ചോദ്യം: മുജ്ജന്മ ബന്ധം ഓര്‍മ്മ വന്നാല്‍ ആരുടെ കൂടെ ജീവിയ്ക്കും? ഇപ്പോള്‍ ഉള്ള ബന്ധുക്കള്‍ നമ്മുടെ അല്ലാതെ ആവില്ലേ? ഉത്തരം: ദേവങ്കല്‍ നിന്നുമുള്ള അനുവാദമാണ് സ്വയം വ്യക്തതയ്ക്ക് അടിസ്ഥാനം. പൂര്‍വ്വജന്മമുള്ളതുപോലെ പുനര്‍ജന്മവുമുള്ളതിനാല്‍ ഇന്നലെകളെ ഓര്‍മ്മിക്കുന്ന അഥവാ നാളേകളെ അറിയുന്ന ഒരാള്‍ ഇന്നിനെ അവഗണിയ്ക്കുകയും വിസ്മരിയ്ക്കുകയും ചെയ്യില്ല. ഇന്നത്തെ നിര്‍വ്വഹണമാകുന്നു നാളത്തെ അഥവാ പുനര്‍ജന്മത്തെ തീരുമാനിയ്ക്കുന്നതിലെ ഒരു ഘടകമെന്നിരിയ്‌ക്കെ ഇന്നത്തെ അഥവാ ഈ ജന്മത്തിലെ ബന്ധങ്ങളേയും ഇന്നലകളിലെ അഥവാ പൂര്‍വ്വജന്മത്തിലെ/ജന്മങ്ങളിലെ ബന്ധങ്ങളേയും നല്ല രീതിയില്‍ കോര്‍ത്തിണക്കികൊണ്ട്‌പോകും, അമിതപ്രാധാന്യമില്ലാതെ. എല്ലാം അവസരങ്ങള്‍ മാത്രമാണ്; പ്രയത്‌നത്തിലൂടെ ശ്രേഷ്ഠതയില്‍ നിലകൊള്ളുന്നതിനുള്ള അവസരങ്ങള്‍!!
പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ എന്ന പുസ്തകത്തിലെ 154-ാം പേജില്‍ നിന്നുമുള്ള പ്രസക്തമായ ഭാഗം താഴെ കൊടുക്കുന്നു : ”ഇന്നില്‍ നിലകൊള്ളുന്ന സ്ഥാനാധികാരമുള്ളവര്‍ക്ക് പൂര്‍വ്വജന്മവും പുനര്‍ജന്മവും ഇന്നലെകളുടെയും നാളെകളുടെയും സമ്മേളിതാവസ്ഥ മാത്രമാണ്. വായിച്ചുകൊണ്ടിരിയ്ക്കുന്ന പുസ്തകത്തിലെ കഴിഞ്ഞ അദ്ധ്യായമാണ് പൂര്‍വ്വജന്മങ്ങള്‍. അടുത്ത അദ്ധ്യായങ്ങളാണ് പുനര്‍ജന്മങ്ങള്‍. ഇപ്പോള്‍ വായിച്ചുകൊണ്ടിരിയ്ക്കുന്ന അദ്ധ്യയമാണ് നിലവിലുള്ള ജന്മം. വായനകള്‍ക്കിടയിലെ ഇടവേളകള്‍ അനുയോജ്യ ദേഹ പരിതസ്ഥിതികള്‍ ലഭിയ്ക്കുന്നതിനുള്ള കാലതാമസവുമാകുന്നു. പക്ഷെ, ഒരു വ്യത്യാസം മാത്രം. ഇടവേളകളില്ലാതെ സ്വന്തം തീരുമാനപ്രകാരം പുസ്തകം എപ്പോള്‍ വേണമെങ്കിലും വായിച്ച് പൂര്‍ത്തിയാക്കാമെന്നതുപോലെ ശരീരധാരണം സ്വയം തീരുമാനപ്രകാരം സാധ്യമല്ല. സമുന്നത സ്ഥാനാധികാരമില്ലെങ്കില്‍ ആത്മാവ് തീരുമാനിക്കുന്നതിന്‍പ്രകാരം ശരീരധാരണം സാധ്യമല്ലെന്നര്‍ത്ഥം. ഊഴമെത്തുന്നതുവരേയ്ക്കും കാത്തിരുന്നേ പറ്റൂ. ഈ പ്രപഞ്ചത്തിലെ ഘടനപ്രകാരം ശരീരധാരണത്തിലൂടെ കര്‍മ്മശുദ്ധിവന്ന് ജീവന് മേല്‍ഗതി ലഭിയ്ക്കുന്നതിന് അനുകൂല ശരീര ധാരണം നിര്‍ബന്ധവുമാകുന്നു. നല്ല കുടുംബത്തില്‍ നല്ല മനുഷ്യനായി ജനിച്ച്, നല്ല മനുഷ്യനായി ജീവിച്ച്, നല്ല മനുഷ്യനായി തിരിച്ചുപോവുക – ഇതാകുന്നു അനുകൂല ശരീര ധാരണം.” – കല്‍കി