ നിയമമാണത്. വൈരാഗ്യമോ വിദ്വേഷമോ വിപരീതബുദ്ധിയോ വ്യക്തിവിരോധമോ അസൂയയോ പ്രതികാരമോ യാതൊരു കാരണവശാലും നീതിനിര്‍വ്വഹണത്തിന് വിഘാതമാകുവാന്‍ പാടില്ല. നീതി ആരുടേയും സ്വന്തമല്ല. നീതി നടപ്പാക്കിയാല്‍ മാത്രമേ ധര്‍മത്തിന്റെ മാഹാത്മ്യവും പ്രയോജനവും പ്രജകള്‍ക്ക് വെളിപ്പെടൂ. സര്‍വ്വാധികാരി പരമഗുരു ശിവദേവന്റേയും വിഷ്ണുദേവന്റേയും അനുഗ്രഹവും സംരക്ഷണവും ലഭിയ്ക്കുന്നതിനായി രാജ്യത്ത് രാജനീതിപ്രകാരമുള്ള നീതിനിര്‍വ്വഹണവും ക്ഷേമാധിഷ്ഠിത ഭരണവും നിര്‍ബന്ധമാകുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന ഭടന്‍ നുഴഞ്ഞുകയറ്റക്കാരായ രാജ്യദ്രോഹികളും തീവ്രവാദികളുമായ ഒട്ടേറെപേരെ വധിച്ചിരിക്കാം. അവയെല്ലാം കൊലപാതകമാണെങ്കിലും ഉദ്ദേശ്യം രാജ്യരക്ഷയായതിനാലും രാജനീതിപ്രകാരം ശത്രുനിഗ്രഹത്തിന് അനുവാദമുള്ളതിനാലും പ്രസ്തുത ഭടന്‍ കുറ്റക്കാരനല്ല, ശിക്ഷയനുഭവിക്കേണ്ടതുമില്ല. അതേപ്രകാരം മഹാരാജാവിനെതിരെ വധശ്രമം നടത്തിയവരെ നിഷ്ഠൂരമായി അംഗരക്ഷകര്‍ വധിച്ചിട്ടുണ്ടാകും. പക്ഷേ അപ്പോഴും അംഗരക്ഷകര്‍ ശിക്ഷിക്കപ്പെടുന്നില്ല. വധോദ്ദേശ്യം മഹാരാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തിയുടെ പ്രാണരക്ഷയ്ക്കും തന്മൂലം രാജ്യരക്ഷയ്ക്കും കാരണമായതിനാല്‍ അംഗരക്ഷകര്‍ ശിക്ഷിക്കപ്പെടുന്നില്ല. മഹാരാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തിയെ വധിക്കുവാന്‍ ശ്രമിച്ചവരെ പിടികൂടുകയോ അഥവാ സന്ദര്‍ഭത്തിന്റെഗൗരവവും സാഹചര്യവും പരിഗണിച്ച് വധിക്കുകയോ ചെയ്യേണ്ടത് സുരക്ഷാഭടന്മാരുടെ കര്‍ത്തവ്യവും ധര്‍മവുമായിത്തീരുന്നു. അതിനാല്‍ സുരക്ഷാഭടന്മാര്‍ കുറ്റവിമുക്തരാണ്. ഏതൊരു കുറ്റവും സംഭവിച്ചുവെങ്കിലും, കുറ്റക്കാരെ കണ്ടെത്തി തിരിച്ചറിഞ്ഞുവെങ്കിലും, ശിക്ഷ വിധിച്ച് നടപ്പാക്കുന്നതിനുമുമ്പ് ഒട്ടേറെ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.” ശ്രീരാമന്‍ തുടര്‍ന്നു.
“ഇവിടെ മഹാരാജാ ദശരഥന്‍ നല്‍കിയ വരദാനമാണ് എല്ലാ അഹിതങ്ങള്‍ക്കും കാരണമെങ്കിലും, തനിക്ക് അര്‍ഹതപ്പെട്ടതോ താന്‍ നല്‍കുവാന്‍ പാടുള്ളതോ അല്ല പ്രസ്തുത വരദാനമെങ്കിലും, സ്‌നേഹത്താലും പ്രാണന്‍ രക്ഷിക്കപ്പെട്ടതിലുള്ള കൃതജ്ഞതയാലും, പരിഭ്രമത്താലും, ധര്‍മാധര്‍മങ്ങളുടെ വിചിന്തനമില്ലായ്മയാലും, യുദ്ധത്തിലെ വിജയത്തിലൂടെ തന്റെ പ്രപിതാമഹന്മാരുടെ കീര്‍ത്തിയെ നിലനിര്‍ത്തുവാന്‍ സാധിച്ചുവെന്ന അഭിമാനവും, ശരീരബന്ധത്തോടെയുള്ള തീരുമാനവും അങ്ങനെയൊരു വരദാനത്തിനിടയാക്കിയപ്പോള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച ആ വരദാനം ഇന്ന്, ഇത്തരുണത്തില്‍, ഇവിടെ, ഇങ്ങനെയൊരു രാജ്യദ്രോഹകുറ്റത്തിന് ഇടയാക്കുംവിധം സന്ദര്‍ഭം ഉണ്ടാക്കുന്നതിനോ ഉരുത്തിരിയ്ക്കുന്നതിനോ ഉദ്ദേശ്യംവെച്ചുകൊണ്ടല്ലാത്തതിനാല്‍ തീര്‍ച്ചയായും മഹാരാജാ ദശരഥന്‍ വരദാനം നല്‍കിയെന്നതിനാല്‍ കുറ്റക്കാരനെങ്കിലും ശിക്ഷയില്‍നിന്നും വിമുക്തനാകുവാന്‍ അര്‍ഹത നേടുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“വരദാനം നല്‍കി എന്നതിന്റെ പേരില്‍ ഒരിക്കലും മാതാ കൈകേയിയുടെ ധര്‍മവിരുദ്ധവും രാജ്യത്തെ അട്ടിമറിക്കുന്നതും തികച്ചും രാജ്യദ്രോഹക്കുറ്റത്തിന് കാരണവുമായ വരദാനാവശ്യത്തെ മഹാരാജാ ദശരഥന്‍ അനുകൂലിക്കുകയും അംഗീകരിക്കുകയും ചെയ്തില്ലായെന്നിരിക്കേ, തീര്‍ച്ചയായും, വരദാനത്തെ നല്‍കിയിരുന്ന ദശരഥന് ദുരുദ്ദേശ്യമില്ലാത്തതിനാല്‍, സുനിശ്ചിതം, മഹാരാജാ ദശരഥന്‍ തീര്‍ത്തും കുറ്റവിമുക്തനാവാന്‍ അര്‍ഹത നേടുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“നീതിപൂര്‍വ്വം നിയമം നടപ്പാക്കേണ്ടതായ രാജാവിനെ തന്നെ നിശ്ചിത സംഭവത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോള്‍, തീര്‍ച്ചയായും ദുരുദ്ദേശ്യമുണ്ടെങ്കില്‍ അദ്ദേഹത്തിന് അവയെ നിരാകരിക്കാം, തന്റെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താം. അങ്ങനെ അധര്‍മിയാകാം. എന്നാല്‍ ഇവിടെ ധാര്‍മ്മികതയില്‍ തല്‍പ്പരനായ മഹാരാജാ ദശരഥന്‍ കുറ്റക്കാരന്‍ താനാണെന്ന് സ്വയം അംഗീകരിച്ചുകൊണ്ട് ഭാരതചരിത്രത്തിന്നാകമാനം യശസ്സ് നല്‍കുംവിധം അഭിമാനത്തോടെ തന്റെ രാജാധികാരംപോലും കയ്യൊഴിയുവാന്‍ തയ്യാറായി ശിക്ഷയെ വരിക്കുവാന്‍ താല്‍പ്പര്യപ്പെട്ടുവെന്നിരിക്കേ, തീര്‍ച്ചയായും, അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ഒട്ടും കളങ്കമുണ്ടായിരുന്നില്ലെന്ന് സാഹചര്യങ്ങളിലൂടെ ഒന്നുകൂടി വ്യക്തമാവുകയും ചെയ്യുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജസഭയില്‍വെച്ച് പ്രജകളുടെ സമക്ഷത്തിങ്കല്‍ മഹാരാജാ ദശരഥന്‍ നടത്തിയ കുറ്റസമ്മതവും തന്മൂലമുള്ള അപമാനവും മാനനഷ്ടവും, തുടര്‍ന്നുള്ള സ്ഥാനമൊഴിയലും, ഫലത്തില്‍, അര്‍ഹതപ്പെടാത്തതും ധര്‍മവിരുദ്ധവുമായ വരദാനം നല്‍കിയതിനുള്ള ശിക്ഷയായി ദശരഥന്‍ അനുഭവിക്കുകയും ചെയ്തു. ഒരു കുറ്റത്തിന് രണ്ടുപ്രാവശ്യം ശിക്ഷിക്കുവാന്‍ പാടില്ല. ചെയ്തികള്‍ എന്തായാലും ഉദ്ദേശ്യവും കൂടി പരിശോധിച്ച് നിജസ്ഥിതി വ്യക്തമായതിനുശേഷം മാത്രമേ കുറ്റക്കാര്‍ക്ക് ശിക്ഷ വിധിച്ച് നടപ്പാക്കുവാന്‍ പാടുള്ളൂ.”
“അനുയോജ്യവും അര്‍ഹതപ്പെട്ടതുമല്ല തനിക്ക് ലഭിക്കപ്പെട്ട വരദാനമെന്ന് മാതാ കൈകേയി സ്വയം അറിയാതിരിക്കേ, തന്റെ വത്സലപുത്രന്‍ തല്‍സാമീപ്യത്തില്‍ ഇല്ലാത്ത വേളയില്‍, മറ്റൊരു രാജമഹിഷിയുടെ മകനെ യുവ രാജാവായി പ്രഖ്യാപിച്ചപ്പോള്‍, ആദ്യാവസരങ്ങളിലെല്ലാം താനും പുത്രതുല്ല്യം സ്‌നേഹിച്ചിരുന്ന പ്രസ്തുത രാജമഹിഷിയുടെ യുവരാജാവാകുവാന്‍ തെരഞ്ഞെടുക്കപ്പെട്ട കുമാരനെ മാതാ കൈകേയി ഏറെ ആനന്ദാതിരേകത്താല്‍ ആശ്ലേഷിക്കുകയുണ്ടായി!!” ശ്രീരാമന്‍ തുടര്‍ന്നു.
“എന്നാല്‍ വിദുഷി മന്ഥരയുടെ കുടിലബുദ്ധിയാല്‍ രൂപംകൊണ്ട കുതന്ത്രങ്ങളുടെ പ്രേരണ, താനും തന്റെ മകനും രാജ്യത്തില്‍നിന്നുതന്നെ നിഷ്ക്കാസിതരാകുമെന്ന ഭയത്തെ വര്‍ദ്ധിപ്പിക്കുവാന്‍ സാഹചര്യമൊരുക്കിയപ്പോള്‍, തന്റെ മകനെ രക്ഷിക്കുക എന്ന ഒരേയൊരു ചിന്തയാല്‍ മന്ഥരയുടെ രാജ്യദ്രോഹക്കുറ്റത്തിന് നിദാനമായ സമ്മോഹന വാക്കുകളെ നീതിയ്ക്കും ധര്‍മത്തിനും അനുയോജ്യമായതാണോയെന്ന് പരിശോധിക്കാതെ മാതാ കൈകേയി സ്വീകരിച്ചപ്പോള്‍ കുറ്റത്തിന് ആസ്പദമായ വരദാനത്തെ മഹാരാജാ ദശരഥനോട് ആവശ്യപ്പെടുകയാണുണ്ടായത്.” ശ്രീരാമന്‍ തുടര്‍ന്നു.
“കൈകേയിയുടെ വരദാനാവശ്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. ഭരതനായിരിക്കണം രാജാവ്. രാമന്‍ പതിനാല് വര്‍ഷം വനവാസം നയിക്കണം. ഇതാണ് കൈകേയിയുടെ ആവശ്യം. വിദുഷി മന്ഥരയുടെ പ്രേരണയാല്‍ മാതാ കൈകേയി ആവശ്യപ്പെട്ടതിന്‍പ്രകാരം സംഭവിയ്ക്കുന്നുവെങ്കില്‍, ശ്രീരാമന് ഒരിക്കലും അയോദ്ധ്യയില്‍ രാജാവാകുന്നതിന് സാധിക്കുകയില്ല. പതിനാല് വര്‍ഷങ്ങള്‍ മാത്രം രാജാവാകരുതെന്നല്ല വരദാനാവശ്യം. ഭരതന്‍ ജീവിച്ചിരിക്കുന്നതുവരേയും എല്ലാക്കാലവും ഭരതന്‍ മാത്രമായിരിക്കണം അയോദ്ധ്യയുടെ രാജാവ് എന്നതാണ് കൈകേയിയുടെ വരദാനാവശ്യത്തിന്റെ പ്രധാന ഉദ്ദേശ്യം അഥവാ കാതല്‍. അതിനു വേണ്ടിയാണ് രാമനെ വനത്തിലേയ്ക്ക് അയക്കുന്നത്. പ്രജകളുടെ സമീപത്തെവിടേയും രാമനുണ്ടാവരുത്. ദീര്‍ഘകാലം പ്രജകളില്‍നിന്നും രാമന്‍ വിട്ടുനില്‍ക്കുമ്പോള്‍ ഭരതന് ആ കാലയളവിനുള്ളില്‍ നല്ല ഭരണം നടപ്പിലാക്കി പ്രജകളെ വരുതിയിലാക്കാം എന്ന കുടിലതന്ത്രമാണ് മന്ഥര കൈകേയിയോട് ഓതിക്കൊടുത്തത്. അതാണ് കൈകേയി ആവശ്യപ്പെട്ടതും.” ശ്രീരാമന്‍ തുടര്‍ന്നു.
“പതിന്നാല് വര്‍ഷത്തെ വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന ശ്രീരാമനെ അയോദ്ധ്യയുടെ രാജാവായി അവരോധിക്കുമെന്ന് കൈകേയിയുടെ വരദാനാവശ്യങ്ങളില്‍ എവിടേയുമില്ല. ധര്‍മവിരുദ്ധമായ വരദാനാവശ്യം അംഗീകരിച്ചെങ്കില്‍ പിന്നീട് പതിനാല് വര്‍ഷങ്ങള്‍ക്കുശേഷവും രാമന് ഒരിക്കലും അയോദ്ധ്യയുടെ രാജാവാകുന്നതിന് കഴിയില്ല. അഥവാ അങ്ങനെ രാജാവായാല്‍ പ്രതിജ്ഞാലംഘനമായിത്തീരും. ഭരതന്‍ രാജാവാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും ആജീവനാന്ത രാജാധികാരം തന്നെ. പതിനാല് വര്‍ഷത്തേയ്ക്ക് ഭരതന്‍ രാജാവായതിനുശേഷം പിന്നീട് വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന രാമന് അയോദ്ധ്യയുടെ രാജാവാകാമെന്നുമല്ല വരദാനമെന്ന പേരില്‍ കൈകേയി ദശരഥനോട് ആവശ്യപ്പെട്ടത്. ശ്രീരാമന്‍ ഒരിക്കലും അയോദ്ധ്യയുടെ രാജാവാകാന്‍ പാടില്ല എന്ന കുടിലതന്ത്രമാണ് ഹീനമായ രീതിയില്‍ മന്ഥര കൈകേയിയിലൂടെ നടപ്പാക്കുവാന്‍ ശ്രമിച്ചത്.” ശ്രീരാമന്‍ തുടര്‍ന്നു.
“അനുസരണയുള്ള പുത്രനായതിനാല്‍ പിതാവിന്റെ വാക്കുകള്‍പ്രകാരം രാമന്‍ വനവാസിയായി അയോദ്ധ്യയില്‍നിന്നും വിടവാങ്ങിക്കൊള്ളുമെന്ന മുന്‍വിധിയിലാണ് ധര്‍മവിരുദ്ധമായ വരദാനാവശ്യം എന്ന കുതന്ത്രത്തിന്റെ കരുക്കള്‍ നീക്കിയത്. യഥാര്‍ത്ഥ അറിവുള്ളവര്‍ വ്യക്തികളേയോ ബന്ധങ്ങളേയോ അല്ല, പകരം, രാജനീതിപ്രകാരം സ്ഥാനത്തേയും ധര്‍മത്തേയുമാകുന്നു അനുസരിക്കുന്നത് എന്ന വസ്തുത മന്ഥരയും കൈകേയിയും വിസ്മരിച്ചു. യഥാര്‍ത്ഥ അറിവുള്ളവര്‍ ഏതൊരു കാര്യത്തേയും സംഭവത്തേയും അത്യന്തം സൂക്ഷ്മമായും സ്വതന്ത്രമായും അപഗ്രഥിച്ച് പരിപൂര്‍ണ്ണമായും രാജനീതിപ്രകാരം ധര്‍മമാണോയെന്നു വ്യക്തമായതിനുശേഷം മാത്രമേ സ്വീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യുന്നതിനുള്ള അന്തിമ തീരുമാനമെടുക്കുകയുള്ളൂ. ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ ക്ഷേമരാഷ്ട്രം നടപ്പാക്കുക എന്ന സപ്തമാവതാര ദൗത്യപൂര്‍ത്തീകരണത്തെ തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമമായി കാണുമ്പോള്‍ മാത്രമേ ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാവുകയുള്ളൂ. അതിനാല്‍ ഈ പ്രവണത നിസ്സാരമല്ല. തള്ളിക്കളയേണ്ടതുമല്ല.”
സഭാംഗങ്ങള്‍ വിഷയത്തിന്റെ തീവ്രതയും ദുരുദ്ദേശ്യത്തിന്റെ ആഴവും അറിഞ്ഞ് സ്തബ്ധരായി! കുടുംബ ബന്ധങ്ങള്‍ക്കുമപ്പുറം രാജ്യകാര്യങ്ങളിലുള്ള പ്രാധാന്യവും അപകടാവസ്ഥയും തിരിച്ചറിഞ്ഞ സഭാംഗങ്ങളും പ്രജകളും സങ്കീര്‍ണ്ണമായ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന ശ്രീരാമന്റെ ധര്‍മാചരണത്തിലുള്ള അനിതരസാധാരണമായ മെയ്‌വഴക്കം കണ്ട് അത്ഭുതപ്പെട്ടു. യാതൊന്നിനോടും മമതയില്ലാത്ത എന്നാല്‍ എല്ലാവരേയും അറിഞ്ഞ് ബഹുമാനിക്കുന്ന ശ്രീരാമന്റെ നയതന്ത്രരീതിയും നീതിനിര്‍വ്വഹണവും പ്രജകളുടെ പ്രശംസ ഏറ്റുവാങ്ങി.
“രാജ്യദ്രോഹം മുളയിലേ നുള്ളിക്കളയുന്നതിലാണ് രാജ്യതന്ത്രം വിജയിക്കുന്നത്; പര്‍വ്വതത്തോളം വളര്‍ത്തിയിട്ടല്ല. ഏതൊരു വ്യക്തിയുടെ ദുരുദ്ദേശ്യവും രാജ്യകാര്യങ്ങളില്‍ പ്രതികൂലമായി പ്രതിഫലിക്കുന്നതിനുമുമ്പേ ആ വ്യക്തിയുടെ വഴിയറിഞ്ഞ് കരുക്കള്‍ നീക്കിയിരിക്കണം. ആര്‍ക്കും ദുരുദ്ദേശ്യം നടപ്പാക്കുവാന്‍ കഴിയുന്ന വിധത്തില്‍ യാതൊന്നും പറയുവാനോ ചെയ്യുവാനോ രാജാവ് അവസരം കൊടുക്കരുത്. രാജ്യം പ്രതിസന്ധിയിലാവുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെ രാജനൈതിക നിയമപ്രകാരം വ്യക്തിബന്ധങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും അമിതപ്രാധാന്യം കൊടുക്കാതെ പ്രജാക്ഷേമവും ഭരണസ്ഥിരതയും നിലനിര്‍ത്തുവാന്‍ ആവശ്യമായതെല്ലാം അതിശീഘ്രം നടപ്പിലാക്കണം. അല്ലാത്തപക്ഷം പ്രജകള്‍ ഏറെ പ്രയാസപ്പെടുന്നതിന് അപ്രധാനിയാണെങ്കിലും ആ വ്യക്തിയുടെ ദുരുദ്ദേശ്യത്തിന്റെ വര്‍ദ്ധിച്ച തീവ്രതയ്ക്ക് സാധിക്കുമെന്ന വസ്തുത ഒരു ഭരണാധികാരി ഒരിക്കലും വിസ്മരിക്കുവാന്‍ പാടില്ല. ആരേയും വിശ്വസിക്കാത്ത എന്നാല്‍ എല്ലാവരേയും പരിധിവെച്ച് വിശ്വസിക്കുന്ന, അതിനിശിതമായ നിരീക്ഷണത്തിലൂടെ നിയമപ്രകാരം ധാര്‍മ്മികമായി പ്രജാക്ഷേമം നടപ്പാക്കുന്ന ഒരു ഭരണാധികാരിയെക്കൊണ്ടു മാത്രമേ രാഷ്ട്രസുരക്ഷയും പുരോഗതിയും കൈവരിക്കുവാനാകൂ. ബന്ധുക്കളില്‍നിന്നോ ശത്രുക്കളില്‍നിന്നോ രാജ്യദ്രോഹത്തെ നട്ടുവളര്‍ത്തി വേരുകള്‍ പടര്‍ത്തുവാന്‍ അനുവദിയ്ക്കരുത്. ഛിദ്രശക്തികള്‍ ഏതുവിധത്തില്‍ ഏതുരൂപത്തില്‍ പ്രവര്‍ത്തിച്ചാലും തിരിച്ചറിഞ്ഞ് ശക്തമായ നടപടികള്‍ കൈക്കൊള്ളണം. കാലതാമസമില്ലാതെ കരുതലോടെ പ്രവര്‍ത്തിക്കുന്നതില്‍ രാജാവ് വീഴ്ച വരുത്തരുത്.”
ശ്രീരാമന്‍ വിധിപ്രസ്താവം തുടര്‍ന്നു –
“എല്ലാ സന്താനങ്ങളേയും അറിയിച്ചും അഭിപ്രായങ്ങള്‍ സ്വീകരിച്ചും നിര്‍വ്വഹിക്കേണ്ടതാണ് യുവരാജാഭിഷേക പ്രഖ്യാപനമെന്നിരിക്കേ, തന്റെ മകന്‍ തല്‍സന്ദര്‍ഭത്തിലില്ലാത്ത വേളയില്‍ യുവരാജാഭിഷേക പ്രഖ്യാപനത്തിനുള്ള മഹാരാജാ ദശരഥന്റെ അമിതമായ താല്‍പ്പര്യത്തെ വിദുഷി മന്ഥര ദുര്‍വ്യാഖ്യാനംചെയ്ത് ഫലിപ്പിച്ചപ്പോള്‍, സ്വന്തം പുത്രനോടുള്ള വാത്സല്യം മാതാ കൈകേയിയെ ഹീനകൃത്യങ്ങള്‍ക്ക് നിര്‍ബന്ധിതയാക്കി.”
“കൂടാതെ ഏതാനും രാജമഹിഷിമാരിലെ ഒട്ടനവധി സന്താനങ്ങളില്‍നിന്നും പ്രാപ്തിയും പക്വതയും കാര്യശേഷിയുമുള്ള ഒരു വ്യക്തിയെ ഭാവിരാജാവായി പ്രഖ്യാപിക്കുമ്പോള്‍, നിശ്ചയം, ഇതര സഹോദരങ്ങളെക്കൂടി അവരവരുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ച് സ്ഥാനാധികാരങ്ങള്‍ നല്‍കി ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതുമായിരുന്നു. എങ്കില്‍ മാത്രമേ തങ്ങള്‍ അവഗണിക്കപ്പെട്ടില്ല എന്ന ധാരണ ഇതര സഹോദരങ്ങള്‍ക്കും അവരുടെ മാതാക്കള്‍ക്കും ഉണ്ടാവുകയുള്ളൂ. അതായിരുന്നു ആശങ്കയ്ക്കും അസ്വസ്ഥതക്കും വൈഷമ്യങ്ങള്‍ക്കുമുള്ള പരിഹാരം. അവയൊന്നും നിര്‍വ്വഹിക്കപ്പെടാത്തതിനാല്‍, വിദുഷി മന്ഥരയുടെ സമ്മോഹന വാക്കുകള്‍ മാതാ കൈകേയിയെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഇടയാക്കി കുറ്റത്തിനാസ്പദമായ ആവശ്യങ്ങള്‍ ഉന്നയിക്കുവാന്‍ പ്രേരിപ്പിച്ചു.” ശ്രീരാമന്‍ തുടര്‍ന്നു.
“അങ്ങനെ മന്ഥരയുടെ പ്രേരണ താനും പുത്രനും കൊട്ടാരത്തില്‍നിന്നും പുറത്താക്കപ്പെടുമെന്ന ആശങ്കയുളവാക്കുവാനും തന്മൂലം ധര്‍മത്തേയും നീതിയേയും ഉത്തരവാദിത്തങ്ങളേയും കര്‍ത്തവ്യങ്ങളേയും വ്യക്തതയോടെ തിരിച്ചറിയാതെ കൈകേയിയെ അസ്വസ്ഥയാക്കിയപ്പോള്‍, മാതാ കൈകേയിയുടെ തുടര്‍ന്നുള്ള പ്രവൃത്തികള്‍ കുറ്റത്തിന് ആസ്പദമായിത്തീര്‍ന്നുവെന്നുമാത്രം.” ശ്രീരാമന്‍ തുടര്‍ന്നു.
“സ്വയം തീരുമാനത്താലല്ല, പകരം സ്വന്തം പുത്രനും തനിക്കും സകലതും നഷ്ടപ്പെടുമെന്ന വിദുഷി മന്ഥരയുടെ ഭയപ്പെടുത്തലും തുടര്‍ന്ന് കാര്യസാദ്ധ്യത്തിനായി കുതന്ത്രങ്ങളാല്‍ പൂരിതമായ സമ്മോഹന വാക്കുകളും, ദശരഥരാജന്റെ യുവരാജാഭിഷേക പ്രഖ്യാപനത്തിലെ അപാകതയാല്‍ ഉളവായ ആശങ്കകളും പ്രേരിപ്പിച്ചപ്പോള്‍, യഥാര്‍ത്ഥത്തില്‍, രാജമാതാ കൈകേയി കുറ്റക്കാരിയാവുകയായിരുന്നു. മാത്രമല്ല, ആരോട് അഹിതം ചെയ്തിട്ടാണോ ശിക്ഷയ്ക്ക് കാരണമായ കുറ്റം ചെയ്തത്, പ്രസ്തുത അഹിതങ്ങള്‍ അനുഭവിക്കുവാന്‍ ഇടയായവര്‍തന്നെ പരപ്രേരണയില്ലാതെ കുറ്റക്കാരോട് പൊറുക്കുവാനും കുറ്റക്കാര്‍ക്ക് ജീവിക്കുവാനുള്ള അവസരമേകണമെന്ന് വാദിക്കുകയും ചെയ്യുന്നുവെങ്കില്‍, കുറ്റത്തിന് ആസ്പദമായ സാഹചര്യം യഥാര്‍ത്ഥത്തില്‍ സംഭവിക്കാതെ പകരം കളമൊരുങ്ങുക മാത്രമേ ഉണ്ടായുള്ളൂവെങ്കില്‍, തീര്‍ച്ചയായും ശിക്ഷ അനുഭവിക്കുന്നതില്‍നിന്നും പ്രസ്തുത കുറ്റക്കാരെ വിമുക്തരാക്കുന്നതിന് അഥവാ മോചിപ്പിക്കുന്നതിന് രാജാവിനും മുഖ്യ നീതിനിര്‍വ്വഹണാധികാരിയ്ക്കും രാജനീതിപ്രകാരം ധാര്‍മ്മികമായ അര്‍ഹതയും അധികാരവുമുണ്ട്.” ശ്രീരാമന്‍ തുടര്‍ന്നു.
“ഇവിടെ ശ്രീരാമനെന്ന നമുക്കു തന്നെയാണ് അഹിതങ്ങള്‍ അനുഭവിക്കുവാന്‍ ഇടയാകുമായിരുന്നത്. മാതാ കൈകേയിയോട് നമുക്ക് യാതൊരു അപ്രിയവും വെറുപ്പും ഇല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കുറ്റത്തിന് ആസ്പദമായ സംഭവങ്ങളിലേയ്ക്ക് മാതാ കൈകേയി വഴിപ്പെട്ടുപോയെന്നു മാത്രം. ശിക്ഷ അനുഭവിക്കുവാന്‍ മേല്‍ക്കാരണങ്ങളാല്‍ മാത്രം ഇടവരരുതെന്ന് ധര്‍മത്തേയും നീതിയേയും അടിസ്ഥാനമാക്കി അറിയിക്കുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“അഹിതങ്ങള്‍ അനുഭവിക്കുവാന്‍ ഇടയാകുമായിരുന്ന വ്യക്തി എന്ന നിലയിലും നാം തന്നെ മാതാ കൈകേയിയോട് ക്ഷമിക്കുന്നതിനാലും, ശിക്ഷ അനുഭവിക്കുന്നതില്‍നിന്നും വിമുക്തയാകുന്നതിന് മാതാ കൈകേയി തികച്ചും അര്‍ഹയാകുന്നു. മഹാരാജാ ദശരഥന്‍ അനുഭവിച്ചതുപോലെ തന്നെ സഭയില്‍വെച്ച് കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ടതിനാല്‍ ഉണ്ടായ അപമാനവും മാനഹാനിയും, തീര്‍ച്ചയായും, അവര്‍ ചെയ്ത അപരാധത്തിനുള്ള പരസ്യമായ ശിക്ഷ തന്നെയാകുന്നു. അതിനാല്‍ തുടര്‍ന്ന് വീണ്ടും ശിക്ഷിക്കപ്പെടുന്നതില്‍നിന്നും വിമുക്തയാകുവാന്‍ മാതാ കൈകേയിയ്ക്ക് അര്‍ഹതയുണ്ട്.” ശ്രീരാമന്‍ തുടര്‍ന്നു.
“മഹാരാജാ ദശരഥന്റെ അശ്രദ്ധയാല്‍ ദുരന്തരംഗങ്ങള്‍ക്ക് കാരണമായ, മാതാ കൈകേയിയുടെ ആഗ്രഹത്തിന് അടിസ്ഥാനമായ നിര്‍ണ്ണായക വിഷയത്തിന് നാം തന്നെ ഇതാ വിരാമമിടുന്നു. മാതാ കൈകേയിയുടെ പുത്രനും നമ്മുടെ സഹോദരനുമായ ഭരതനെ പ്രജകള്‍ അനുവദിയ്ക്കുന്നുവെങ്കില്‍ മാത്രം അയോദ്ധ്യയുടെ പ്രധാനമന്ത്രിയായി അവരോധിക്കുന്നതാണ്!! നമ്മില്‍നിന്നും ലഭിച്ച ഭരണപരിചയത്താല്‍ പ്രാപ്തനായ ഭരതന്‍ പ്രജകള്‍ തെരഞ്ഞെടുക്കുന്നുവെങ്കില്‍ നമുക്കുശേഷം അയോദ്ധ്യയുടെ രാജാവായി പ്രജാക്ഷേമം പൂര്‍ത്തിയാക്കട്ടെ!! ഒരു രാജ്യത്തില്‍ തന്നെ വിവിധ രാജ്യങ്ങളെപ്പോലെ ചിതറിക്കിടക്കുന്നവയെല്ലാം യോജിപ്പിച്ച് സുസ്ഥാപിതമാകുന്ന ഭാരതം എന്ന നമ്മുടെ വിശാലമായ ഏകരാജ്യത്തിന്റെ തലസ്ഥാനമായിരിക്കും അയോദ്ധ്യ. ഭാരതത്തിന്റെ പുതിയൊരു ഗീതം ഇവിടെ രചിക്കപ്പെടുകയാണ്. സമസ്ത സുന്ദര ഭാരതം ഇവിടെ പിറവിയെടുക്കുകയാണ്.” ശ്രീരാമന്‍ തുടര്‍ന്നു.
വിഷ്ണുദേവന്‍ സപ്താമാവതാര ശ്രീരാമനായി ഭൂമിയില്‍ നടപ്പാക്കുന്ന അവതാരദൗത്യം പ്രഥമഘട്ടത്തില്‍നിന്നും ക്ഷേമാധിഷഠിത ഭരണം അഥവാ ഉത്തമഭരണമെന്ന ദ്വിതീയ ഘട്ടത്തിലേക്ക് പ്രവേശിച്ചു.
സനാതനധര്‍മത്തെ ശ്രേഷ്ഠമായ പദവിയിലേയ്ക്ക് ഉയര്‍ത്തിയ സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്റെ വിധിപ്രസ്താവം നീതിനിര്‍വ്വഹണത്തിലെ അവിസ്മരണീയ നിമിഷമായിത്തീര്‍ന്നു. ആര്‍ഷഭാരത സംസ്‌ക്കാരം അതിന്റെ ഉച്ചകോടിയിലെത്തി. ദേവവര്‍ഗ്ഗത്തിന്റെ മാഹാത്മ്യം വെളിപ്പെടുന്നതിനുള്ള അസുലാഭവസരമായി ശ്രീരാമന്റെ വിധിപ്രഖ്യാപനം. രാഷ്ട്രത്തിന്റെ പ്രാധാന്യവും വ്യക്തിയുടെ പരിധിയും സ്ഥാനങ്ങളുടെ പ്രസക്തിയും അധികാരങ്ങളും മാനവര്‍ക്കെല്ലാം അറിയുന്നതിനുള്ള അങ്കത്തട്ടായി സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്റെ രാജസഭ.
ശ്രീരാമന്‍ വിധിപ്രഖ്യാപനം തുടര്‍ന്നു –
“എന്നാല്‍ ഏതൊരവസരത്തെ ഏതൊരു വ്യക്തിയാണോ കുതന്ത്രങ്ങളാല്‍ ദുരുപയോഗപ്പെടുത്തുന്നത്, അതും തികച്ചും മാതൃരാജ്യത്തെ തന്നെ തകര്‍ക്കുന്നതും, പ്രജാക്ഷേമത്തെ ഹനിക്കുന്നതും, ഭരണത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതും, ക്ഷേമം പ്രാവര്‍ത്തികമാക്കുന്നതിനെ തടസ്സപ്പെടുത്തുന്ന ദുര്‍മ്മാര്‍ഗ്ഗത്തെ സ്വീകരിച്ച് ദേശദ്രോഹമെന്ന കുറ്റത്തിനും വഞ്ചനക്കും ഗൂഢാലോചനയ്ക്കും കൂട്ടുനില്‍ക്കുന്നതും കാരണമായിത്തീരുന്നതും, നിശ്ചയം, തുടര്‍ന്നൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കുവാന്‍ കുറ്റക്കാരെ മാതൃകാപൂര്‍വ്വം കഠിനമായി ശിക്ഷിക്കേണ്ടതാണ്. പരസ്പരം വൈരാഗ്യം സൃഷ്ടിച്ച് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുവാന്‍ ശ്രമിച്ച മന്ഥര കുറ്റത്തിനാസ്പദമായ കൃത്യം നിര്‍വ്വഹിക്കുവാന്‍ ആവശ്യമായ പ്രേരണയാണ് നല്‍കിയത്. പ്രേരണാകുറ്റം അതീവ ഗൗരവമായ കുറ്റമാണ്. പ്രേരണയാല്‍ ചിലപ്പോള്‍ ഏതൊരു വ്യക്തിയേയും കുറ്റവാളിയാക്കുവാന്‍ സാധിച്ചേക്കാം. കുറ്റം ചെയ്ത വ്യക്തിയേക്കാള്‍ കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിച്ച വ്യക്തിയാണ് അപകടകാരി. ആദ്യം കുറ്റകൃത്യം രൂപംകൊള്ളുന്നത് കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച വ്യക്തിയിലാണ്. അതിനാല്‍ യഥാര്‍ത്ഥ കുറ്റവാളി കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച വ്യക്തിയാണ്. കുറ്റകൃത്യം നിര്‍വ്വഹിച്ച വ്യക്തിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച വ്യക്തി ചൂഷണം ചെയ്ത് കുറ്റവാളിയാക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കുറ്റകൃത്യം ചെയ്യുന്നത് പ്രേരിപ്പിച്ച വ്യക്തി തന്നെയാണ്. പക്ഷെ പ്രേരിപ്പിച്ച വ്യക്തിയെ പ്രത്യക്ഷത്തില്‍ കാണുകയില്ലായെന്ന് മാത്രം. കുറ്റകൃത്യം ആദ്യമായി ആസൂത്രണം ചെയ്തവര്‍ അത് നടപ്പിലാക്കുവാന്‍ ആവശ്യമായവരെ പ്രേരിപ്പിച്ചും നിര്‍ബന്ധിപ്പിച്ചും ചെയ്യിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനാല്‍ പ്രേരണ നല്‍കി ആസൂത്രണം ചെയ്തവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. കുറ്റം ചെയ്തവരേക്കാള്‍ ആദ്യമായി ആസൂത്രണം ചെയ്ത് പ്രേരിപ്പിച്ചവരാണ് കുറ്റക്കാരില്‍ പ്രമുഖര്‍. അതിനാല്‍ അത്തരമൊരു കുറ്റക്കാരിയായ മന്ഥരയെ മാതൃകാപൂര്‍വ്വം ശിക്ഷിച്ചേ മതിയാകൂ. അത് എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് സഭയ്ക്ക് തീരുമാനങ്ങള്‍ അറിയിക്കാം.” ശ്രീരാമന്‍ സഭയ്ക്ക് അവസരം കൊടുത്തു.
“ആയുഷ്‌ക്കാലം കല്‍ത്തുറുങ്കിലടക്കുക. വഞ്ചകിയും രാജ്യദ്രോഹിയുമായ മന്ഥരയെ ആയുഷ്‌ക്കാലം കല്‍ത്തുറുങ്കിലടക്കുക.” സഭയൊന്നാകെ ആവശ്യപ്പെട്ടു.
“എല്ലാവരുടേയും തീരുമാനത്തെ നാം സ്വീകരിക്കുന്നു. സേനാപതേ! ഈ നിമിഷം മുതല്‍ ആയുഷ്‌ക്കാലം മുഴുവന്‍ വിദുഷി മന്ഥരയെ കല്‍ത്തുറുങ്കില്‍ അടയ്ക്കുക.” ശ്രീരാമന്‍ ആജ്ഞാപിച്ചു.
“ഏതൊരു വിഷയവും കാലതാമസമില്ലാതെ പ്രായോഗികമായി പരിഹരിക്കുമ്പോള്‍ അതിനാല്‍ സംഭവിക്കേണ്ടതായ അനിഷ്ടങ്ങള്‍ ഒഴിവാക്കാം.”
ധര്‍മത്തില്‍ നിലകൊള്ളുന്ന ശ്രീരാമന്‍ സ്വയം ധര്‍മമായിത്തീരുന്നു. പ്രജകള്‍ നീതിനിര്‍വ്വഹണത്തിന് സാക്ഷികളായി.
“ഉണ്ണീ… രാമാ… നമ്മെക്കൂടി ശിക്ഷിക്കൂ…ഒരിക്കലും ഒരു മാതാവിനും നിരക്കാത്ത തെറ്റുചെയ്ത നമ്മേക്കൂടി ശിക്ഷിക്കൂ.” കൈകേയി ആര്‍ത്ത നാദയായി വിലപിച്ചു.
“ധാര്‍മ്മികമായി മാത്രമേ ശിക്ഷ വിധിക്കുവാന്‍ പാടുള്ളൂ. ധര്‍മമാണോയെന്ന പരിശോധന നിര്‍ബന്ധമാണ്. വ്യക്തിയുടെ ചെയ്തികള്‍ സ്ഥാനത്തിനും നീതിക്കും ധര്‍മത്തിനും നിരക്കുന്നതാണോ എന്ന പരിശോധനയാണ് ശിക്ഷ വിധിക്കുവാന്‍ അടിസ്ഥാനമാക്കേണ്ടത്. സല്‍പ്പേരോടുകൂടി ജീവിക്കുന്നതിനിടെ ദുഷ്‌പ്പേരുണ്ടായി അപമാനമേല്‍ക്കുമ്പോള്‍, തീര്‍ച്ചയായും, സാധാരണയായി അതാണ് ഏറ്റവും വലിയ ശിക്ഷ. ഇന്ന് സഭയ്ക്ക് മുമ്പാകെയുണ്ടായ വിചാരണയിലൂടെ കുറ്റക്കാരിയാണെന്ന് തിരിച്ചറിഞ്ഞതിനാലുണ്ടായ അപമാനം തന്നെ മാതാ കൈകേയിയ്ക്ക് ലഭിച്ച ഏറ്റവും വലിയ ശിക്ഷയാകുന്നു. സദ്ബുദ്ധിയ്ക്കായി പ്രാര്‍ത്ഥിക്കുക.” ശ്രീരാമന്‍ കൈകേയിയെ സാന്ത്വനിപ്പിച്ചു.
“മഹാരാജാ ശ്രീരാമന്‍ വിജയിക്കട്ടെ! ദശരഥനന്ദനന്‍ രാമന്‍ നീണാള്‍ വാഴട്ടെ!!” സഭാവാസികള്‍ ഒന്നടങ്കം ജയഭേരി മുഴക്കിക്കൊണ്ടിരുന്നു.
“രാജാഭിഷേകം രണ്ടുനാള്‍ കഴിഞ്ഞ് നിശ്ചയിച്ച ദിവസം തന്നെ ആഘോഷത്തോടെ വിധിപ്രകാരം നടത്താം.” വസിഷ്ഠന്‍ ദശരഥനോട് ഉണര്‍ത്തിച്ചു.
“അതെ! ആഘോഷമായി തന്നെ നടത്താം!!” ദശരഥന്റെ മറുപടി.
“രാമാഭിഷേകം ആഘോഷത്തോടെ പ്രഖ്യാപിത ദിവസം തന്നെ നടത്തുന്നതാണ്. എല്ലാവരും സന്നിഹിതരാവുക.” സഭയോടായി ദശരഥന്‍ പ്രഖ്യാപിച്ചു.
ധര്‍മത്തിന്റെ സ്വരൂപം ഓരോ കാര്യങ്ങളിലും എങ്ങനെയായിരിക്കുമെന്ന് ഉത്തമപുരുഷനായ ശ്രീരാമനില്‍നിന്നും അറിഞ്ഞ എല്ലാവരും വാര്‍ത്ത കാട്ടുതീപോലെ പടര്‍ത്തി.
അയോദ്ധ്യയുടെ അന്ത:പുരത്തില്‍ അരങ്ങേറിയ വിധിനിര്‍ണ്ണായകവും വിനാശത്തിന്റെ വഴിവിളക്കുമായിരുന്ന സംഭവത്തെ സൂക്ഷ്മതയോടെ, എന്നാല്‍ തികച്ചും പ്രായോഗികമായി തന്നെ ധാര്‍മ്മികവും നീതിപൂര്‍വ്വകവുമായി വിധി നിശ്ചയിച്ച് പരിഹരിച്ച ശ്രീരാമന്റെ കര്‍ത്തവ്യനിര്‍വ്വഹണം പ്രജകളില്‍ പുതുവിശ്വാസവും ഉത്സാഹവും പ്രതീക്ഷയും, സ്വാര്‍ത്ഥയില്ലാത്ത പ്രയത്‌നവും പരിശ്രമവും അത്യാവശ്യമാണെന്ന തിരിച്ചറിവും, ഈശ്വരഭക്തിയും, ധര്‍മനിഷ്ഠയും വര്‍ദ്ധിപ്പിച്ചു. പ്രജകള്‍ സംതൃപ്തരായി.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ –
ആഘോഷപ്പൊലിമയോടെ അയോദ്ധ്യ കൊണ്ടാടുകയാണ് ശ്രീരാമന്റെ രാജ്യാധികാര സ്ഥാനാരോഹണം.
ഇന്നാണ് ശ്രീരാമ രാജാഭിഷേകം!!
ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്നു…..
എല്ലാത്തിനും നേതൃത്വം നല്‍കിയ വസിഷ്ഠന്‍ ആര്‍ഷ സംസ്‌ക്കാരത്തിന്റെ മഹിമാവിശേഷങ്ങളെ വിളിച്ചറിയിക്കുകയാണ്.
തുടര്‍ന്ന് വസിഷ്ഠന്‍ ശ്രീരാമന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
അനന്തരം കിരീടധാരണം നടന്നു.
മഹാരാജാ ദശരഥന്‍ തന്റെ കിരീടം രാമനെ അണിയിച്ചു. ഔദ്യോഗികമായി മഹാരാജാ ദശരഥന്‍ വിടവാങ്ങല്‍ ഇങ്ങനെ ഉപസംഹരിച്ചു.
“പ്രജകള്‍ക്കെന്നും ക്ഷേമത്തെ മാത്രം പ്രദാനം ചെയ്യുന്ന സദ്ഭരണം നടപ്പാക്കുവാന്‍ രാമന് സാധിക്കുന്നതിന് എല്ലാവരും പരിപൂര്‍ണ്ണമായി സഹകരിക്കുക. നമ്മുടെ ഭരണത്തില്‍ വന്നുപോയതും സംഭവിച്ചതുമായ എല്ലാ തെറ്റുകള്‍ക്കും നമ്മോടു ക്ഷമിക്കുക. ഏവരേയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ. ശേഷകാലം സ്വസ്ഥമായി കഴിയുവാനായി വാനപ്രസ്ഥമാണ് ആഗ്രഹിക്കുന്നത്. എല്ലാം ഈശ്വരേച്ഛ!”
തുടര്‍ന്ന് വസിഷ്ഠന്‍ ഇപ്രകാരം അറിയിച്ചു.
“അയോദ്ധ്യാവാസികളായ നമ്മളെല്ലാം നമ്മുടെ നായകനും സത്യമൂര്‍ത്തിയുമായ മഹാരാജാ ശ്രീരാമനെ ഇതാ ക്ഷണിക്കുന്നു. നമ്മുടെ ഓരോരുത്തരുടേയും കര്‍ത്തവ്യത്തെക്കുറിച്ച് മഹാരാജാ ശ്രീരാമന്‍ ഉപദേശിക്കുന്നതാണ്.”
“അയോദ്ധ്യാവാസികളും മഹാഭാഗ്യമുള്ളവരുമായ അനുഗ്രഹീതരേ… നമ്മുടെ പ്രണാമങ്ങള്‍ സ്വീകരിച്ചാലും!!” രാമവചനങ്ങള്‍ സഭാവാസികളെ ആവേശഭരിതരാക്കി.
“നാം സംരക്ഷണാധികാരി വിഷ്ണുദേവന്റെ സപ്തമാവതാരം ആകുന്നു. ധര്‍മസംസ്ഥാപനമാണ് അവതാരദൗത്യം. ഏവരും പങ്കുകൊള്ളുക. യഥാശക്തി പങ്കുകൊള്ളുക. ക്ഷേമാധിഷ്ഠിത ഭരണം പ്രജകളുടെ അവകാശമാണ്. എല്ലാവരും സഹകരിക്കുക.”
ശ്രീരാമന്‍ വിനയപൂര്‍വ്വം തുടര്‍ന്നു –
“അനുഭവവും പരിചയവും ഏറെയുള്ള നമ്മുടെ പിതാവും രാജാവുമായിരുന്ന ദശരഥന്‍ സ്വന്തം അറിവും പരിചയവും പ്രജാക്ഷേമത്തിനായി ജീവിതകാലമത്രയും ഉപയോഗപ്പെടുത്തണം. വാനപ്രസ്ഥമെന്നതിന്റെ സൂക്ഷ്മാര്‍ത്ഥം ഗ്രഹിക്കണം. ഒരിക്കലും കര്‍മ്മത്തില്‍നിന്നും കര്‍ത്തവ്യത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. കൃത്യതയോടെയുള്ള കര്‍ത്തവ്യപൂര്‍ത്തീകരണമാണ് ജീവനെ ബന്ധനങ്ങളില്‍നിന്നും വാസനകളില്‍ നിന്നും സ്വതന്ത്രമാക്കി മോക്ഷപ്രാപ്തിയേകുന്നത്. സദുദ്ദേശ്യത്തോടെ ധാര്‍മ്മികമായി സര്‍വ്വദാ പ്രജകള്‍ക്ക് ഹിതകരമായത് നിര്‍വ്വഹിക്കുവാന്‍ സാധിക്കുകയാണ് ഏറ്റവും വലിയ സുകൃതം. കര്‍ത്തവ്യങ്ങളില്‍നിന്നും പിന്‍തിരിയാതിരിക്കുക.”
“യുക്തിഭദ്രമായ ഭക്തിയാണ് സ്വീകാര്യം. പ്രായോഗികമായിരിക്കണം ഭക്തിയും വിശ്വാസവും. ജീവിതത്തിന് മുതല്‍കൂട്ടായിരിക്കണം ഭക്തിയും വിശ്വാസവും. അതിന് സ്ഥൂലാര്‍ത്ഥവും സൂക്ഷ്മാര്‍ത്ഥവും പരമാര്‍ത്ഥവും ഗ്രഹിയ്ക്കണം. മനോകാമനകളോടെ കര്‍മ്മം ചെയ്യാതിരിക്കുന്നതിനുള്ള പരിശീലനത്തെയാണ് വാനപ്രസ്ഥംകൊണ്ട് ഉദ്ദേശിച്ചത്. കര്‍മ്മങ്ങളില്‍നിന്നും വിട്ടുനില്‍ക്കാതേയും, എന്നാല്‍ കര്‍മ്മങ്ങളില്‍ ആസക്തരാകാതേയും കര്‍മ്മം ചെയ്യുന്നതിനുള്ള പരശീലനമാണ് വാനപ്രസ്ഥം എന്ന ജീവിത രീതികൊണ്ട് ഉദ്ദേശിക്കുന്നത്. കര്‍മ്മങ്ങളില്‍നിന്നും കുടുംബ ബന്ധങ്ങളില്‍നിന്നും രാജ്യകാര്യങ്ങളില്‍നിന്നും വേര്‍പെട്ട് ഏകാന്തവാസം നയിക്കലോ വനാന്തരങ്ങളില്‍ അലയലോ അല്ല. സ്വയം സ്വസ്വരൂപത്തെ അറിഞ്ഞ് സ്വയം നിര്‍വ്വഹിക്കേണ്ടത് മമതയും ആഗ്രഹവുമില്ലാതെ ചെയ്തുപൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നതിനുള്ള തീവ്രപരിശീലനമാണ് വാനപ്രസ്ഥം. ജീവിതത്തില്‍നിന്നുമുള്ള ഒളിച്ചോട്ടമല്ല വാനപ്രസ്ഥം. ബഹുമാന്യനായ വസിഷ്ഠനോടൊപ്പം രാജനൈതിക ഉപദേഷ്ടാവായി ദശരഥന്‍ സേവനം തുടരണമെന്ന് നാം അപേക്ഷിക്കുന്നു.”
ശ്രീരാമന്റെ വാക്കുകള്‍ ദശരഥനിലും പ്രജകളിലും സംതൃപ്തിയുളവാക്കി.
“ഉണ്ണി! അതിലും നമ്മെ തോല്‍പ്പിച്ചു അല്ലെ?” ദശരഥന്റെ പുത്രവാത്സല്യം നിറഞ്ഞൊഴുകി. “സത്യധര്‍മാദികളിലുള്ള ഉണ്ണിയുടെ അറിവ് മഹിമാതിശയം!! നാം മാഹാരാജാ ശ്രീരാമന്റെ കല്പനയെ ഇതിനാല്‍ ശിരസാവഹിക്കുന്നു. അയോദ്ധ്യക്ക് രാജനീതിപ്രകാരം പുതിയൊരു സംവിധാനവുംകൂടി ശാശ്വതമായി ലഭ്യമായി.”
“അങ്ങയുടെ ഈ സദുദ്ദേശത്തിന് അയോദ്ധ്യാവാസികളെല്ലാം കടപ്പെട്ടിരിക്കുന്നു.” ദശരഥനെ വണങ്ങി രാമന്‍ അറിയിച്ചു.
“നമ്മുടെ പ്രധാനമന്ത്രിയായി മാതാ കൈകേയിയുടെ പുത്രനും നമുക്ക് പ്രിയങ്കരനും പ്രാപ്തനുമായ ഭരതനെ ഇതിനാല്‍ നിയമിക്കുന്നു, പ്രജാഹിതപ്രകാരം. സഹായിയായി ശത്രുഘ്‌നനേയും. ഔപചാരികമായി നിയമിച്ചുകൊണ്ടുള്ള മഹാരാജാ ശ്രീരാമന്റെ ഉത്തരവാണിത്. ലക്ഷ്മണന്‍ നമ്മോടൊപ്പമുണ്ടാവട്ടെ.”
“ശ്ലാഘനീയം രാമന്‍! ശ്ലാഘനീയം!! അവിടുന്ന് ധര്‍മത്തിന്റെ മൂര്‍ത്തീമദ്ഭാവം തന്നെ!!! നിസ്സംശയം അവിടുന്ന് ഉത്തമപുരുഷന്‍ തന്നെ!!!” വസിഷ്ഠന്‍ ആഹ്‌ളാദത്തോടെ ഉറക്കെ പ്രഖ്യാപിച്ചു.
തുടര്‍ന്ന് ഭരണനിര്‍വ്വഹണം ആരംഭിച്ചു.
“നമുക്ക് ഏറ്റവും പ്രിയപ്പെട്ടതും വീരയോദ്ധാവും മാനവരില്‍ ഉത്തമനും ആയോധനകലകളില്‍ അഭിമാനവുമായ ഹനുമാനെ നാം നമ്മുടെ മുഖ്യ സൈന്യാധിപനായി നിയമിക്കുന്നു. ശ്രീ ഹനുമാന് സ്വാഗതം.” ശ്രീരാമനെ വന്ദിച്ചുകൊണ്ട് സഭയില്‍ സന്നിഹിതനായിരുന്ന ഹനുമാന്‍ വേദിയിലേക്ക് ആഗതനായി.
സഭാനടപടികള്‍ പൂര്‍ത്തിയാക്കി ശ്രീരാമന്‍ ഭരണാധികാരി എന്ന ദ്വിതീയ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചു.
“ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ പ്രജാക്ഷേമം പ്രാവര്‍ത്തികമാക്കും. വ്യാപാരോ ദ്ദേശ്യമില്ലാതെ കൃഷിയെ വ്യവസായികാടിസ്ഥാനത്തില്‍ വ്യാപകമാക്കി പ്രജാക്ഷേമത്തിന് പ്രാരംഭം കുറിക്കും. ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. പ്രജകള്‍ എല്ലാവരും എല്ലാ സംരംഭങ്ങളിലും സ്ഥാപനങ്ങളിലും ഉടമസ്ഥരാകും. പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും ജീവിതാവശ്യത്തിന് വേണ്ടതെല്ലാം കൃത്യതയോടെ കലര്‍പ്പില്ലാതെ അഥവാ മായം ചേര്‍ക്കാതെ വളരെ കുറഞ്ഞ വിലയില്‍ വിശ്വസിച്ച് ഉപയോഗിയ്ക്കാവുന്ന രീതിയില്‍ പ്രജകള്‍ക്ക് ലഭിയ്ക്കും. ഓരോ പ്രദേശങ്ങളേയും ഉള്‍പ്പെടുത്തി രാജ്യത്തെ പ്രജകളുടെ ആകെ എണ്ണം കൃത്യമായി ശേഖരിയ്ക്കും. അവശത അനുഭവിയ്ക്കുന്നവര്‍ക്കുള്ള സംരക്ഷണത്തിന് പ്രാധാന്യം നല്‍കും.” ശ്രീരാമന്‍ തുടര്‍ന്നു.
“നികുതി സമ്പ്രദായങ്ങള്‍ നിര്‍ത്തലാക്കും. ആഹാരം, വസ്ത്രം മുതലായ ജീവിതാവശ്യത്തിന് ആവശ്യമായതെല്ലാം പ്രജകളെല്ലാം ഉടമസ്ഥരായ ഉടമസ്ഥാവകാശ പദ്ധതികള്‍ വഴിയുള്ള സംരംഭങ്ങളിലൂടേയും സ്ഥാപനങ്ങളിലൂടേയും രാജാവിന് അഥവാ ഭരണാധികാരിയ്ക്ക് വരുമാനവും സമ്പാദ്യവും ആര്‍ജ്ജിയ്ക്കുവാന്‍ സാധിയ്ക്കുന്നതിനാല്‍ നികുതി പിരിയ്ക്കേണ്ട ആവശ്യമില്ല. എല്ലാത്തിനും കൃത്യമായ രേഖകള്‍ സൂക്ഷിക്കണം. അതാത് മേഖലകളില്‍ വൈദഗ്ദ്ധ്യവും കാര്യപ്രാപ്തിയുമുള്ള പരിണിതപ്രജ്ഞരായ മികച്ച വ്യക്തികളെ മാത്രമായിരിയ്കണം ഓരോ സംരംഭങ്ങളിലും ഉള്‍പ്പെടുത്തേണ്ടത്. അവരുടെ ക്രിയാത്മകമായ സേവനവും സഹകരണവും പ്രജാക്ഷേമത്തിന് അനുകൂല ഘടകങ്ങളായി ഭരണാധികാരി പ്രയോജനപ്പെടുത്തിയിരിയ്ക്കണം.” ശ്രീരാമന്‍ തുടര്‍ന്നു.
“വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വീഴ്ചകളും പോരായ്മകളും പരിശോധിച്ച് മെച്ചപ്പെടുത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ഓരോ സംരംഭത്തിലും സ്ഥാപനത്തിലും ഉണ്ടായിരിയ്ക്കണം. ഓരോ പ്രദേശങ്ങളില്‍ നിന്നുമുള്ള തല്‍സമയ വിവരങ്ങള്‍ ശേഖരിയ്ക്കണം. ബാല്യകാലം മുതല്‍ക്കേ തൊഴില്‍ വൈദഗ്ദ്ധ്യത്തിന് ആവശ്യമായ പരിശീലനമാണ് വിദ്യാദ്ധ്യയനത്തിലൂടെ അനുവദിയ്ക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍ക്ക് കവിതയും സാഹിത്യവും ഒഴിവുസമയങ്ങളില്‍ വായിയ്ക്കാവുന്നതേയുള്ളൂ. ഓരോ പ്രജയും പ്രായപൂര്‍ത്തിയാകുമ്പോള്‍ തൊഴില്‍ചെയ്ത് ജീവിയ്ക്കാനുള്ള കാര്യശേഷിയും വൈദഗ്ദ്ധ്യവും നേടിക്കഴിഞ്ഞിരിയ്ക്കണം എന്നത് നിര്‍ബന്ധ നിയമമായിരിയ്ക്കണം. ഉപരി പഠനം ആവശ്യമുള്ളവര്‍ക്ക് പ്രോത്സാഹനം കൊടുക്കണമെങ്കിലും, പ്രായപൂര്‍ത്തിയാകുമ്പോഴേയ്ക്കും ഏതൊരു പ്രജയും ഒരു തൊഴിലെങ്കിലും ചെയ്യുന്നതിനുള്ള പരിചയ സമ്പന്നത ആര്‍ജ്ജിച്ചിരിയ്ക്കണം. പില്‍ക്കാല ജീവിതത്തിന് പ്രയോജനപ്പെടാത്ത എന്തെല്ലാമോ പഠിക്കുന്നു എന്ന പേരില്‍ സമയം കളയാനുള്ളതല്ല വിദ്യാദ്ധ്യയനമെന്നത് ഭരണാധികാരി എപ്പോഴും ശ്രദ്ധിയ്ക്കണം. മനുഷ്യവിഭവ ശേഷിയാകുന്നു ഏറ്റവും വലിയ സമ്പാദ്യമെന്നത് ഭരണാധികാരി തിരിച്ചിറിഞ്ഞിരിയ്ക്കണം. പ്രജകളിലെ വൈഭവങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രമേ രാജ്യത്തിന്റെ ഭാവി സുസ്ഥിരമാകൂ എന്നത് ഭരണാധികാരി നിലനിര്‍ത്തേണ്ടതായ സുപ്രധാന നിയമമാകുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“വളര്‍ത്തിയതിന് മക്കള്‍ മാതാപിതാക്കള്‍ക്ക് നികുതി കൊടുക്കേണ്ടതുണ്ടോ? മക്കളുടെ അവകാശവും മാതാപിതാക്കളുടെ ഉത്തരവാദിത്തവുമാണ് സന്താനപരിപാലനം. വ്യാപാരോദ്ദേശ്യത്തോടെ വരുമാനമാര്‍ഗ്ഗമായി കണക്കുകൂട്ടി സന്താനങ്ങളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കള്‍ വ്യാപാരികളായി. മാതാവ് എന്നതും പിതാവ് എന്നതും സ്ഥാനങ്ങളാണ്. മാതാവ്, പിതാവ് എന്നീ സ്ഥാനങ്ങളില്‍ നിലകൊള്ളുന്ന വ്യക്തികള്‍ക്ക് പ്രസ്തുത സ്ഥാനത്തിന്റെ അധികാരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മാത്രം. വ്യക്തികള്‍ സ്ഥാനങ്ങളല്ല. വ്യക്തിക്ക് മാനുഷിക അവകാശങ്ങള്‍ മാത്രമേയുള്ളൂ. വ്യക്തിക്ക് സ്വയം അധികാരങ്ങളില്ല. സ്ഥാനത്തിനാകുന്നു അധികാരങ്ങള്‍. ഏതൊരു സ്ഥാനത്ത് ഏതൊരു വ്യക്തിയാണോ ആ വ്യക്തിക്ക് അതിന്റെ സ്ഥാനാധികാരങ്ങള്‍ ഉണ്ടായിരിക്കും. ഭരണാധികാരി അഥവാ രാജാവ് എന്നത് രാജ്യത്തെ സുപ്രധാനമായ സ്ഥാനമാണ്. രാജാവ് എന്ന സ്ഥാനത്ത് നിലകൊള്ളുന്ന വ്യക്തിക്ക് പ്രസ്തുത സ്ഥാനാധികാരങ്ങള്‍ ഉണ്ടായിരിക്കും. അത് വ്യക്തിയ്ക്ക് വേണ്ടിയല്ല. രാജാവ് എന്ന സ്ഥാനംകൊണ്ട് പ്രയോജനം ലഭിക്കേണ്ടതായ പ്രജകള്‍ക്ക് വേണ്ടിയാണ് ആ സ്ഥാനാധികാരങ്ങള്‍.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജാവ് എന്ന സ്ഥാനത്ത് നിലകൊള്ളുന്ന വ്യക്തി രാജാധികാരത്തെ ഉപയോഗിക്കേണ്ടത് പ്രജാക്ഷേമത്തിനായിരിക്കണം. എങ്കില്‍ മാത്രമേ ക്ഷേമാധിഷ്ഠിത ഭരണം പ്രാവര്‍ത്തികമാകൂ. ഭരണാധികാരി അഥവാ രാജാവ് പ്രജകളോട് കച്ചവടം ചെയ്യരുത്. ഭരണം നികുതിയിലൂടെ വരുമാനം ലഭിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗമല്ല. ഭരണം വ്യാപാരമല്ല. പ്രജകള്‍ നികുതിയിലൂടെ വരുമാനമുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗവുമല്ല. ഭരണം പ്രജാക്ഷേമത്തെ പ്രാവര്‍ത്തികമാക്കുവാനായി സ്ഥാനാധികാരങ്ങളെ അടിസ്ഥാനമാക്കി അനുവദിച്ചതാകുന്നു. ഭരണത്തിനുള്ള അധികാരം അനുവദിക്കുന്ന ഒരു രാജ്യത്തെ സുപ്രധാന സ്ഥാനമാണ് രാജാവ് അഥവാ ഭരണാധികാരി. പ്രജകളില്‍നിന്നും പിരിവെടുത്തല്ല പ്രജാക്ഷേമം നടപ്പാക്കേണ്ടത്. മക്കളില്‍നിന്നും പിരിവെടുത്തിട്ടല്ല മാതാപിതാക്കള്‍ മക്കളെ സംരക്ഷിയ്ക്കേണ്ടത്. മക്കളെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ക്ക് സ്വയം ശേഷിയുണ്ടായിരിക്കണം. എങ്കിലേ പരസ്പര ബഹുമാനത്താല്‍ അത് കാര്യക്ഷമമാകൂ.” ശ്രീരാമന്‍ തുടര്‍ന്നു.
“പദ്ധതി അധിഷ്ഠിതമായിരിക്കണം വികസനപ്രവര്‍ത്തനങ്ങള്‍. ഭരണം സ്വാര്‍ത്ഥതയോടെ ഭരിക്കുവാനാകരുത്, പ്രജാക്ഷേമം പ്രാവര്‍ത്തികമാക്കുവാനായിരിക്കണം. സ്ഥലവും സൗകര്യവും സംവിധാനവും സജ്ജീകരണവുമാണ് സമൃദ്ധിയായിത്തീരുന്നത്. സന്തുലിതമായി സമ്പുഷ്ടതയോടെ ഐശ്വര്യപൂര്‍ണ്ണമായി ക്ഷേമം നടപ്പാക്കുമ്പോള്‍ സമൃദ്ധിയും തന്മൂലം സമത്വവും പ്രാവര്‍ത്തികമാകും. അങ്ങനെ ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ പ്രജാക്ഷേമം പ്രായോഗികമായി നടപ്പാക്കുവാനാകും. എല്ലാവര്‍ക്കും അതാത് സ്ഥാനപ്രകാരം ക്ഷേമം ലഭ്യമാകുക എന്നതാണ് സമത്വത്താല്‍ ഉദ്ദേശിക്കുന്നത്. അതിനാണ് ക്ഷേമാധിഷ്ഠിത ഭരണം. തൊഴിലാളി എന്നതും മുതലാളി എന്നതും വ്യക്തി നിലകൊള്ളുന്ന രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ്. തൊഴിലാളി എന്നതും മുതലാളി എന്നതും വ്യക്തിയിലെ രണ്ട് ഘടകങ്ങള്‍ മാത്രമാണ്. കേന്ദ്രീകരിക്കേണ്ടത് ഉടമസ്ഥര്‍ എന്ന സ്ഥാനത്തിലേക്കായിരിക്കണം. പ്രജകളെല്ലാം ഉടമസ്ഥരായിരിക്കണം. ആവശ്യമുള്ളിടങ്ങളില്‍ തൊഴിലാളിയാകുന്നതിനും മുതലാളിയാകുന്നതിനും ഉടമസ്ഥരായ പ്രജകള്‍ തന്നെ യഥാ തെയ്യാറാകണം.” ശ്രീരാമന്‍ തുടര്‍ന്നു.
“ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമല്ലെങ്കില്‍, കുടുംബത്തിന് വേണ്ടിയുള്ള പാര്‍പ്പിടം, സന്താനങ്ങളുടെ വിദ്യാദ്ധ്യയനം, വിവാഹം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ ആജീവനാന്തം പ്രയത്നം. ഒരു ജീവിതം മുഴുവന്‍ ഏതാനും പേരുടെ കാര്യത്തിനു വേണ്ടി മാത്രം ആഹുതി ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. അതിനിടയില്‍ രാജ്യസേവനത്തിന് സാധിയ്ക്കുന്നില്ലാ എന്നത് അവഗണിയ്ക്കുവാന്‍ വയ്യ. ഏതാനും പേര്‍ അതിസമ്പന്നരും മറ്റു ചിലര്‍ സമ്പന്നരും അവശേഷിയ്ക്കുന്ന ഭൂരിഭാഗം പരമ ദരിദ്രരുമായിരിയ്ക്കും. രാജനീതിപ്രകാരം ഈ അസമത്വം നമ്മുടെ രാജ്യത്ത് നിലനില്‍ക്കാതിരിയ്ക്കുവാനുള്ള നടപടികള്‍ നിര്‍ബന്ധമായും പ്രാരംഭത്തില്‍ തന്നെ നടപ്പാക്കിയിരിയ്ക്കണം.” ശ്രീരാമന്‍ തുടര്‍ന്നു.
“കുടുംബമായി വസിയ്ക്കുന്നതിനുള്ള ഭവനങ്ങള്‍, വിദ്യദ്ധ്യയനം, വിവാഹം, ചികിത്സ തുടങ്ങിയവയെല്ലാം ഒരു രാജ്യത്തെ ഭരണാധികാരി അവകാശമായി, അതിനാല്‍ സൗജന്യമായി, പ്രജകള്‍ക്ക് അനുവദിയ്ക്കുമ്പോള്‍ മാത്രമേ ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമാകൂ എന്ന അടിസ്ഥാന നിയമത്തിന് പ്രാധാന്യം കൊടുത്ത് മാത്രമേ രാജാവ് പ്രവര്‍ത്തിയ്ക്കുവാന്‍ പാടുള്ളൂ. പ്രജകളുടെ അടിസ്ഥാനാവശ്യങ്ങള്‍ രാജ്യം അനുവദിയ്ക്കുന്നു; പ്രജകള്‍ എല്ലാവരുടെയും ക്ഷേമത്തിനായി രാജ്യത്തിനു വേണ്ടി പ്രയത്നിയ്ക്കുവാന്‍ തയ്യാറാകുന്നു, പ്രതിഫലം സ്വീകരിച്ചുകൊണ്ട് തന്നെ. ഉടമസ്ഥാവകാശ പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ ഓരോ പ്രജയും എല്ലാ സംരംഭത്തിലും ഉടമസ്ഥനായിരിയ്ക്കും അഥവാ ഉടമസ്ഥയായിരിയ്ക്കും. പ്രസ്തുത സംരംഭങ്ങളില്‍ നിന്നുമുള്ള ചെലവു കിഴിച്ചുള്ള മിച്ച സംഖ്യയില്‍ പകുതി രാഷ്ട്രത്തിന്റെ കരുതല്‍ ധനത്തിലേയ്ക്കും അവശേഷിയ്ക്കുന്ന പകുതി ഉടമസ്ഥരുടെ ക്ഷേമത്തിനായുള്ള വിഹിതമായും ചേര്‍ക്കപ്പെടും. നികുതി ഏര്‍പ്പെടുത്താതെ പ്രജകള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ സൗജന്യമായി ചെയ്തുകൊടുക്കുന്നതിനുള്ള ധനസമാഹരണം ഭരണാധികാരിയ്ക്ക് ഇപ്രകാരം ആര്‍ജ്ജിയ്ക്കാം. ഉടമസ്ഥാവകാശ പദ്ധതിയില്‍ നിന്നുള്ള ആകെയുള്ള മിച്ച സംഖ്യയുടെ പകുതിയില്‍ നിന്നും എല്ലാ മാസവും ജീവിതാവശ്യത്തിന് മതിയായ നിശ്ചിത സംഖ്യ ഓരോ കുടുംബത്തിനും അനുവദിച്ചിരിയ്ക്കണം. അതോടൊപ്പം പ്രജകള്‍ക്ക് പലിശ രഹിത വായ്പകളും ലഭ്യമാകും. പ്രജകള്‍ക്കെല്ലാം അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജ്യത്തെ പ്രജകള്‍ക്ക് മാത്രം ഉടമസ്ഥാവകാശ പദ്ധതിയില്‍ അംഗമാകാം. ഉടമസ്ഥാവകാശം വില്‍ക്കാനോ കൈമാറാനോ പണയം വെയ്ക്കുവാനോ അനുവാദമില്ല. രാജ്യത്തെ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ യാതൊന്നും തന്നെ അന്യരാജ്യക്കാര്‍ക്ക് അഥവാ വിദേശികള്‍ക്ക് വാങ്ങുന്നതിനോ കൈവശം വെയ്ക്കുന്നതിനോ അനുവാദമില്ല. വൈദഗ്ദ്ധ്യമുള്ള മേഖലകളില്‍ വിദേശികളുടെ സേവനങ്ങള്‍ ആവശ്യമെങ്കില്‍ പ്രതിഫലം നല്‍കി സ്വീകരിയ്ക്കാം. സ്ഥലങ്ങളും സ്ഥാപനങ്ങളും വിഭവങ്ങളും ആരുടെ നിയന്ത്രണത്തിലാണോ അവര്‍ രാജ്യത്തിന്റെ ഭരണ നിയന്ത്രണവും അതുവഴി അവര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ മാത്രം നടപ്പാക്കുന്നതിന് ഭരണസംവിധാനത്തിലുള്ളവരെ എപ്പോഴും സ്വാധീനിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യും. സ്ഥലങ്ങളും സ്ഥാപനങ്ങളും സമ്പത്തുമുള്ളവര്‍ക്ക് അനുകൂലമായിരിയ്ക്കും അധികാരസ്ഥാനത്തുള്ളവരുടെ തീരുമാനങ്ങള്‍ എന്നതിനാല്‍ ക്ഷേമവും തുല്യനീതിയും ലഭിയ്ക്കാതെ പ്രജകള്‍ പ്രയാസപ്പെടും. ഭവനത്തിലെ ശയനമുറി മാത്രം സ്വന്തം ഉടമസ്ഥതയിലും സ്ഥലമുള്‍പ്പെടെ മറ്റെല്ലാം മറ്റുള്ളവരുടേതുമായാല്‍ സ്വന്തം ഭവനമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം?” ശ്രീരാമന്‍ തുടര്‍ന്നു.
“രാഷ്ട്രത്തിന്റെ ഔദ്യോഗിക പതാകയിലും അഥവാ ചിഹ്നത്തിലും വര്‍ണ്ണങ്ങള്‍ മാത്രമേ പാടുള്ളൂ, മനുഷ്യരുടെയോ പക്ഷിമൃഗാദികളുടെയോ രൂപങ്ങള്‍ ഉണ്ടായിരിയ്ക്കരുത്. രാജ്യത്തെ പ്രതിനിധീകരിയ്ക്കുന്ന ഔദ്യാഗിക മുദ്രകളില്‍ അക്ഷരങ്ങളും അക്കങ്ങളും വര്‍ണ്ണങ്ങളോടൊപ്പം മനുഷ്യരുടെയോ പക്ഷിമൃഗാദികളുടെയോ രൂപങ്ങളില്ലാത്ത അലങ്കാരങ്ങളും അനുവദനീയമാണ്. സ്ഥാപനങ്ങള്‍ക്കോ സംരംഭങ്ങള്‍ക്കോ രാജാവ് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിലും അതാത് സമയങ്ങളിലോ അതിനുമുമ്പോ ഉണ്ടായിരുന്ന പേര് ഉപയോഗിയ്ക്കാന്‍ പാടില്ല. രാജ്യത്തിന്റെ പേരിനോടൊപ്പം ഉദ്ദേശ്യമെന്താണോ അത് മാത്രമായിരിയ്ക്കണം. ഉദാഹരണമായി രാജ്യ നാമധേയത്തോടൊപ്പം ചികിത്സാലയം, വിദ്യാദ്ധ്യയനകേന്ദ്രം തുടങ്ങിയവ.” ശ്രീരാമന്‍ തുടര്‍ന്നു.
“ജാതീയത, വംശീയത, വര്‍ണ്ണ വ്യത്യാസം, വിശ്വാസികള്‍, അവിശ്വാസികള്‍ തുടങ്ങിയ യാതൊരു വിവേചനങ്ങളും യാതൊരു കാരണവശാലും ഉണ്ടാകുവാന്‍ പാടില്ല. ഭരണ നിര്‍വ്വഹണത്തില്‍ ഇപ്രകാരമുള്ള അനീതികള്‍ക്ക് ഇടമുണ്ടാകരുത്. യോഗ്യതയുടെ അടിസ്ഥാനം ഈ രാജ്യത്തെ പ്രജയാണോ എന്നത് മാത്രമാകുന്നു. യാതൊരു കാലത്തും യാതൊരു സന്ദര്‍ഭത്തിലും മറ്റൊന്നും മറ്റൊരു അനീതിയും വിവേചനവും വെറുപ്പും പ്രജകള്‍ക്ക് ലഭിയ്ക്കേണ്ടതായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് തടസ്സമാകരുത്. വിദ്യാദ്ധ്യയനത്തിനും തൊഴിലിനും ചികിത്സയ്ക്കും മറ്റു സഹായങ്ങള്‍ക്കും തുടങ്ങിയ യാതൊന്നിനും വിശ്വാസി-അവിശ്വാസി തുടങ്ങിയ പരിഗണനകള്‍ ഉണ്ടായിരിയ്ക്കരുത്; ഭരണനിര്‍വ്വഹണ രേഖകളില്‍ അത്തരം പരാമര്‍ശങ്ങളോ സൂചനകളോ പാടില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതിയായിരിയ്ക്കും. തൊഴിലിനുള്ള വേതനവും തുല്യമായിരിയ്ക്കും. വൃദ്ധര്‍, അവശതയനുഭവിയ്ക്കുന്നവര്‍, മാതാപിതാക്കളോ രക്ഷാകര്‍ത്താക്കളോ ഇല്ലാത്ത കുട്ടികള്‍, ആരോരുമില്ലാത്ത വിധവകള്‍ തുടങ്ങിയവര്‍ക്കെല്ലാം ആഹാര വസ്ത്രാദികള്‍ ഉള്‍പ്പെടെ എല്ലാ സൗജന്യ സംരക്ഷണവും സ്വതന്ത്രജീവിതവും നല്‍കുന്നതിനുവേണ്ടി ലഭ്യമായ എല്ലാ സൗകര്യങ്ങളുമുള്ള അഭയകേന്ദ്രങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിര്‍മ്മിച്ച് കാര്യക്ഷമമായി നിലനിര്‍ത്തുന്നതാണ്.” ശ്രീരാമന്‍ തുടര്‍ന്നു.
“കരുതല്‍ ധനത്തോടൊപ്പം ആവശ്യമായ അളവില്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹസംഭരണങ്ങളും ഉണ്ടായിരിയ്ക്കണം. സ്ഥാപനങ്ങളില്‍നിന്നും സംരംഭങ്ങളില്‍നിന്നും പ്രയോജനം നേരിട്ട് ലഭിയ്ക്കുന്നതിനാല്‍ കൃത്യതയോടെ വിജയിപ്പിച്ചെടുക്കേണ്ടത് പ്രജകളുടേയും കര്‍ത്തവ്യമായിത്തീരുന്നു. പ്രജകളില്‍ നിന്നും അതാത് മേഖലകളിലുള്ള സംരംഭങ്ങളിലേയ്ക്ക് അനുയോജ്യരായവരെ തെരഞ്ഞടുക്കുവാനുള്ള തൊഴില്‍സംവിധാനം നടപ്പിലാക്കും. ഓരോ മേഖലയ്ക്കും പ്രത്യേക മന്ത്രാലയം രൂപീകരിയ്ക്കും. അത്തരം വിവിധ വകുപ്പുകള്‍ക്ക് മേധാവിമാരായി മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമിയ്ക്കപ്പെടും. നഗരാസൂത്രണവകുപ്പിന് കീഴില്‍ ഓരോ പ്രദേശങ്ങളുടേയും വികസനത്തിനും ദൈനംദിന ഭരണ നിര്‍വ്വഹണങ്ങള്‍ക്കുമായി യോഗ്യരായ നിരവധി പേരെ നിയമിയ്ക്കും. എല്ലാ പ്രദേശങ്ങളിലും അടിസ്ഥാന ജീവിത സൗകര്യങ്ങളും സഞ്ചാര മാര്‍ഗ്ഗങ്ങളും അഥവാ യാത്രാ വഴികളും ജലസേചന സൗകര്യവും ഉള്‍പ്പെടെയെല്ലാം കാര്യക്ഷമമായി നടപ്പാക്കി നഗരങ്ങളായി പരിണമിപ്പിയ്ക്കും. ഗ്രാമങ്ങളെ നഗരങ്ങളാക്കി മാറ്റണം. കേന്ദ്രീകൃത ഭരണസംവിധാനം നടപ്പാക്കണം. ഭരണാധികാരിയില്‍ നിന്നും നേരിട്ട് പ്രജകള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ലഭ്യമായിരിയ്ക്കണം. ഭരണാധികാരി അഥവാ രാജാവ് – തലസ്ഥാനം – നഗരങ്ങള്‍ എന്നീ ത്രിതല സംവിധാനം മാത്രമേ ഭരണ നിര്‍വ്വഹണത്തിന് പാടുള്ളൂ. ഭരണ നിര്‍വ്വഹണത്തിനായി വിവിധ വകുപ്പുകളും അതിന്റെ മേല്‍നോട്ടത്തിന് മന്ത്രിമാരും ഉദ്യോഗസ്ഥരുമുണ്ടായിരിയ്ക്കും. ഭാഷാ വ്യത്യാസത്തിന് അനുസൃതമായി അതാത് ഭാഷാ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന സംവിധാനം നടപ്പാക്കി എല്ലാ പ്രദേശങ്ങളിലുമുള്ള പ്രജകള്‍ക്കും ഭരണാധികാരി എന്ന സുപ്രധാന സ്ഥാനത്താല്‍ അനുവദിയ്ക്കുന്ന പ്രജാക്ഷേമ പദ്ധതികള്‍ കാലവിളംബം കൂടാതെ ലഭിയ്ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ഇടനിലക്കാരുടെ ദുരുദ്ദേശത്തില്‍ പ്രജകള്‍ അകപ്പെടരുത്.” ശ്രീരാമന്‍ തുടര്‍ന്നു.
“അഴിമതിയും സ്വജനപക്ഷപാതിത്വവും കാര്യക്ഷമതയില്ലായ്മയും അലസതയും അനാവശ്യ കാലതാമസം വരുത്തലും വധശിക്ഷ ഉള്‍പ്പെടെ അതികഠിനമായ ശിക്ഷ ലഭിയ്ക്കുന്ന കുറ്റങ്ങളാകുന്നു. മോഷണവും, കൊലപാതകങ്ങളും, അക്രമങ്ങളും, കലാപങ്ങളും ഉണ്ടാക്കുന്നവരെ വധശിക്ഷയ്ക്ക് വിധിയ്ക്കും. പ്രജകളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്നവരെ നിര്‍ദ്ദാക്ഷീണ്യം കൈകാര്യം ചെയ്യും. രാജ്യ സുരക്ഷയോടൊപ്പം ആഭ്യന്തര സുരക്ഷയ്ക്കും സമാധാന ജീവിതത്തിനും പരമപ്രാധാന്യമുണ്ടാകും. പ്രജകളുടെ സമ്പൂര്‍ണ്ണ ക്ഷേമമാകുന്നു തീരുമാനം.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജാവ് ഉള്‍പ്പെടെ ഭരണനിര്‍വ്വഹണസ്ഥാനത്തേയ്ക്ക് യോഗ്യരായവരെ പ്രജകള്‍ക്ക് തന്നെ 10 വര്‍ഷ കാലയളവിലേയ്ക്ക് തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കും. പ്രജാക്ഷേമത്തിനായ് നിശ്ചിത കാലയളവില്‍ നിശ്ചിത പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കുന്നതിനായി മാത്രമാകുന്നു അനുവാദം. തെരഞ്ഞെടുക്കുന്നതിന് മുമ്പ് എന്തെല്ലാം ചെയ്ത് പൂര്‍ത്തിയാക്കണമെന്ന് കൃത്യമായ തീരുമാനങ്ങള്‍ പ്രജകള്‍ നിയമിച്ച വിദഗ്ദ്ധ സമിതിയ്ക്കുണ്ടായിരിയ്ക്കണം. പദ്ധതി അടിസ്ഥാനത്തിലാകുന്നു പ്രജാക്ഷേമത്തിന് ആവശ്യമായതെല്ലാം നടപ്പാക്കേണ്ടത്. ഓരോ പ്രദേശങ്ങളെ അടിസ്ഥാനമാക്കി രാജ്യത്ത് മൊത്തമായും നടപ്പാക്കേണ്ടതായ പ്രസ്തുത വിദഗ്ദ്ധ സമിതിയുടെ പദ്ധതി അധിഷ്ടിത തീരുമാനങ്ങള്‍ പ്രജകളുടെ സമക്ഷം അവതരിപ്പിച്ച് പ്രജകളുടെ അനുവാദം തെരഞ്ഞെടുപ്പിലൂടെ നേടുക എന്നതാകുന്നു പ്രാഥമികമായി ചെയ്യേണ്ടത്. അടുത്ത് പത്ത് വര്‍ഷത്തേയ്ക്ക് രാജ്യത്ത് നടപ്പാക്കി പൂര്‍ത്തിയാക്കേണ്ടതായ എല്ലാ പ്രവര്‍ത്തന പദ്ധതികള്‍ക്കും പ്രജകള്‍ അറിഞ്ഞ് അനുവാദം നല്‍കണം. രണ്ട് തെരഞ്ഞെടുപ്പുണ്ടാകും. ഒന്ന്, ഏതെല്ലാം പദ്ധതികളും പ്രവര്‍ത്തനങ്ങളും വേണമെന്ന തെരഞ്ഞെടുപ്പ്. രണ്ട് പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിന് യോഗ്യരായവരെ പ്രജകളില്‍ നിന്നും തെരഞ്ഞെടുക്കല്‍. അപ്രകാരമുള്ള പദ്ധതികളെ കൃത്യതയോടെ നടപ്പാക്കുന്നതിന് യോഗ്യരായരായവരെ മാത്രമേ പ്രജകള്‍ തെരഞ്ഞെടുക്കുവാന്‍ പാടുള്ളൂ. ഓരോ വര്‍ഷത്തെ പ്രവര്‍ത്തനത്തേയും പരിശോധിച്ച് വിലയിരുത്തി യോഗ്യമായ വിധത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ തയാറാകാത്ത അഥവാ സാധിയ്ക്കാത്തവരെ പുറത്താക്കുന്നതിനും തുടര്‍ന്ന് അനുയോജ്യരായവരെ തെരഞ്ഞെടുക്കുന്നതിനും പ്രജകള്‍ക്ക് അധികാരവും അവകാശവും അനുവദിയ്ക്കുന്നതാണ്. തെരഞ്ഞടുക്കപ്പെട്ട അംഗങ്ങളില്‍ ആര്‍ക്കെങ്കിലും മരണമോ അപകടമോ സംഭവിയ്കുന്നുവെങ്കില്‍ തല്‍സ്ഥാനത്ത് അനുയോജ്യരായ വ്യക്തിയെ തെരഞ്ഞെടുക്കാവുന്നതാണ്. വാഗ്ദാനങ്ങള്‍ നല്‍കി പ്രജകളെ കബളിപ്പിച്ച് ഭരണ നിര്‍വ്വഹണ സ്ഥാനത്ത് എത്തുന്നതിനായ് ദുരുദ്ദേശമുള്ള തല്‍പ്പരകക്ഷികളുടെ കുത്സിതശ്രമങ്ങളെ എപ്പോഴും തിരിച്ചറിഞ്ഞ് പ്രതിരോധിയ്ക്കുമ്പോള്‍ മാത്രമേ പ്രജാക്ഷേമവും രാഷ്ട്ര സുരക്ഷയും ഉറപ്പ് വരൂത്താനാകൂ.” ചരിത്രപ്രസിദ്ധമായ വിധിപ്രഖ്യാപനത്തിലൂടെ ശ്രീരാമന്‍ നവോത്ഥാനത്തിന്റെ പുത്തന്‍ ചുവടുവെപ്പുകള്‍ ആരംഭിച്ചു, ക്ഷേമരാഷ്ട്ര പൂര്‍ത്തീകരണത്തിനായി.
“അഴിമതിയ്ക്കാരെ അതിശീഘ്ര വിചാരണയിലൂടെ വധശിക്ഷയ്ക്ക് വിധേയരാക്കും. കൃത്യമായ നിരീക്ഷണ സംവിധാനങ്ങളിലൂടെ അലസതയും കാര്യപ്രാപ്തിയുമില്ലാത്തവരെ എല്ലാ സംരംഭങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും നിര്‍ദാക്ഷീണ്യം അകറ്റി നിര്‍ത്തും.” ശ്രീരാമന്‍ അറിയിച്ചു.
“ക്രമസമാധാനപാലനത്തിന് എല്ലാ പ്രദേശങ്ങളേയും കേന്ദ്രീകരിച്ചുള്ള നിയമ സംവിധാനം നടപ്പില്‍ വരുത്തും. ക്രമസമാധാനപാലനത്തിന് നിയമിതരായവരില്‍ നിന്നും അകാരണമായി പ്രജകള്‍ക്ക് ഉപദ്രവമുണ്ടായാല്‍ അത്തരത്തിലുള്ളവര്‍ പ്രസ്തുത സ്ഥാനത്ത് നിന്നും പിരിച്ചുവിടപ്പെടുന്നതോടൊപ്പം ശിക്ഷയും കൂടി അനുഭവിയ്ക്കേണ്ടിവരും. എല്ലാത്തരം മായം ചേര്‍ക്കലും വധശിക്ഷ ലഭിയ്ക്കുന്ന കുറ്റമാകുന്നു. പ്രത്യേകിച്ച് ആഹാര പദാര്‍ഥങ്ങളില്‍. രാജ്യദ്രോഹത്തിനും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കും വധശിക്ഷ നല്‍കണം. എല്ലാ തൊഴിലിടങ്ങളിലും തൊഴില്‍ തര്‍ക്കപരിഹാര സംവിധാനവും സ്ത്രീസുരക്ഷാപദ്ധതിയും വേണം. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ തൊഴില്‍ നല്‍കുവാന്‍ പാടുള്ളൂ. എന്നാല്‍ വിദ്യാദ്ധ്യയനത്തോടൊപ്പമുള്ള തൊഴില്‍ നൈപുണ്യ പഠനത്തിന് അനുവാദമുണ്ടായിരിയ്ക്കും. എല്ലാ വ്യവഹാരങ്ങളും അര്‍ദ്ധവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിയ്ക്കണം. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണ വ്യവഹാരങ്ങളില്‍ അന്വേഷണത്തിന് നിശ്ചിത പരിധിയ്ക്കുള്ളില്‍ എന്ന നിബന്ധനയോടെ ആവശ്യമായ കാലയളവ് അനുവദിയ്ക്കാവുന്നതാണ്.” ശ്രീരാമന്‍ അറിയിച്ചു.
“നീതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന് രണ്ട് ഘട്ടങ്ങള്‍ മാത്രം അനിവാര്യം: കീഴ്‌കോടതി എന്ന പ്രാദേശിക കോടതിയും മേല്‍കോടതി എന്ന പരമോന്നത കോടതിയും. വ്യവഹാരങ്ങളുടെ കാലവിളംബം അനീതിയ്ക്ക് കാരണമാകും. വൈകിയെത്തുന്ന നീതി അനീതിയുടെ സഹചാരിയായിരിയ്ക്കും. കീഴ്‌കോടതി വിധിയ്ക്ക് എതിരെ മേല്‍കോടതിയെ സമീപിയ്ക്കാം. വ്യവഹാരങ്ങള്‍ കെട്ടികിടക്കാതിരിയ്ക്കുന്നതിനും കാലതാമസം വരാതിരിയ്ക്കുന്നതിനും ആവശ്യാനുസൃതം നീതിനിര്‍വ്വഹണ ഉദ്യോഗസ്ഥരെ എല്ലായിടങ്ങളിലും നിയമിയ്ക്കും. ന്യായത്തിനേക്കാള്‍ നീതിയ്ക്കാകുന്നു പ്രാധാന്യം. വ്യക്തമായ ലിഖിത നിയമങ്ങള്‍ അടങ്ങിയ ഭരണഘടനപ്രകാരമായിരിയ്ക്കും രാജ്യം നിയന്ത്രിയ്ക്കപ്പെടുക. വ്യക്തികള്‍ക്ക് അമിതാധികാരം നല്‍കാതെ അതാത് സ്ഥാനങ്ങള്‍ക്ക് മാത്രം ആവശ്യമായ അധികാരങ്ങള്‍ അനുവദിച്ച് വ്യക്തികളെ നിയമങ്ങളുടെ പരിധിയില്‍ നിലനിര്‍ത്തണം. ആരും നിയമത്തിന് അതീതരാവരുത്. എല്ലാവര്‍ക്കും നിയമപ്രകാരമുള്ള സംരക്ഷണം അനുവദിച്ചിരിയ്ക്കണം. വ്യക്തികളെ ആശ്രയിയ്ക്കാതെ രാഷ്ട്രം നിലനില്‍ക്കുന്നതിന് കൃത്യമായ നിയമങ്ങള്‍ ലിഖിത ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കും. ഭരണഘടനയുടെ സുരക്ഷയ്ക്കായി സമര്‍ത്ഥരായ പ്രത്യേക നീതിനിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ സംഘത്തെ തന്നെ നിയമിച്ചിരിയ്ക്കും.” ശ്രീരാമന്‍ തുടര്‍ന്നു.
“രാജനീതിപ്രകാരമുള്ള നിയമപഠനം പൂര്‍ത്തിയാക്കിവര്‍ക്ക് നീതിനിര്‍വ്വഹണ സംവിധാനത്തില്‍ പ്രജകള്‍ക്ക് നീതി ലഭിയ്ക്കുന്നതിന് വേണ്ടി വ്യവഹാരങ്ങള്‍ ഏറ്റെടുത്ത് വാദിയ്ക്കാവുന്നതും പ്രതിഫലം ഭരണാധികാരി നല്‍കുന്നതുമാണ്. സാമ്പത്തിക പ്രയസങ്ങളാല്‍ നീതി ലഭിയ്ക്കുന്നതിന് തടസ്സമുണ്ടാകരുത്. നീതിനിര്‍വ്വഹണ സംവിധാനം സര്‍വ്വദാ സ്വതന്ത്രമായിരിയ്ക്കണം. യാതൊരുവിധ സ്വാധീനങ്ങളും ബന്ധങ്ങളും നീതിനിര്‍വ്വഹണ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിയ്ക്കുവാന്‍ പാടില്ലാത്തതിനാല്‍ അത്തരം സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവരെ പ്രവര്‍ത്തന കാലാവധിയ്ക്ക് ശേഷമോ തല്‍സ്ഥിതിയില്‍ തുടരുമ്പോഴോ ഭരണ നിര്‍വ്വഹണത്തിന്റെ യാതൊരു സ്ഥാനങ്ങളിലേയ്ക്കും നിയമിയ്ക്കുവാന്‍ പാടില്ല. യാതൊരു കാരണവശാലും രാജാവിന്റേയും മറ്റ് ഭരണനിര്‍വ്വഹണ അധികാരത്തിലുള്ളവരുടേയും സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും നീതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടരുത്.”
“സ്‌നേഹത്തിലേയ്ക്കല്ല, സ്ഥാനത്തിലേക്കാകുന്നു കേന്ദ്രീകരിക്കേണ്ടത്. സ്‌നേഹത്താല്‍ മമതയും തിരികെ ലഭിക്കണമെന്ന പ്രതീക്ഷയും എന്റേതെന്ന ബന്ധനവും തന്മൂലമുള്ള ദു:ഖവുമാണുണ്ടാവുക. സ്ഥാനത്താല്‍ കര്‍ത്തവ്യനിര്‍വ്വഹണവും സ്വയം വ്യക്തതയും സ്വാതന്ത്ര്യവും സദുദ്ദേശ്യവും തിരികെ പ്രതീക്ഷിക്കാതിരിക്കലുമാണുണ്ടാവുക. സ്വയം വ്യക്തതയും സ്വാതന്ത്ര്യവും മുക്തിയുമാണ് ഉദ്ദേശ്യമെങ്കില്‍ സ്ഥാനപ്രകാരം ചെയ്യുന്നു എന്നതാണ് ഉത്തമം, സ്‌നേഹത്താലെന്നല്ല. അതാത് സ്ഥാനത്തിന് അധികാരമുണ്ടെങ്കില്‍ മാത്രമേ ഏതൊന്നിനും അര്‍ഹതയുള്ളൂ. സ്ഥാനപ്രകാരം ചെയ്യേണ്ടത് ചെയുകയാണ് എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ ഞാന്‍, എന്റേത്, എനിയ്ക്ക് എന്നീ മമതാപാശങ്ങളില്‍പ്പെട്ടുഴലാതെ കര്‍ത്തവ്യമാണ് ചെയ്യുന്നതെന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്നും വ്യക്തമായി സമാധാനമുണ്ടാകും.”
മഹാരാജാ ശ്രീരാമന്റെ ഭരണപരിഷ്‌ക്കാരങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത വിവര ണം സന്നിഹിതരായവര്‍ക്കെല്ലാം പുത്തന്‍ അനുഭവമായി.
ശ്രീരാമന്‍ തുടര്‍ന്നു –
“സപ്തമാവതാരദൗത്യം ഭരണാധികാരി അഥവാ രാജാവ് എന്ന സുപ്രധാന ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചു. രാഷ്ട്രം, ലോകം, പ്രപഞ്ചം, ബ്രഹ്മാണ്ഡം എന്നീ ഘടനകളിലാണ് അവതാരദൗത്യം നടപ്പാക്കുക. വ്യക്തി, കുടുംബം, സമൂഹം എന്നീ ഘടനകളിലല്ല. ബ്രഹ്മദേവ – ശിവദേവ – വിഷ്ണുദേവ തീരുമാനപ്രകാരം മാത്രം എല്ലാം നടപ്പാകുന്നു.”
“ക്ഷേമരാഷ്ട്രം എങ്ങനെ ഒരു രാജ്യത്ത് പൂര്‍ണ്ണ തോതില്‍ നടപ്പാക്കുമെന്നത് സംബന്ധിച്ച് അവ നടപ്പാക്കുമ്പോള്‍ മാത്രം അറിയ്ക്കേണ്ടതായ സുപ്രധാന കാര്യങ്ങള്‍ അതാത് സമയത്ത് പ്രാവര്‍ത്തികമാക്കുമ്പോള്‍ മാത്രം വെളിപ്പെടുത്തുന്നതാണ്.” സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍ അറിയിച്ചു.
“പ്രായോഗികവും യുക്തിക്ക് നിരക്കുന്നതും പൂര്‍ണ്ണമായും പ്രജാക്ഷേമത്തിനുവേണ്ടിയുമുള്ള ക്ഷേമാധിഷ്ഠിത ഭരണം നടപ്പാക്കി ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാദ്ധ്യയനം, ചികിത്സ മുതലായവയെല്ലാം സൗജന്യമായി പദ്ധതി അധിഷ്ഠിതരീതിയില്‍ പ്രജകള്‍ക്ക് ലഭ്യമാക്കുന്നതായിരിക്കും. രാജ്യത്തെ ഓരോ പ്രദേശത്തേയും പ്രജകള്‍ക്ക് അവരുടെ ആവശ്യതകള്‍ നടപ്പാക്കികിട്ടുന്നതിനുള്ള തീരുമാനങ്ങള്‍ പദ്ധതി അടിസ്ഥാനത്തില്‍ അതിശീഘ്രം പൂര്‍ത്തിയാക്കും. പാര്‍പ്പിടങ്ങള്‍, ചികിത്സാലയങ്ങള്‍, വിദ്യാദ്ധ്യയന കേന്ദ്രങ്ങള്‍ മുതലായ പ്രജകളുടെ ആവശ്യകതകള്‍ക്ക് പൊതുവായി സാമ്യതകളുണ്ട്. അവയെല്ലാം എല്ലാ പ്രജകള്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ എല്ലാ പ്രദേശങ്ങളിലും നടപ്പാക്കും.” ശ്രീരാമന്‍ ഭരണപരിഷ്‌ക്കാരങ്ങളെക്കുറിച്ച് വിശദീകരിച്ചു.
“ക്ഷേമാധിഷ്ഠിത ഭരണത്താല്‍ ദാരിദ്ര്യ ശമനമുണ്ടായാലും ഈശ്വരനിശ്ചയപ്രകാരം ഒരാള്‍ പട്ടിണികിടക്കണമെന്നാണെങ്കില്‍ തീര്‍ച്ചയായും എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് വിശപ്പിന്റെ അസഹ്യത അനുഭവിക്കേണ്ടിവരും. പക്ഷേ അത് ദാരിദ്ര്യമല്ല. ആ വ്യക്തി ആ സന്ദര്‍ഭത്തില്‍ അത് സഹിക്കേണ്ടതുണ്ടാകും. ജീവനെ സംബന്ധിച്ച് അങ്ങനെ സംഭവിക്കുന്നതിന് പൂര്‍വ്വജന്മകര്‍മ്മങ്ങള്‍ ഉള്‍പ്പെടെ സൂക്ഷ്മമായ അനവധി കാരണങ്ങള്‍ ഉണ്ടായിരിക്കും. ഈശ്വര നിശ്ചയമാണത്. അതേവിധത്തില്‍ എന്തൊക്കെയുണ്ടെങ്കിലും ഈശ്വരനിശ്ചയപ്രകാരം സംഭവിക്കാനുള്ളത് യാതൊരു മാറ്റവുംകൂടാതെ സംഭവിയ്ക്കും. അത് മറികടക്കുവാന്‍ ആര്‍ക്കും കഴിയില്ല. എല്ലാം ഈശ്വരനിശ്ചയത്തിന് വിധേയമാകുന്നു.” ശ്രീരാമന്‍ തുടര്‍ന്നു.
“എല്ലാം ആകുന്നത് പരബ്രഹ്മം എന്ന പദത്താല്‍ ഉദ്ദേശിയ്ക്കുന്നു. ജീവിവര്‍ഗ്ഗങ്ങളായും ഇരുട്ടായും വെളിച്ചമായും നന്മയായും തിന്മയായും പ്രപഞ്ചമായും അണ്ഡകടാഹമായും എതോന്നാണോ നിലകൊള്ളുന്നത് ആയത് പരബ്രഹ്മം എന്ന പദത്താല്‍ വ്യക്തമാക്കുന്നു. അദൃശ്യത്തെ പ്രസ്തുത പദത്താല്‍ വ്യക്തമാകുന്നത് പോലെ പരബ്രഹ്മം എന്ന പദത്താല്‍ യാതൊന്നാണോ എല്ലാം ആകുന്നത് ആയത് വ്യക്തമാകുന്നു. ബോധത്തിന് ഉള്‍ക്കൊള്ളുവാന്‍ ഭാഷയും അതിലെ പദങ്ങളും അനിവാര്യമായതിനാല്‍ അവ്യക്തതയില്‍ നിര്‍ത്തുന്നതിന് പകരം വ്യക്തതക്ക് പരബ്രഹ്മം എന്ന പദത്തെ ഉപയോഗിയ്ക്കുന്നുവെന്ന് മാത്രം. ഭിന്നമല്ലാതെ, എല്ലാം ആകുന്നതിനാല്‍ പരബ്രഹ്മത്തിലേയ്ക്ക് ആരാധന ആവശ്യമില്ല. കാരണം പരബ്രഹ്മമല്ലാതെ മറ്റൊന്നില്ല. പരബ്രഹ്മം സ്വയം ഭിന്നം എന്ന തലത്തില്‍ സൃഷ്ടിയായി നിലകൊള്ളുമ്പോള്‍ അതാത് സ്ഥാനപ്രകാരം വിവിധ അധികാരങ്ങളിലൂടെ നിര്‍വ്വഹണങ്ങള്‍ പൂര്‍ത്തിയാക്കുന്നു. അതുകൊണ്ടാണ് ജ്യോതിര്‍മണ്ഡലങ്ങളില്‍ പ്രകാശസ്വരൂപത്തില്‍ നിലകൊള്ളുന്ന ഉപരിവര്‍ഗ്ഗ മായ ദേവവര്‍ഗ്ഗത്തോട് പ്രാര്‍ത്ഥിയ്ക്കുന്നത്. ദേവവര്‍ഗ്ഗത്തിന് ഈ ഭൂമിയില്‍ നിന്നും യാതൊന്നും ആവശ്യമില്ല. ഭക്തിപോലും ഭക്തരുടെ ആവശ്യമാകുന്നു. കരുതല്‍ ധനത്തോടോപ്പം ആരാധനാലത്തിന്റെ അഥവാ ക്ഷേത്രത്തിന്റെ നടത്തിപ്പിന് വേണ്ടതായ ചെലവുകള്‍ക്ക് മാത്രം ഭക്തര്‍ക്ക് നാണയങ്ങളായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിയ്ക്കാം. പുഷ്പങ്ങളോ ദ്രവ്യങ്ങളോ പദാര്‍ഥങ്ങളോ പാനീയങ്ങളോ ആഹാരവസ്തുക്കളോ ഉള്‍പ്പെടെയുള്ള യാതൊന്നും പ്രാര്‍ത്ഥനകളായി അര്‍പ്പിയ്ക്കരുത്. പഞ്ചഭൂതാത്മക മനുഷ്യ സമാന ദേഹമായോ ഈ ഭൂമിയിലെ മറ്റ് ജീവി വര്‍ഗ്ഗങ്ങളുടെ രൂപ ഘടനയിലോ ജീവിതരീതിയിലോ ദേവവര്‍ഗ്ഗത്തെ സങ്കല്‍പ്പിയ്ക്കരുത്.” ശ്രീരാമന്‍ തുടര്‍ന്നു.
“അതിനാല്‍ പുതിയ അവകാശവാദങ്ങളല്ല നാം ഉന്നയിക്കുന്നത്. പ്രജാക്ഷേമം നടപ്പാക്കുന്നതിനുള്ള ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തിന്റെ സര്‍വ്വാധികാര സ്ഥാനമാണ് രാജാവ്. ദേവങ്കല്‍നിന്നും പ്രജാക്ഷേമത്തിനായി അനുവദിയ്ക്കുവാന്‍ ഉദ്ദേശിച്ച നല്ല കാര്യങ്ങളെ മുടക്കംകൂടാതെ ലഭിക്കുന്നതിന് രാജാവ് എന്ന സ്ഥാനത്തുള്ള വ്യക്തി വളരേയധികം ശ്രദ്ധിക്കേണ്ടതുണ്ട്. യാതൊരുവി ധ മമതയും വിരോധവും ആരോടും ഉണ്ടാവരുത്. സ്വതന്ത്രമായി മാത്രം രാജാവ് ഭരണനിര്‍വ്വഹണത്തിന് തെയ്യാറാകണം. യാതൊന്നിനോടും വിധേയത്വമുണ്ടാകരുത്. എങ്കില്‍ മാത്രമേ ദേവങ്കല്‍നിന്നും പ്രജകള്‍ക്കുവേണ്ടി അനുവദിച്ചത് അവര്‍ക്ക് തന്നെ ലഭിക്കുകയുള്ളൂ.”
“നാം പുതിയതായി യാതൊന്നും ചെയ്യുന്നില്ല. എന്തെല്ലാം നാം ചെയ്യണമെന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ മുമ്പേ തീരുമാനിച്ചിട്ടുണ്ടോ അത് മാത്രമേ നമുക്ക് സാധിക്കൂ. യാതൊന്നും നമ്മുടെ തീരുമാനമല്ല. എല്ലാം ബ്രഹ്മദേവന്റേയും സര്‍വ്വാധികാരി പരമഗുരു ശിവദേവന്റേയും സംരക്ഷണാധികാരി വിഷ്ണുദേവന്റേയും തീരുമാനങ്ങളാകുന്നു. അത് അറിഞ്ഞ് നടപ്പാക്കുക എന്ന ദൗത്യം മാത്രമാണ് നമ്മുടേത്. ജ്യോതിര്‍മണ്ഡല ബ്രഹ്മലോക-ശിവലോക-വിഷ്ണുലോക പ്രകാശ സ്വരൂപ സമുന്നത സ്ഥാനാധികാര ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ ദേവവര്‍ഗ്ഗത്തെ മാത്രം ആരാധിയ്ക്കുക. ദേവവര്‍ഗ്ഗത്തിന്റെ യഥാര്‍ത്ഥ ചിത്രം ഈ ഭൂമിയിലേയ്ക്ക് അനുവദിയ്ക്കാത്തതിനാല്‍ പഞ്ചഭൂതാത്മക മനുഷ്യരൂപങ്ങളും മറ്റ് ജീവിവര്‍ഗ്ഗങ്ങളുമായും ദേവവര്‍ഗ്ഗത്തെ സങ്കല്‍പ്പിച്ച് നിന്ദിയ്ക്കാതിരിയ്ക്കുക. പരിമിത അറിവും സ്ഥാനാധികാരങ്ങളുമുള്ള വ്യക്തികളേയും അഥവാ മനുഷ്യരേയും ഈ ഭൂമിയിലെ മറ്റ് ജീവിവര്‍ഗ്ഗങ്ങളേയും പ്രകൃതി പ്രതിഭാസങ്ങളേയും ആദരിക്കാം, ബഹുമാനിക്കാം; ആരാധിയ്ക്കാതിരിയ്ക്കുക. മനുഷ്യരെ അറിഞ്ഞ് ഉപദ്രവമില്ലാത്ത രീതിയില്‍ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തുകയാണ് നല്ലത്. നിന്ദിയ്ക്കാതിരിക്കല്‍ യഥാര്‍ത്ഥ വന്ദിയ്ക്കല്‍.”
ഒരു രാജാവ് എങ്ങനെയായാല്‍ മാത്രം പ്രജകള്‍ക്ക് സദ്ഭരണം ലഭ്യമാകും എന്ന കാതലായ ഭാഗം സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍ അറിയിച്ചപ്പോള്‍ സഭാംഗങ്ങളും പ്രജകളും അത്യധികം സന്തോഷിച്ചു. ഒരു നല്ല നാളേയുടെ പ്രതീക്ഷകള്‍ അവരെ സ്വാഗതം ചെയ്തു.
ശ്രീരാമന്‍ തുടര്‍ന്നു –
“എല്ലാ പ്രദേശങ്ങളും നഗരാസൂത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. ഗ്രാമപ്രദേശങ്ങളും നഗരങ്ങളായി വികസിപ്പിയ്ക്കും. മാലിന്യ സംസ്ക്കരണത്തോടൊപ്പം വൃത്തിയും പരിസരശുചീകരണവും എപ്പോഴും ശ്രദ്ധിയ്ക്കേണ്ടതാകുന്നു. ഭക്ഷ്യ സുരക്ഷയും സ്വയംപര്യാപ്തതയും സുപ്രധാനമാകുന്നു. കയറ്റുമതി പ്രോത്സാഹിപ്പിയ്ക്കുന്നതോടൊപ്പം, സാധിയ്ക്കുന്നിടത്തോളം ഇറക്കുമതി കുറയ്ക്കുക എന്നതാവണം തീരുമാനം. എല്ലാക്കാര്യങ്ങള്‍ക്കും ആവശ്യമായ എല്ലാം രാജ്യത്ത് തന്നെ ഉത്പാദിപ്പിയ്ക്കാനും നിര്‍മ്മിയ്ക്കാനും സാധിയ്ക്കുന്ന വിധത്തില്‍ തീരുമാനങ്ങള്‍ നടപ്പാക്കണം. എല്ലാവര്‍ക്കും തൊഴില്‍ നല്‍കുവാന്‍ ഇത് സഹായിയ്ക്കും. പ്രജകളോട് യാതൊരു വിവേചനവും പാടില്ല. എല്ലാം എല്ലാവരുടേയും അവകാശമായി അനുവദിയ്ക്കണം.” ശ്രീരാമന്‍ തുടര്‍ന്നു.
“നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് സാങ്കേതികമായ പരിഷ്‌ക്കരണങ്ങളോടെ കാര്യക്ഷമമാക്കണം. അയല്‍രാജ്യങ്ങളുമായി സൗഹൃദവും വ്യാപാരവാണിജ്യബന്ധങ്ങളും ക്രിയാത്മകമായി നിലനിര്‍ത്തുവാന്‍ ആവശ്യമായ എല്ലാ നടപടികളും ചെയ്യണം. വിദേശനയം ക്രിയാത്മകവും സൗഹാര്‍ദ്ദപരവുമാകണം. അയല്‍രാജ്യമായ ലങ്കയുമായി നല്ല അയല്‍ബന്ധം സ്ഥാപിക്കുന്നതിനും പരസ്പര സമ്പര്‍ക്കം മെച്ചപ്പെടുത്തുവാനുമായി ഗതാഗതമാര്‍ഗ്ഗം അത്യാവശ്യമാണ്. ശിവലോക വാസിയായ സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ അത് സാധിക്കൂ. ആദ്യമായി, ബ്രഹ്മദേവ-ശിവദേവ-വിഷ്ണുദേവ ആരാധനയ്ക്കായി ശിലയിലോ ലോഹത്തിലോ ദീര്‍ഘദണ്ഡാകൃതിയിലുള്ള പ്രതിഷ്ഠ നടത്തണം. അവിടം രാമേശ്വരം മഹാക്ഷേത്രമെന്ന പേരില്‍ പ്രസിദ്ധമാകും. അങ്ങനെ ദേവങ്കല്‍ നിന്നുമുള്ള അനുഗ്രഹത്താല്‍ ഭാരതത്തിനും ലങ്കയ്ക്കുമിടയില്‍ സമുദ്രത്തില്‍ അസാധാരണമായ ഗതാഗതമാര്‍ഗ്ഗം നിര്‍മ്മിക്കുവാന്‍ കഴിയും. കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും കൈവിടാത്ത യുവാക്കള്‍ നമ്മോടൊപ്പമുണ്ടാകണം. എങ്കില്‍ തീര്‍ച്ചയായും അനുഗ്രഹത്താല്‍ അത് സാധിക്കും.” ശ്രീരാമന്‍ തുടര്‍ന്നു.
“ഭാരതത്തിന്റെ യശസ്സ് ആദ്ധ്യാത്മികതയും പ്രജാക്ഷേമം അനുവദിക്കുന്ന ക്ഷേമാധിഷ്ഠിത ഭരണം അഥവാ ക്ഷേമരാഷ്ട്രവുമാകുന്നു. രാജാവിനാല്‍ പ്രജകള്‍ക്ക് ലഭ്യമാകുന്ന ക്ഷേമവും ഐശ്വര്യവും ലോകത്തിന് മാതൃകയായിത്തീരും. നടപ്പിലാക്കുവാനുള്ളത് സംബന്ധിച്ച സംക്ഷിപ്ത വിവരണം മാത്രമാണിത്. പ്രാവര്‍ത്തികമാക്കി തെളിയിക്കുന്നതിലാണ് മികവ്, വാഗ്ദാനത്തിലല്ല. വിവിധ രാജ്യങ്ങളായി ചിതറികിടക്കുന്ന അവസ്ഥയില്‍നിന്നും സംയോജിപ്പിച്ച് ഭാരതത്തെ ഏക രാജ്യമെന്ന ഐക്യതയില്‍ സ്ഥാപിതമാക്കുക എന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്. നാം അത് പൂര്‍ത്തിയാക്കും.” ശ്രീരാമന്‍ തുടര്‍ന്നു.
“എല്ലാവര്‍ക്കും സ്വന്തമായി ഒരിടം അനുവദിച്ചിട്ടുണ്ട്. അത് എവിടെ എങ്ങനെ എപ്പോള്‍ എന്നറിയുവാന്‍ സാധിക്കുന്നതിലാണ് ജീവിത വിജയം. ഓരോ നിമിഷത്തിലും അതുണ്ടാകും. പക്ഷേ അനുഗ്രഹംകൊണ്ട് അത് തിരിച്ചറിയുവാന്‍ സാധിക്കുമ്പോള്‍ മാത്രമേ വിജയിക്കുവാന്‍ കഴിയൂ. അതാണ് വിജയസൂത്രം.”
“ആരുടെയൊക്കെയോ ധര്‍മവിരുദ്ധമായ വാക്കുകള്‍ അനുസരിച്ച് സ്വന്തം ജീവിതം ബലിയാടാക്കുവാന്‍ ശ്രമിക്കുന്നത് ആത്മഹത്യയ്ക്ക് തുല്ല്യമാണ്. ബലഹീനനായി മറ്റുള്ളവരാല്‍ ബലിയാടാക്കപ്പെട്ട് സഹതാപം നേടുവാനുള്ള ശ്രമമല്ല ആദര്‍ശ ധീരത. ഓരോ ചുവട്‌വെപ്പുകളും കരുതലോടെ വേണം. അശ്രദ്ധയാണ് ശത്രുവിന്റെ വേഷത്തില്‍ വരിക. ഓരോ സന്ദര്‍ഭത്തേയും ധര്‍മനിഷ്ഠയില്‍ നിലകൊള്ളുന്നതിനുള്ള അവസരമായി പ്രയോജനപ്പെടുത്തി രാജനീതിപ്രകാരം ശ്രദ്ധയോടെ ധാര്‍മ്മികതയില്‍ അടിയുറച്ച് സദുദ്ദേശ്യപരമായി മാത്രം കര്‍ത്തവ്യപൂര്‍ത്തീകരണത്തിനായി ജീവിക്കണം. അതാണ് യഥാര്‍ത്ഥ ആദര്‍ശ ധീരതയും രാജ്യസ്‌നേഹവും.”
“ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു ശിവദേവനും സംരക്ഷണാധികാരി വിഷ്ണുദേവനും നമ്മുടെ പ്രണാമങ്ങള്‍!!”
ശ്രീരാമന്‍ വിധിപ്രസ്താവം പൂര്‍ത്തിയാക്കി.
********* ********* *********
മഹാരാജാ ശ്രീരാമന്‍ ഭരണനിര്‍വ്വഹണം ആരംഭിച്ചു.
അതുവരേയും ലഭ്യമല്ലാതിരുന്ന ക്ഷേമാധിഷ്ഠിത ഭരണത്തെക്കുറിച്ച് അറിഞ്ഞ് പ്രജകള്‍ ഏറെ സന്തോഷിച്ചു.
ദശരഥന്റെ ഭരണം ശരാശരി മാത്രമായിരുന്നതിനാല്‍ പ്രജാക്ഷേമം പൂര്‍ണ്ണതോതില്‍ ലഭ്യമായിരുന്നില്ല. ആത്മാര്‍ത്ഥതയും സ്വപ്നങ്ങളുംകൊണ്ട് മാത്രം സദ്ഭരണമുണ്ടാകില്ല. ധീരമായ തീരുമാനങ്ങളുണ്ടാകണം, നടപ്പാക്കുവാനായി.
സപ്തമാവതാര ഭഗവാന്‍ ശ്രീരാമനെ പ്രജകള്‍ വളരെയേറെ ബഹുമാനിച്ചു, ആദരിച്ചു, ആരാധിച്ചു. ഭയരഹിതനായി ധര്‍മനിഷ്ഠയില്‍ സ്വയം ജീവിക്കുന്ന ശ്രീരാമന്‍ എന്ന അവതാരപുരുഷന്‍ അയോദ്ധ്യാവാസികളെ അത്ഭുതപ്പെടുത്തി. രാജനീതിയെ ഇത്രമാത്രം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന ശ്രീരാമനെ സഭാവാസികള്‍ക്കെല്ലാം സ്വീകാര്യമായി.
രാജ്യതന്ത്രജ്ഞതയും യുദ്ധനിപുണതയും നിയമവിജ്ഞാനവും നീതിനിര്‍വ്വഹണത്തിലെ അതീവ ജാഗ്രതയും സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്റെ മാഹാത്മ്യം വര്‍ദ്ധിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തില്‍പ്പോലും ധര്‍മാചരണത്തില്‍ നിന്നും അല്പംപോലും വ്യതിചലിക്കാത്ത ഭഗവാന്‍ ശ്രീരാമന്റെ നിശ്ചയദാര്‍ഢ്യം ഏറെ പുകഴ്ത്തപ്പെട്ടു. സ്വന്തവും ബന്ധവും പരിഗണിക്കുന്നുണ്ടെങ്കിലും അവയിലൊന്നും സ്വയം ബന്ധിതമാകാതെ സ്വതന്ത്രമായി നീതിനിര്‍വ്വഹണത്തിന് തെയ്യാറായ വിഷ്ണുദേവന്റെ സപ്തമാവതാരമായ ശ്രീരാമന്‍ പ്രജകളുടെ കണ്ണിലുണ്ണിയായിത്തീര്‍ന്നു.
രാജനീതിയില്‍ അധിഷ്ഠിതമായി സ്ഥാനാധികാരപ്രകാരം ധാര്‍മ്മികമാണോ വ്യക്തികളുടെ ചെയ്തികളെന്ന് പരിശോധിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന സുപ്രധാനമായ അറിവാണ് ഭഗവാന്‍ ശ്രീരാമന്‍ ലോകത്തിന് നല്‍കിയത്. ദശരഥന്റേയും കൈകേയിയുടേയും മന്ഥരയുടേയും വിഷയമായി അനുഭവപ്പെടുമെങ്കിലും, ലോകത്തിന് എക്കാലവും കര്‍ത്തവ്യനിര്‍വ്വഹണം സ്ഥാനപ്രകാരം പൂര്‍ത്തിയാക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് വെളിപ്പെടുന്നതിനുള്ള പ്രചോദനവും മാതൃകയുമായി ഈ സന്ദര്‍ഭവും സംഭവവും.
രാജാവും രാജമഹിഷിയും പതിയും പത്‌നിയും പിതാവും സന്താനങ്ങളും പ്രജകളും കേവല വ്യക്തികളുമെല്ലാം രാജനീതിപ്രകാരം ധാര്‍മികമായി എങ്ങനെയായിരിക്കണം സ്വയം ശ്രദ്ധിക്കേണ്ടതെന്ന് ലോകത്തിന് വെളിപ്പെടുവാന്‍ ഈ സുന്ദരമുഹൂര്‍ത്തം അവസരമൊരുക്കി. കാലദേശ വ്യക്തിബന്ധ പരിഗണനകൂടാതെ, രാജാധികാര സ്ഥാനത്തെ ഭയപ്പെടാതെ കര്‍ത്തവ്യനിര്‍വ്വഹണവും നീതിനിഷ്ഠയും ധാര്‍മ്മികതയും രാജ്യത്തിന്റെ ശിഥിലീകരണത്തിനിട വരുത്താതെ എങ്ങനെയായിരിക്കണം സ്വയം അനുസരിക്കേണ്ടതെന്ന് സപ്തമാവതാര ശ്രീരാമന്‍ ലോകത്തിനു വ്യക്തമാക്കിക്കൊടുത്ത സുന്ദര മഹൂര്‍ത്തങ്ങളുടെ അരങ്ങേറ്റമാണ് അയോദ്ധ്യയില്‍ ഒരുങ്ങിയത്.
പ്രജാപരിപാലനം കുടംബബന്ധങ്ങളേക്കാള്‍ പ്രാധാന്യമേറിയതാണെന്ന് ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത അതിമനോഹരമായ ദൃശ്യങ്ങളാണ് അയോദ്ധ്യയുടെ രാജസഭയില്‍ അരങ്ങേറിയത്.
ശ്രീരാമന്റെ വിധിപ്രസ്താവം നീതിനിര്‍വ്വഹണ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. മമതാബന്ധനങ്ങളില്‍പ്പെട്ടുഴലാതെ കര്‍ത്തവ്യം പൂര്‍ത്തിയാക്കുന്ന ശ്രീരാമന്‍ രാജനീതിയുടെ പ്രത്യക്ഷോദാഹരണമായിത്തീര്‍ന്നു.
പ്രാപഞ്ചിക വിജ്ഞാനം എത്രതന്നെ നേടിയാലും നീതിനിര്‍വ്വഹണവും ധര്‍മനിഷ്ഠയുമില്ലെങ്കില്‍ സ്വജീവിതത്താല്‍ ഒരു വ്യക്തിക്ക് പുണ്യവും സുകൃതവും മേല്‍ഗതിയും ലഭിക്കുകയില്ലായെന്ന മഹാവിജ്ഞാനമാണ് ഭഗവാന്‍ ശ്രീരാമന്‍ ഈ സന്ദര്‍ഭത്തിലൂടെ ലോകത്തിനു പ്രദാനം ചെയ്തത്.
ലഭിക്കുന്ന ഓരോ സന്ദര്‍ഭത്തേയും അവസരമാക്കി രാജനീതിയിലും ധാര്‍മ്മികതയിലും നിലകൊണ്ട് ജീവിതം ധന്യമാക്കേണ്ടത് എങ്ങനെയെന്ന് ലോകത്തിനു വെളിപ്പെട്ട അസുലഭാവസരമാണ് അയോദ്ധ്യയിലെ രാജസഭയില്‍ ഈ സന്ദര്‍ഭത്തില്‍ ശ്രീരാമനിലൂടെ വെളിപ്പെട്ടത്.
ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു ശിവദേവനും സംരക്ഷണാധികാരി വിഷ്ണുദേവനും ലോകോപകാരാര്‍ത്ഥം ധര്‍മനിഷ്ഠയേയും നീതിനിര്‍വ്വഹണത്തേയും പ്രജകള്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തു ശ്രീരാമന്‍ എന്ന ഉത്തമപുരുഷനിലൂടെ.
ദേവഹിതത്തെ നടപ്പാക്കി മര്യാദാപുരുഷനായ ഭഗവാന്‍ ശ്രീരാമന്‍ ലോകത്തിനുമുമ്പില്‍ വിനയപൂര്‍വ്വം പ്രഥമഘട്ടത്തിലെ സ്വന്തം കര്‍ത്തവ്യം പൂര്‍ത്തിയാക്കി.
ആജ്ഞാപിക്കുവാനും അനുസരിപ്പിക്കുവാനും ശ്രമിക്കുന്നതിനു പകരം സ്വയം അനുസരിച്ചുകൊണ്ട് ഭഗവാന്‍ ശ്രീരാമന്‍ നീതിനിര്‍വ്വഹണത്തില്‍ പാലിക്കേണ്ടതായ നിതാന്ത ജാഗ്രതയെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്തു.
ആര്‍ക്കും വിധേയമാകാതേയും ആരോടും വിരോധമില്ലാതേയും സ്വതന്ത്രമായി എങ്ങനെ നീതിനിര്‍വ്വഹണം സാധ്യമാകുമെന്ന് ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത സപ്തമാവതാര ഭഗവാന്‍ ശ്രീരാമന്‍ ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ മാഹാത്മ്യവും യശസ്സും പ്രപഞ്ചമത്രയും വ്യാപിപ്പിച്ചു.
സദുദ്ദേശ്യവും സാങ്കേതിക പരിജ്ഞാനവും സ്ഥിരോത്സാഹവും കാര്യശേഷിയും തന്റേടവും ധൈര്യവും നിര്‍ഭയത്വവും സംശുദ്ധഭക്തിയും പക്വതയും ഒത്തുചേര്‍ന്നവര്‍ ഭരണനിര്‍വ്വഹണ സ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട് സാധ്യമാംവിധം പ്രജക്ഷേമം നടപ്പാക്കി ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കും പരിഹാരമുണ്ടാക്കുന്നതിനായി പരിശ്രമിച്ച് ലോകത്തിന് പ്രയോജനപ്രദമാകുന്നുവെങ്കില്‍, അത്രയെങ്കിലുമായല്ലോ എന്ന് ആശ്വസിയ്ക്കുന്നവരുണ്ടായേയ്ക്കാം. ശത്രുക്കളെ വേര്‍തിരിച്ചു നിര്‍ത്താമെങ്കിലും അവര്‍ക്ക് വളക്കൂറായ മിത്രഭാവേന ശത്രുക്കളെ തിരിച്ചറിയുകയാണ് പ്രധാനം.
മിത്രം, ശത്രു, മിത്രഭാവേന ശത്രു എന്നിവയില്‍ ആരൊക്കെ നിലകൊള്ളുമെന്ന് പ്രാരംഭത്തില്‍ തന്നെ തിരിച്ചറിയുക സുപ്രധാനം.
പ്രകാശ സ്വരൂപത്തില്‍ ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോകത്തിലും ശിവലോകത്തിലും വിഷ്ണുലോകത്തിലും നിലകൊള്ളുന്ന ദേവവര്‍ഗ്ഗത്തിന്‍റെ (ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ) യഥാര്‍ത്ഥ നിയമങ്ങളും ആരാധനാക്രമങ്ങളും അറിയുന്നതിന് കല്‍കിപുരി ക്ഷേത്രനിയമങ്ങള്‍ വായിയ്ക്കുക.